പാലക്കാട് നടന്ന വിശ്വഹിന്ദു പരിഷത് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയങ്ങള്‍
ഇന്നാട്ടിലെ ഏതൊരു പൗരനും ഉള്ളതുപോലെ ആരാധനാലയങ്ങള്‍ സ്ഥാപിക്കാനും പരിപാലിക്കുവാനുമുള്ള അവകാശം ഹിന്ദുവിനും ഉണ്ട്. എന്നാല്‍ ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ഹിന്ദുവിന്റെ ആരാധനാലയങ്ങള്‍ ഹിന്ദുവിന്റെ നിയന്ത്രണത്തിലല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്നും ഹിന്ദുവിന്റെ ആരാധനാലയങ്ങളായ ക്ഷേത്രങ്ങളും ക്ഷേത്ര ഭൂമികളും കൈവശം വച്ചുപോരുന്നത് സര്‍ക്കാര്‍ നിയമിത ദേവസ്വം ബോര്‍ഡുകളോ സര്‍ക്കാര്‍ നോമിനേറ്റഡ് ദേവസ്വങ്ങളോ ആണ്. സംസ്ഥാനത്ത് നടക്കുന്ന അഴിമതികളില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ദേവസ്വം ബോര്‍ഡുകളിലാണെന്ന് കോടതി-വിജിലന്‍സ് രേഖകള്‍ വ്യക്തമാക്കുന്നു. അതാതു കാലങ്ങളിലെ സര്‍ക്കാരുകളെ നയിക്കുന്ന രാഷ്ട്രീയകക്ഷികളുടെ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനും അങ്ങനെ ക്ഷേത്രവരുമാനവും വസ്തുവകകളും തട്ടിയെടുക്കാനുമുള്ള ശ്രമങ്ങളാണ് ദേവസ്വം ഭരണത്തില്‍ പതിറ്റാണ്ടുകളായി നടന്നു പോരുന്നത്. ക്ഷേത്രങ്ങളുടെ നിത്യനിദാന നടത്തിപ്പിനായി അതോടൊപ്പം നിലനിര്‍ത്തിയിരുന്ന ഏക്കറുകണക്കിന് ക്ഷേത്രഭൂമികള്‍ അന്യാധീനപ്പെട്ടതു നിമിത്തം പല ക്ഷേത്രങ്ങളിലെയും അടിയന്തിരചടങ്ങുകള് പോലും മുടങ്ങിപ്പോകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
ദേവസ്വം ബോര്‍ഡുകള്‍ സ്വന്തക്കാരെയും പാര്‍ട്ടിക്കാരേയും തിരുകിക്കയറ്റാനുള്ള പാര്‍ട്ടി സംവിധാനം മാത്രമായാണ് അധികാരികളും സര്‍ക്കാരും കണ്ടുപോരുന്നത്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥര്‍ക്ക് ക്ഷേത്രവിശ്വാസമോ ആചാരാനുഷ്ഠാനങ്ങളില്‍ താത്പര്യമോ ഉണ്ടായിക്കൊള്ളണമെന്നില്ല. പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ കവിയൂര്‍ മഹാദേവക്ഷേത്രത്തില്‍ പൂജ മുടങ്ങാനിടയായ സംഭവം ദേവസ്വം ജീവനക്കാരുടെ അനാസ്ഥമൂലം മാത്രമായിരുന്നു. ലോകപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന്റെ ശോഭകെടുത്താന്‍, പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നായ പൂരം എക്സിബിഷന്റെ സ്ഥലവാടക കുത്തനെ കൂട്ടി പ്രധാന നടത്തിപ്പുകാരായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളെ ബുദ്ധിമുട്ടിലാക്കിയ കൊച്ചിന് ദേവസ്വംബോര്‍ഡിന്റെ നടപടിയുടെ പിന്നിലെ അജണ്ട പകല്‍ പോലെ വ്യക്തമാണ്. വടക്കുംനാഥ ക്ഷേത്രഭൂമിയെ ഹിന്ദുവിരുദ്ധ പരിപാടികള്‍ക്കായി പല സംഘടനകള്‍ക്കും നാമമാത്ര വാടകയ്ക്ക് നല്കിയ ചരിത്രവും ഇതേ ദേവസ്വം ബോര്‍ഡിനുണ്ട്. വടക്കുംനാഥന്റെ കാലാവധി കഴിഞ്ഞ പാട്ടഭൂമി തിരിച്ചുപിടിക്കാനോ അന്യായമായി കൈവശപ്പെടുത്തിയവരില്‍ നിന്നും തിരികെ വാങ്ങിയെടുക്കാനോ ഈ ദേവസ്വംബോര്‍ഡ് എന്തുകൊണ്ടാണ് ശ്രമിക്കാത്തത് എന്ന ചോദ്യത്തിന് രാഷ്ട്രീയ താത്പര്യവും ന്യൂനപക്ഷ പ്രീണനവുമെല്ലാം കാരണമായി പറയേണ്ടിവരും. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ 25000 ഏക്കര്‍ ഭൂമിയാണ് തിരിച്ചു പിടിക്കാനുള്ളതെന്ന് ബോര്‍ഡ് പ്രസിഡന്റ് തന്നെ പറയുന്നു. യാതൊരു രേഖയുമില്ലാതെ പലവിധ രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ചും കൈക്കരുത്തിന്റെ ബലത്തിലുമെല്ലാം പലരും ദേവസ്വം ഭൂമികള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് ദേവസ്വം തന്നെ സമ്മതിക്കുമ്പോള്‍ ഈ ഭൂമിയെല്ലാം ആര് തിരിച്ചുപിടിക്കുമെന്ന ചോദ്യം അവശേഷിക്കുന്നു. മാത്രമല്ല, കോടതി ഉത്തരവുണ്ടായിട്ടുപോലും നാമമാത്രമായ ചില നടപടികളല്ലാതെ ദേവസ്വം ബോര്‍ഡ് ഒന്നും തന്നെ ഇതുവരെയും ചെയ്തിട്ടില്ല.
സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള കലാലയങ്ങളുടെ അവസ്ഥയും വളരെ ശോചനീയമാണ്. തൃശ്ശൂര്‍ കേരളവര്‍മ്മ കോളജില്‍ രാഷ്ട്രീയ ഇടപെടല്‍ മൂലം രണ്ട് വര്‍ഷത്തോളമായി പ്രിന്‍സിപ്പലിനെ നിയമിക്കുവാന്‍ പോലും സാധിച്ചിട്ടില്ല. ഗുരുവായൂരപ്പന്റെ ശ്രീകൃഷ്ണ കോളജ് ഹോസ്റ്റലില്‍ മാംസം വിളമ്പാന്‍ തുടങ്ങുകയും ആദ്യദിനം തന്നെ കഴിച്ചവര്‍ക്കെല്ലാം ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തിരിക്കുന്നു. മാനേജ്മെന്റ് സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് അദ്ധ്യാപകനിയമനത്തില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇന്ന് ഈ കോളജുകളുടെ അക്കാദമികനിലവാരം വളരെയധികം താഴ്ന്നുപോയിരിക്കുന്നു.
പെരുമ്പാവൂരിലെ പ്രസിദ്ധമായ ഇരിങ്ങോള്‍കാവില്‍ അതിന്റെ പരിശുദ്ധി നഷ്ടപ്പെടുംവിധം ആഭാസകരമായ രീതിയില്‍ സേവ് ദ ഡേറ്റ് ഷൂട്ടിംഗിന് വാടകയ്ക്കു നല്കാന് അനുമതി നല്കിയ ദേവസ്വം തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ ക്ഷേത്രഭൂമി മുസിരിസ്സിന് പണയംവെയ്ക്കാനുള്ള നീക്കം ഭക്തജനപ്രതിഷേധത്തെ തുടര്‍ന്ന് തടയപ്പെട്ടിരിക്കുകയാണ്. പാളയം സിദ്ധിവിനായക ക്ഷേത്രത്തിന്റെ രേഖയിലുള്ള 85 സെന്റ് ഭൂമി കാണാനില്ലെന്ന പരാതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൈമലര്‍ത്തുന്നു. വയനാട് പുല്‍പ്പള്ളി സീതാ ലവകുശ ക്ഷേത്രത്തിന്റെ 70 സെന്റ് ഭൂമി ബസ്സ്റ്റാന്റിന് വിട്ടുനല്‍കാനുള്ള നീക്കം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. വയനാട്ടിലെ തന്നെ പരിപാവനമായ തിരുനെല്ലി ക്ഷേത്രത്തിന്റെ പൈതൃകഭംഗിയെ അപ്പാടെ തകര്‍ക്കുന്ന രീതിയിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ ഇക്കഴിഞ്ഞ ഉത്സവത്തിന് ക്ഷേത്രസ്ഥാപനങ്ങള്‍ പച്ചപ്പെയിന്റടിച്ചും കമ്മിറ്റിയിലും പരിപാടിയിലും അന്യമതസ്ഥരെ കുത്തിക്കയറ്റിയും മതേതരത്വം കൊണ്ടാടുവാന്‍ നടത്തിയ ശ്രമങ്ങള്‍ നമ്മള് കണ്ടു. മലബാര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള വൈരങ്കോട് ഭഗവതിക്ഷേത്രത്തില്‍ ഉത്സവപരിപാടികളില്‍ അന്യ മതസ്ഥരെ തിരുകിക്കയറ്റാനുള്ള ശ്രമവും ഉണ്ടായി. പ്രസിദ്ധമായ പിഷാരികാവ് ക്ഷേത്രത്തില്‍ ഭക്തജനങ്ങളെ ഒഴിവാക്കിക്കൊണ്ട് ഉത്സവം നടത്തുവാനുള്ള ശ്രമങ്ങളുണ്ടായി.
ഗുരുവായൂരില്‍ ഒരുഭാഗത്ത് ഭക്തജനങ്ങള്‍ സൗകര്യക്കുറവുമൂലം ബുദ്ധിമുട്ടുമ്പോള്‍, ക്ഷേത്രഖജനാവിലെ ഭക്തരുടെ കാണിക്കപ്പണത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെന്ന പൊതുഖജനാവിലേക്ക് സ്വരുക്കൂട്ടുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഭക്തര്‍ ഹൃദയമുരുകി സമര്‍പ്പിക്കുന്ന നെയ്വിളക്കിന്റെ രസീതിപോലും വ്യാജനായി നിര്‍മ്മിക്കുന്നുവെന്ന വിവരമാണ് ഒടുവില്‍ പുറത്തുവരുന്നത്. ക്ഷേത്രഭരണക്കര്ത്താക്കളുടെ വിശ്വാസമില്ലായ്മയും അറിവില്ലായ്മയും മൂലം പല ചടങ്ങുകള്‍ക്കും ലോപം സംഭവിക്കുന്ന അവസ്ഥയുണ്ടാകുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ദേവമേളമെന്ന് അറിയപ്പെടുന്ന, സമയകൃത്യതയില്‍ കടുകിട തെറ്റാത്ത ആറാട്ടുപുഴ പൂരത്തിന്റെ എഴുന്നള്ളിപ്പുകള്‍ കരുതിക്കൂട്ടി വൈകിക്കുവാന്‍ ഉദ്യോഗസ്ഥതലത്തില്‍ ചില ശ്രമങ്ങളും ഈ വര്‍ഷം നടക്കുകയുണ്ടായി.
ചുരുക്കത്തില്‍, ഹിന്ദുവിന്റെ ആരാധനാലയങ്ങളായ ക്ഷേത്രങ്ങളും അനുബന്ധമായ വസ്തുവഹകളും ഹിന്ദുവിന്റെതല്ലാത്ത രീതിയിലാണ് ഇന്നുള്ളത്. 1811 ല്‍ 1128 ചെറുകിട ക്ഷേത്രങ്ങളും 348 വന്കിടക്ഷേത്രങ്ങളും ഏറ്റെടുത്തുകൊണ്ട് ഹിന്ദുവിന്റെ വിശ്വാസസംസ്കാരത്തെ തകര്‍ക്കുവാന്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന മെക്കാളെ സായിപ്പ് തുടങ്ങിവച്ച ഹിന്ദുവിദ്വേഷ നടപടിതന്നെയാണ് ഇന്നത്തെയും ജനകീയ സര്‍ക്കാരുകള്‍ തുടര്‍ന്നുപോരുന്നത്. ക്ഷേത്രഭരണം ഭക്തജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്നും മതേതര സര്‍ക്കാര്‍ മാറിനില്‍ക്കണമെന്നും 1984 ല്‍ സമര്‍പ്പിക്കപ്പെട്ട കെ.പി.ശങ്കരന് നായര്‍ കമ്മീഷന് അടക്കം വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടും മാറി മാറി വന്ന സര്‍ക്കാരുകള്‍ അതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. മാത്രമല്ല, ഹൈക്കോടതിയും സുപ്രീംകോടതിയും പോലും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ വിശ്വാസികളെയും വിശ്വാസത്തെയും പരിഹാസ്യമായി കാണുന്ന രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം കൈയിട്ടുവാരാനും സ്ഥാനലബ്ധിക്കും വേണ്ടിയുള്ളതു മാത്രമാണ് ദേവസ്വങ്ങള്‍. ആചാരാനുഷ്ഠാനങ്ങള്‍ നടക്കാതിരുന്നാലോ, നിത്യനിദാനം തന്നെ മുടങ്ങിപ്പോയാലോ അവര്‍ക്ക് ഒന്നും സംഭവിക്കാനില്ല. ക്ഷേത്രങ്ങള്‍ ആരാധാനാലയങ്ങള്‍ എന്നതിലുപരി ഹിന്ദുവിന്റെ സാംസ്കാരികവികാസത്തിനും പരിപോഷണത്തിനുമുള്ള കേന്ദ്രങ്ങള്‍ കൂടിയാണെന്ന അവസ്ഥ ഇപ്പോള്‍ തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. ചിലയാളുകളുടെ മാത്രം ക്ഷേമത്തിനുള്ള വരുമാനസ്രോതസ്സാണ് ഇന്ന് ക്ഷേത്രങ്ങള്‍. ഈ നില തുടര്‍ന്നുകൂടാ. ഏതൊരു മതവിഭാഗത്തിനും തങ്ങളുടെ ആരാധനാലയങ്ങളില്‍ ആരാധന നടത്തുവാനും സമര്‍പ്പണം നടത്തുവാനും സ്വാതന്ത്ര്യമുള്ളതുപോലെ ഹിന്ദുവിനും ഭരണഘടന വിഭാവനം ചെയ്യുന്ന ആ അവകാശം ലഭ്യമാകേണ്ടതുണ്ട്. അതില്‍ വിവിധ ദേവസ്വംബോര്‍ഡുകളുടെയും ദേവസ്വങ്ങളുടെയും കീഴിയിലുള്ള ആയിരക്കണക്കിനു വരുന്ന ക്ഷേത്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും അതാത് പ്രദേശത്തെ ഭക്തജനങ്ങള്‍ക്ക് എത്രയും വേഗം വിട്ടുനല്കുവാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിശ്വ ഹിന്ദുപരിഷത്ത് സംസ്ഥാന സമ്മേളനം ഈ പ്രമേയം വഴി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
പൊതു സിവില്‍ നിയമം നടപ്പാക്കണം
കൊളോണിയല്‍ ഭരണത്തില്‍ നിന്നും മോചനം നേടി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ഭാരതമെമ്പാടും ആഘോഷിക്കുകയാണ്. ഈ വേളയില്‍ പോലും ഒരു പൊതു വ്യക്തിനിയമം എന്ന ഉദാത്ത ആശയം പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല എന്നത് വളരെ ദുഃഖകരമാണ്. ഭാരത ഭരണഘടനാ നിര്‍മ്മാണ സഭയിലെ മഹാഭൂരിപക്ഷം നേതാക്കന്മാരും രാജ്യത്തെ പ്രമുഖ നിയമജ്ഞരും പൊതുസിവില്‍ നിയമം എന്ന ആശയത്തെ പിന്തുണച്ചവരായിരുന്നു എങ്കിലും സംഘടിത വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്ന് ഭാരതത്തിലെ രാഷ്ട്രീയ ഭരണ നേതൃത്വം നാളിതുവരെയായിട്ടും ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല. രാജ്യത്തെ പരമോന്നത കോടതിയും ഹൈക്കോടതികളും ഈ ആശയത്തെ അംഗീകരിച്ച് ധാരാളം വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരത ഭരണഘടന ഏക പൗരത്വ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. രാഷ്ട്രത്തിലെ മുഴുവന്‍ ജനങ്ങളെയും ജാതി, മത, ഭാഷാ, വര്‍ഗ്ഗ, വര്‍ണ്ണ, പ്രാദേശിക, ലിംഗ വ്യത്യാസത്തിന് അതീതമായി തുല്യ പൗരന്മാരായി പരിഗണിക്കുന്നു എന്നതാണ് നമ്മുടെ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത. ഏക പൗരത്വവും തുല്യനീതിയും മതേതരത്വവും അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിച്ച ഒരു ഭരണഘടനാ സംവിധാനത്തിനു കീഴില്‍ പൗരന്മാര്ക്കെല്ലാം ബാധകമായ ഒരു പൊതു സിവില്‍ നിയമ വ്യവസ്ഥ തീര്‍ത്തും അനിവാര്യമാണ്. പ്രാചീന ഗോത്ര മതസങ്കല്പങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത നിയമങ്ങള്‍ അധീശ സ്ഥാനത്ത് നിലനില്‍ക്കുന്ന കാലത്തോളം തുല്യനീതി, മതേതരത്വം എന്നീ ലക്ഷ്യങ്ങള്‍ കേവലം ഒരു വിദൂര സ്വപ്നം മാത്രമായിരിക്കും.
മുസ്ലിം വ്യക്തിനിയമം (ശരിയത്ത്) ദൈവികമാണെന്നും അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലായെന്നുമുള്ള മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെയും ചില രാഷ്ട്രീയ ശക്തികളുടെയും വാദമുഖങ്ങള്‍ ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ല. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, അനന്തര സ്വത്താവകാശം ഇവയൊന്നും തന്നെ ദൈവദത്ത -മത നടപടിക്രമങ്ങള്‍ അല്ലാത്തതും തീര്‍ത്തും മതേതര വിഷയങ്ങളുടെ ഭാഗവുമാണ്. പൊതു സിവില്‍ കോഡ് പ്രാബല്യത്തില്‍ വന്നാല്‍ അനന്തര സ്വത്ത് കൈമാറ്റത്തില്‍ സ്ത്രീകളോടുള്ള അവഗണന, ഏകപക്ഷീയ വിവാഹമോചനം, ബഹുഭാര്യാത്വം, ശൈശവ വിവാഹം തുടങ്ങിയവ നിയമവിരുദ്ധമാകും എന്നു മനസ്സിലാക്കി, അതില്‍ കൂടി ഉണ്ടാകാന്‍ പോകുന്ന നിയമ പ്രശ്നങ്ങളും ശിക്ഷണ നടപടികളുമാണ് പൊതു സിവില്‍ കോഡ് വിരുദ്ധരുടെ പേടി. തീര്‍ത്തും ലിംഗനീതി നിഷേധവും ഭരണഘടനാ വിരുദ്ധമായ വ്യത്യസ്ത വ്യക്തി നിയമങ്ങള്‍ ആധുനിക സമൂഹത്തില്‍ ഉണ്ടാക്കുന്ന വിവേചനവും നീതി നിഷേധവും ഉടന്‍തന്നെ അവസാനിപ്പിക്കേണ്ടതാകുന്നു. ഒരു പൊതു വ്യക്തി നിയമം പ്രാബല്യത്തില്‍ വരുന്നതോടുകൂടി ഹിന്ദു കുടുംബ നിയമം, മുസ്ലിം പേഴ്സണല്‍ നിയമം, ക്രിസ്ത്യന്‍ പേഴ്സണല്‍ നിയമം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ രാജ്യത്ത് ഇല്ലാതാവുകയും അതില്കൂടി ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന തുല്യനീതി മതേതരത്വം എന്നീ സങ്കല്‍പ്പങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുകയും ചെയ്യും.
അത്തരത്തില്‍ ഒരു പൊതു വ്യക്തി നിയമത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ദുരിതവും തര്‍ക്കങ്ങളും വ്യവഹാരങ്ങളും മനസ്സിലാക്കാതെ തീര്‍ത്തും വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുന്ന മതേതര വാദികള്‍ എന്ന് പറയുന്ന ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പൂര്‍ണമായും അവഗണിച്ച് ആധുനിക സമൂഹത്തിന് അനുയോജ്യമായ രീതിയിലുള്ള ഒരു ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ അടിയന്തര നിയമനിര്‍മാണം നടത്തണം. പൊതു സിവില്‍ കോഡ് എന്ന ആശയത്തെ എതിര്‍ക്കുന്നത് ഭരണഘടനയുടെ അന്തസത്തയോടുള്ള വെല്ലുവിളിയും അനാദരവുമാണ്. ഭരണഘടനയുടെ നിര്‍മ്മാതാക്കളായ മഹത്തുക്കളുടെ അഭിലാഷങ്ങളെ പൂര്‍ത്തീകരിക്കാനും അതുവഴി ദേശീയ ഐക്യത്തിന്റെ മാനബിന്ദുക്കള്‍ പൂര്ണ്ണമാക്കാനും പൊതു സിവില്‍ കോഡ് നിര്‍മ്മാണം അത്യന്താപേക്ഷിതമാണ്. രാജ്യത്തിന് പൊതുവായി വേണ്ട ഒരു വ്യക്തി നിയമം അടിയന്തരമായി നിയമനിര്‍മ്മാണം വഴി നടപ്പിലാക്കണമെന്ന് വിശ്വഹിന്ദു പക്ഷത്തിന്റെ കേരള സംസ്ഥാന വാര്‍ഷിക യോഗം കേന്ദ്ര സര്‍ക്കാരിനോട് ഈ പ്രമേയം വഴി ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: