തൃശൂര്‍: ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സ്വകാര്യ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ നഴ്സുമാരെ കയ്യേറ്റം ചെയ്തതായി പരാതി. ഏഴുമാസം ഗര്‍ഭിണിക്കടക്കം മര്‍ദ്ദനമേറ്റെന്നാണ് പരാതി ഉയര്‍ന്നത്.
ആറു നഴ്സുമാരെയാണ് കയ്യേറ്റം ചെയ്തത്. കൈപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരായ അശ്വതി, ശ്രുതി, ജിജി, മഞ്ജു, ലക്ഷ്മി, സംഗീത എന്നിവരെ ആക്രമിച്ചെന്നാണു പരാതി. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ആശുപത്രി എംഡി ഡോ. വി.ആര്. അലോകിനെതിരെ ഇവര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്കി.വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. നഴ്സുമാരുടെ സംഘടന യുഎന്‍എയില്‍ അംഗത്വമെടുത്തതിന് പിന്നാലെ ആറ് നഴ്സുമാരെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ടു. തുടര്‍ന്ന് നഴ്സുമാര്‍ പ്രതിഷേധം തുടങ്ങിയതോടെ ലേബര്‍ ഓഫിസര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. എന്നാല്‍, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്ന് ഡോ. വി.ആര്. അലോക് നിലപാടെടുത്തതോടെ ചര്‍ച്ച അലസി. ഇതിനിടെ എം ഡി അക്രമാസക്തനാവുകയായിരുന്നു.
ഈ ആശുപത്രിയില്‍ 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത് എന്നാണ് നഴ്സുമാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: