ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയമുയര്‍ത്തി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നലെയും പ്രതിപക്ഷ ബഹളം. കറുപ്പ് വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ ഇന്നലെ സഭയില്‍ എത്തിയത്. പ്ലക്കാഡുയര്‍ത്തി ഇരുസഭകളുടേയും നടുത്തളത്തിലിറങ്ങി സഭാനടപടികള്‍ തടസ്സപ്പെടുത്താനായിരുന്നു പ്രതിപക്ഷ നീക്കം.
കറുത്തവസ്ത്രം ധരിച്ചവര്‍ക്ക് രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ശക്തി മനസ്സിലാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ പറഞ്ഞു. അവരുടെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും കറുപ്പാണെന്നും അദ്ദേഹം തുറന്നടിച്ചു. 2018ല്‍ ചെയ്ത അതേ നാടകമാണ് പ്രതിപക്ഷം ഇപ്പോള്‍ ആവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അന്നും അവിശ്വാസ പ്രമേയം കൊണ്ടുവരികയും കറുത്ത വസ്ത്രം ധരിച്ച് പാര്‍ലമെന്റില്‍ എത്തുകയുമായിരുന്നു പ്രതിപക്ഷം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യസഭയില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ പ്രസംഗത്തിനിടയിലും പ്രതിപക്ഷം ബഹളംവെച്ചു. ലോക്സഭയില്‍ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമം നടത്തി. പ്ലക്കാര്‍ഡുകളുമായി നടുത്തളത്തില്‍ പ്രതിഷേധിച്ച എംപിമാരെ സ്പീക്കര്‍ ഓം ബിര്‍ള ശാസിച്ചു. ഇത്തരം പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടയിലും നടപടികള്‍ പൂര്‍ത്തിയാക്കി സഭപിരിഞ്ഞു. ദല്‍ഹി ഓര്‍ഡിനന്‍സ് ബില്ലിനെ രാജ്യസഭയില്‍ പിന്തുണയ്‌ക്കുമെന്നും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ എതിര്‍ക്കുമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് അറിയിച്ചു.
രാജ്യസഭയില്‍ സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബില്‍ പാസാക്കി. ലോക്‌സഭയില്‍ കടല്‍ത്തീര ധാതു നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചു. കേന്ദ്ര പാര്‍ലമെന്ററി കാര്യ, കല്‍ക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ബില്‍ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: