ദുബായ്: രാജ്യത്ത് ക്രമേണ വര്‍ധിച്ച് വരുന്ന ദുര്‍മന്ത്രവാദം, ആഭിചാര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് യുഎഇ ഭരണകൂടം. ദുര്‍മന്ത്രവാദം നടത്തുകയും ഇതുവഴി മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് പേര്‍ക്ക് ആറ് മാസം തടവ് ശിക്ഷ കോടതി വിധിച്ചു. ഇതിനു പുറമെ ഇവര്‍ക്ക് 50,000 ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്. യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ആണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്.
മന്ത്രവാദ തട്ടിപ്പിനിരയായ വ്യക്തിയുടെ പരാതിയിലാണ് പ്രോസിക്യൂഷന്‍ കേസ് ഫയല്‍ വിസ്തരിച്ചത്. ആളുകളെ മന്ത്രവാദത്തിലൂടെ സംരക്ഷിക്കാന്‍ കഴിയുമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാളെ തട്ടിപ്പ് സംഘം കെണിയില്‍ വീഴ്‌ത്തിയത്. 400 വര്‍ഷത്തിലേറെ പഴക്കമുള്ള ജിന്നിലെ രാജാക്കന്മാരുടെ രാജാവാണ് തനിക്കുണ്ടായിരുന്നതെന്ന് പ്രതികളിലൊരാള്‍ തട്ടിപ്പിനിരയായ വ്യക്തിയെ അറിയിച്ചിരുന്നു. ഇതിനു പുറമെ ആളുകളുടെ ബുദ്ധിമുട്ടുകള്‍ സുഖപ്പെടുത്താന്‍ കഴിയുന്ന ഒരു ജിന്ന് തങ്ങള്‍ക്കുണ്ടെന്ന് ബാക്കിയുള്ള പ്രതികളും അവകാശപ്പെട്ടിരുന്നതായും പ്രോസിക്യൂഷന്‍ പറഞ്ഞു.
മന്ത്രവാദം, വഞ്ചന, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കൈവശം വച്ചത് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഏഴുപേരെയും കോടതിയില്‍ ഹാജരാക്കിയത്. 2021ലെ ഫെഡറല്‍ ഡിക്രിനിയമം 31 പ്രകാരം, ആഭിചാരവും വഞ്ചനയും രാജ്യത്ത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മന്ത്രവാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇതിനു പുറമെ 2021 ലെ ഫെഡറല്‍ ഡിക്രിനിയമം 31 ആര്‍ട്ടിക്കിള്‍ 366നെക്കുറിച്ച് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിനോ ഉപദ്രവിക്കുന്നതിനോ വേണ്ടി മന്ത്രവാദം, വഞ്ചന എന്നിവ ചെയ്യുന്നവര്‍ക്ക് തടവിനും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയ്‌ക്കും ശിക്ഷിക്കപ്പെടുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇത്തര തട്ടിപ്പ് സംഘങ്ങളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: