സിക്കാര്‍: കോണ്‍ഗ്രസിനും ഐഎന്‍ഡിഐഎ എന്ന യുപിഎയുടെ പുതിയ പേരിനും അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ അഴിമതികള്‍ക്കും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ സിക്കാറില്‍ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം യുപിഎ എന്ന പേര് മാറ്റി ‘ഇന്ത്യ’ എന്നാക്കിയത് ഭീകരവാദത്തിന് മുന്നില്‍ കീഴടങ്ങിയതിന്റെ കറ മായ്ക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. ദിശാബോധില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഭീകരതയ്ക്ക് മുന്നില്‍ കിഴടങ്ങിയതിന്റെ കറ മറയ്ക്കാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും തട്ടിപ്പ് പ്രസ്ഥാനങ്ങളെ പോലെ പേര് മാറ്റുകയാണ്. കോണ്‍ഗ്രസിന്റെ വഴികള്‍ രാജ്യദ്രോഹികളുടേതാണ്. രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല, രാജ്യത്തെ കൊള്ളയടിക്കാനാണ് അവര്‍ക്ക് ‘ഇന്ത്യ’ എന്ന പേര്.
യുപിഎയുടെ മുന്‍കാല പ്രവൃത്തികളെ മറയ്ക്കാനാണ് ‘ഇന്ത്യ’ എന്ന പേര് അവര്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ കുറിച്ച് അവര്‍ക്ക് ശരിക്കും കരുതലുണ്ടെങ്കില്‍ അവര്‍ വിദേശികളോട് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ ആവശ്യപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു.
‘ഇന്ത്യ എന്നാല്‍ ഇന്ദിര’ എന്നും ‘ഇന്ദിര എന്നാല്‍ ഇന്ത്യ’ എന്നും അവര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. അന്ന് അവരെ ജനങ്ങള്‍ വേരോടെ പിഴുതെറിഞ്ഞു. ഇപ്പോള്‍ അവര്‍ പുതിയ മുദ്രാവാക്യവുമായി എത്തി. ‘യുപിഎ എന്നാല്‍ ‘ഇന്ത്യ’ എന്നും ‘ഇന്ത്യ’ എന്നാല്‍ യുപിഎ’ എന്നുമാണ് അവര്‍ പറയുന്നത്. ജനങ്ങളും അന്ന് ചെയ്തത് തന്നെ ചെയ്യും. ഇവരെ വേരോടെ പിഴുതെറിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജസ്ഥാനില്‍ ഒരു മന്ത്രിയെ അവര്‍ പുറത്താക്കി. അദ്ദേഹത്തിന്റെ കൈയില്‍ ഒരു ചുവപ്പ് ഡയറി ഉണ്ടായിരുന്നു. ഈ ഡയറിയെപ്പറ്റി കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. അത് പാര്‍ട്ടിയുടെ അഴിമതികള്‍ പുറത്തു കൊണ്ടുവരും. അദ്ദേഹം പറഞ്ഞു.
വിവാദമുണ്ടാക്കാന്‍ ശ്രമം; പങ്കെടുക്കില്ലെന്ന് ഗഹ്ലോട്ട് അറിയിച്ചിരുന്നു: മോദി
ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാന് സന്ദര്‍ശനത്തില്‍ തന്നെ ഒഴിവാക്കിയെന്നാരോപിച്ച് വിവാദമുണ്ടാക്കാനുള്ള മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ശ്രമം പൊളിഞ്ഞു. ക്ഷണിച്ചിട്ടും പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് ഗെഹ്േലാട്ട് തന്നെയാണ് അറിയിച്ചതെന്ന് മോദി
ട്വിറ്ററില്‍ കുറിച്ചു. മോദിയുടെകുറിപ്പ് ഇങ്ങനെ: ‘ശ്രീ അശോക് ഗെഹ്ലോട്ട്ജി, പ്രോട്ടോക്കോള്‍ അനുസരിച്ച്, താങ്കളെ യഥാവിധി ക്ഷണിക്കുകയും പ്രസംഗം ഉള്‍പ്പെടുത്തുകയും ചെയ്തു. പക്ഷേ, പങ്കെടുക്കാന്‍ കഴിയില്ലെന്ന് താങ്കളുടെ ഓഫീസ് അറിയിച്ചു. മുന്‍ സന്ദര്‍ശനങ്ങളിലും താങ്കളെ എല്ലായ്പ്പോഴും ക്ഷണിച്ചിട്ടുണ്ട്, സാന്നിധ്യം കൊണ്ട് ആ പരിപാടികള്‍ താങ്കള്‍ അനുഗ്രഹിച്ചിട്ടുമുണ്ട്. ഇന്നത്തെ പരിപാടിയില്‍ പങ്കുചേരാന്‍ താങ്കളെ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ഫലകത്തിലും താങ്കളുടെ പേരുണ്ട്. അടുത്തിടെയുണ്ടായ പരിക്ക് കാരണം എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെങ്കില്‍, താങ്കളുടെ സാന്നിധ്യം വളരെ വിലമതിക്കപ്പെടും.’ തന്നെയും തന്റെ പ്രസംഗവും ഒഴിവാക്കിയെന്നാരോപിച്ച് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തതിനു മറുപടിയായിട്ടാണ് മോദിയുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: