ന്യൂദല്‍ഹി: എന്‍ഫോഴ്സ്മന്റ് ഡയറക്ടര്‍ സ്ഥാനത്ത് എസ്കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടി നല്കി.കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ് കാലാവധി വീണ്ടും നീട്ടുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇനി വീണ്ടും കാലാവധി നീട്ടി നല്‍കില്ലെന്നും കോടതി വ്യക്തമാക്കി. എഫ് എ ടി എഫ് റിവ്യൂ കണക്കിലെടുത്താണ് ഇപ്പോള്‍ സുപ്രീം കോടതി മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയത്. സെപ്തംബര്‍ 15 ന് എസ് കെ മിശ്ര സ്ഥാനമൊഴിയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
എസ്കെ മിശ്രയെ ഇ ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സുപ്രീം കോടതി വിധിച്ചത് ഈ മാസം 11നാണ് . ജൂലൈ 31 വരെയായിരുന്നു അദ്ദേഹത്തിന് സുപ്രീം കോടതി വിധി പ്രകാരം സ്ഥാനത്ത് തുടരാനാവുക.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് അന്തര്‍ദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എസ്കെ മിശ്ര സ്ഥാനത്ത് തുടരേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് രണ്ടാഴ്ച കൂടി എസ്കെ മിശ്രയ്ക്ക് സ്ഥാനത്ത് തുടരാന്‍ അനുവാദം നല്‍കിയത്.
എസ്കെ മിശ്രയെ 2018 ലാണ് ഇഡി ഡയറക്ടറായി ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്തംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി നല്കി. ഇതിനെതിരെ പരാതികള്‍ കോടതിയിലെത്തിയപ്പോള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് ആക്ട് ഭേദഗതി ചെയ്ത് കാലാവധി അഞ്ച് വര്‍ഷത്തേക്ക് നീട്ടി. ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചു. എന്നാല്‍ സുപ്രീം കോടതിയില്‍ കേസെത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം കോടതിയില്‍ നിന്ന് നേരിടേണ്ടി വന്നു. കൂടാതെ എസ്കെ മിശ്രയ്ക്ക് പുറത്തേക്ക് വഴിയും തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എസ്കെ മിശ്രയ്ക്ക് വേണ്ടി വീണ്ടും കോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: