ആലത്തൂര്‍: ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി 32 വര്‍ഷം മുന്‍പ് നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ബലക്ഷയമെന്ന് കാണിച്ച് വാടകയ്ക്ക് എടുത്തവരോട് ഒഴിയാന്‍ നോട്ടീസ് നല്കി ഗ്രാമപഞ്ചായത്ത്. മേലാര്‍കോട് ഗ്രാമപഞ്ചായത്തിലെ ചിറ്റിലഞ്ചേരി എയുപി സ്കൂളിനു മുന്‍വശത്തായി നിര്‍മിച്ച ഇരുനിലക്കെട്ടിടത്തിലെ കടയുടമകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ജവഹര്‍ റോസ്ഗാര്‍ യോജന (ജെആര്‍വൈ) പദ്ധതി പ്രകാരമാണ് രണ്ടു നിലകളിലായി 10 മുറികളുള്ള കെട്ടിടം 1992 ലാണ് നിര്‍മാണം പൂര്‍ത്തിയായത്.
കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയുടമകളുടെ വാടക പുതുക്കുന്നതിനായി കെട്ടിടത്തിന്റെ ഫിറ്റ്നെസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗം അസി. എന്‍ജിനീയറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി വായനശാലയുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടം അറ്റകുറ്റപണികള്‍ നടത്താത്തതിനാലും, കാലപ്പഴക്കവും മൂലം ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം പൊളിച്ചുപണിയുന്നതിനായാണ് ഭരണസമിതി ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ യാതൊരുവിധ ചോര്‍ച്ചയോ, കെട്ടിടത്തില്‍ വിള്ളലുകളോ ഇല്ലാതിരിക്കെ ബലക്ഷയമെന്ന് കണ്ടെത്തി ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നാണ് വ്യാപാരികള്‍ പറയുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒഴിയുന്നതിനായി കടയുടമകള്‍ക്ക് നോട്ടീസ് നല്കിയ ഗ്രാമപഞ്ചായത്തിന്റെ നടപടിക്കെതിരെ വ്യാപാരികള്‍ ആലത്തൂര്‍ കോടതിയില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: