പാലക്കാട്: 81 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. ജില്ലയില്‍ പിടികൂടിയ സമീപകാലത്തെ ഏറ്റവും വലിയ കേസുകളിലൊന്നാണിത്. മീനാക്ഷിപുരത്ത് സംസ്ഥാനാതിര്‍ത്തിയായ നെടുമ്പാറയില്‍ ലഹരിവിരുദ്ധ സ്ക്വാഡും (ഡാന്‍സാഫ്) മീനാക്ഷിപുരം പോലീസും നടത്തിയ പരിശോധനയിലാണ് ബൊലേറോ ജീപ്പില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പിടികൂടിയത്. വേലന്താവളം കോഴിപ്പാറ എം.കെ. സ്ട്രീറ്റില്‍ രാജപ്പന്റെ മകന് രാധാകൃഷ്ണന് എന്ന രാജേഷ് (24), കോഴിപ്പാറ നിലിപ്പാറ കാശി മകന് ദിലീപ് (26), മഞ്ചേരി ആനക്കയം കൂരിമണ്ണില്‍ വീട്ടില്‍ ഉസ്മാന്റെ മകന് ഷാഫി (35) എന്നിവരാണ് പിടിയിലായത്. ഡിവൈഎഫ്ഐ കോഴിപ്പാറ ബ്രാഞ്ച് സെക്രട്ടറിയാണ് രാജേഷ്.
വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവര്‍ പറയുന്നു. വന്‍തോതില്‍ കഞ്ചാവ് കടത്തിയിരുന്ന ഇവര്‍ കുറച്ചുദിവസമായി സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഷാഫി മലപ്പുറം കോട്ടക്കലില്‍ കവര്‍ച്ച കേസിലും പ്രതിയാണ്. ഇവര്‍ ഉപയോഗിച്ച ബൊലേറോ ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ ഡിവൈഎസ്പി: സുന്ദരന്‍, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി: ആര്. മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ എം.വി. പൗലോസിന്റെ നേതൃത്വത്തിലുള്ള മീനാക്ഷിപുരം പോലീസും, കൊഴിഞ്ഞാമ്പാറ സബ്ബ് ഇന്‍സ്പെക്ടര്‍ സുജിത്തും, സബ്ബ് ഇന്‍സ്പെക്ടര്‍ എച്ച്. ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: