ഡോ.കൂമുള്ളി ശിവരാമന്
വനയാത്രാ മുഹൂര്‍ത്തത്തില്‍ സുമിത്ര ലക്ഷ്മണനെ ആശ്ലേഷിച്ചു കൊണ്ടു പറയുന്ന വാക്കുകള്‍ ഭാരതീയമായ ഗൃഹസ്ഥാശ്രമ സങ്കല്പത്തിനും സദാചാര നിഷ്ഠാപാലനത്തിനും ധാര്‍മ്മികമൂല്യപരിരക്ഷണത്തിനും അഗ്നിസ്രോതസ്സായി ഭവിക്കുന്നു.
‘അഗ്രജന് തന്നെ പരിചരിച്ചെപ്പോഴു –
മഗ്രേ നടന്നു കൊള്ളേണം പിരിയാതെ
രാമനെ നിത്യം ദശരഥനെന്നുള്ളി –
ലാമോദത്തോടു നിരൂപിച്ചു കൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെ അയോധ്യയെന്നോര്ത്തീടടവിയെ’
ജ്യേഷ്ഠനെ പരിചരിക്കാന്‍ ധാര്‍മികമായി നിയുക്തനാണ് അനുജന്. പിതാവിന്റെ സ്ഥാനം തന്നെയാണ് ജ്യേഷ്ഠന് നല്‍കേണ്ടത്. ജ്യേഷ്ഠത്തിയമ്മയെ മാതാവായിത്തന്നെ സ്വീകരിക്കുക. ആര്ഷസങ്കല്പസരണിയില് കുടുംബമഹിമയുടെ മാതൃകാരൂപത്തെ ദര്‍ശനമായി അവതരിപ്പിക്കുകയാണ് സുമിത്രാവചനം. ഐഹിക ജീവിതത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബസങ്കല്പത്തെ ഏറ്റവും ഉന്നതമായ സ്ഥാപന സംസ്കൃതിയായി രാമായണം വരച്ചു കാട്ടുന്നു.
ഇതിഹാസത്തില്‍ ബഹുരൂപിയായ വ്യക്തിത്വമാണ് ലക്ഷ്മണന്. രാമനാണ് സൗമിത്രിയുടെ അരുളുംപൊരുളും. ആ കാലടിപ്പാടുകളെ അനുധാവനം ചെയ്യുകയാണ് ജീവിതത്തിന്റെ സാഫല്യമെന്ന് ലക്ഷ്മണന് ഉറച്ചു വിശ്വസിക്കുന്നു. അഭിഷേക വിഘ്നകഥ കേട്ട് പൊട്ടിത്തെറിച്ച ലക്ഷ്മണന് രാമന്റെ രാജ്യലാഭത്തിനു മുന്നിലെ ഏതു പ്രതിബന്ധങ്ങളും തകര്‍ക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നു. ദശരഥനും കൈകേയിക്കും ഭരതനും നേരെയുള്ള ആ കോ
പാവേശം, വാക്കില്‍ തിളച്ചു നിന്നു. രാമന്റെ സമാശ്വാസ വചനങ്ങളും ധര്മകര്മവഴികളും ജീവിത സന്ധികളെക്കുറിച്ചുള്ള വ്യാഖ്യാനവും കേട്ട്, കെട്ടടങ്ങുകയായിരുന്നു ആ വികാര വൈവശ്യം. ‘ത്യാഗാനുഷ്ഠാനത്തിന് അച്ഛന് കല്പിച്ചാല് അത് നിറവേറ്റുക പുത്രധര്മമാണ്. ഭര്‍ത്താവിനെ അനുസരിക്കാന്‍ അമ്മയും കടപ്പെട്ടിരിക്കുന്നു’ എന്ന രാമവചനത്തില്‍ കൗസല്യയെന്ന പോലെ ലക്ഷ്മണനും സത്യദര്‍ശനം ലഭിക്കുകയായിരുന്നു. സീതയേക്കാള്‍ വിരഹദുഃഖകാലം ലക്ഷ്മണ പത്നിയായ ഊര്‍മിളയാണ് അനുഭവിച്ചത്. വ്രതാനുഷ്ഠാനങ്ങളില്‍ മുഴുകി അക്കാലമത്രയും ഊര്‍മിള സുമിത്രയ്ക്കൊപ്പം, സാകേതത്തിലാണ് കഴിഞ്ഞത്. ആ ത്യാഗവൈഭവത്തെ ശ്രീരാമന് അഭിനന്ദിച്ചിരുന്നു.
അംഗദന്, ചന്ദ്രകേതു എന്നീ പുത്രന്മാരെ താരാപഥം, ചന്ദ്രകാന്തം എന്നീ രാജ്യങ്ങളില്‍ വാഴിക്കുന്ന ലക്ഷ്മണന് ജ്യേഷ്ഠനെ സേവിച്ചു കൊണ്ട് അയോധ്യയില്‍ താമസിച്ചത് സ്വകുടുംബത്തിന്റെ മൂലശ്രേണിയെ സാക്ഷാത്ക്കരിക്കാനായിരുന്നു. രാമസേവയില്‍ സ്വാര്‍ഥം കളയാനും ശുദ്ധബോധത്തെ കുടുംബ ചൈതന്യത്തിലേക്ക് ആവാഹിക്കാനുമായിരുന്നു ലക്ഷ്മണലക്ഷ്യം. വിധിവശാല്‍ രാമന് ലക്ഷ്മണനെ ഒടുവില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും രാമന് ഏകാകിയും ചിന്താക്ലാന്തനുമായി മാറുന്ന ആസന്നഭാവിയെയോര്ത്താണ് ആ ഹൃദയത്തില്‍ അശ്രുകണം പൊടിഞ്ഞത്. വിമര്‍ശശരം ഉയരാമെങ്കിലും രാമനോടുള്ള സമര്‍പ്പണബുദ്ധിയും ആദര്‍ശശുദ്ധിയും ചേര്‍ന്ന് ലക്ഷ്മണന് ഭാരതീയ കുടുംബസങ്കല്പത്തിന്റെ ചൈതന്യധന്യമായ അദ്ധ്യായമായി മാറുന്നു.
കുടുംബസ്നേഹിയും ആദര്‍ശവാനുമായ ഭരതനും ദുര്‍വിധി പ്രഹരമേറ്റെങ്കിലും സ്വധര്മ്മാനുസരണത്തില് നിന്ന് വ്യതിചലിക്കുന്നില്ല. മാതുലഗൃഹത്തില്‍ നിന്ന് അയോധ്യയില്‍ മടങ്ങിയെത്തിയ ഭരതനെ കാത്തുനിന്നത് ദുരന്തകഥകളായിരുന്നു. അച്ഛന്റെ അന്ത്യയാത്രയും രാമാദികളുടെ വേര്‍പാടും സഹിക്കാനാവാതെ മാതാവ് കൈകേയിയുടെ കുടിലതയും ഗുരുവായ വസിഷ്ഠന്റെ നീതി നിര്‍ദേശവും ഭരതന് സ്വീകാര്യമായില്ല. ‘എനിക്ക് രാജ്യഭാരം വേണ്ട, രാമന് മതി രാമനെത്തേടി ഞാന്‍ കാട്ടിലേക്ക് പോകാനൊരുങ്ങുന്നു.’ ധര്‍മമീമാംസയുടെ പ്രകാശം മഹാഗുരുവില്‍ നിന്ന് സ്വാംശീകരിച്ചതിന്റെ പ്രകടനമായിരുന്നു ഭരതന്റെ ത്യാഗനിഷ്ഠമായ വചനങ്ങള്‍. രാമഭരതസമാഗമം ഇതിഹാസത്തിലെ കുടുംബജീവനപ്രത്യയങ്ങളെ സാക്ഷാത്ക്കരിക്കുകയായിരുന്നു. സോദരസംഗമം ദര്‍ശിച്ച് കൈകേയി പോലും സമചിത്തത നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: