ജഗത് ജയപ്രകാശ്
ക്ഷേത്രങ്ങളുടെ നഗരമാണ് ജമ്മു. ലോകപ്രശസ്തമായ പല പുണ്യ പുരാതന ക്ഷേത്രങ്ങളുണ്ട് ജമ്മുവില്‍. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് ശിവ്ഖോറി ഗുഹാ ക്ഷേത്രം. ജമ്മുവില്‍ വന്നശേഷമാണ് ചിരപുരാതനമായ ഈ ക്ഷേത്രത്തെപ്പറ്റി ഞാന്‍ അറിയുന്നത്.
ജമ്മുവില്‍നിന്നും ഏകദേശം 110 കിലോമീറ്റര്‍ ദൂരെയാണ് ശിവ്ഖോറി ഗുഹാക്ഷേത്രം. അതിരാവിലെ തന്നെ ഞങ്ങള്‍ അങ്ങോട്ടേക്ക് യാത്രതിരിച്ചു. കാറിലാണ് യാത്ര, സാധാരണ ആളുകള്‍ കത്ര ശ്രീമാതാ വൈഷ്ണോദേവി ക്ഷേത്രത്തില്‍ ആദ്യം ദര്‍ശനം നടത്തിയ ശേഷം അതിന്റെ തുടര്‍ച്ചയായിട്ടാണ് ശിവ്ഖോറി ദര്‍ശനം നടത്തുന്നത്. എന്നാല്‍ ഞങ്ങള്‍ നേരത്തെതന്നെ കത്രയില്‍ പോയതിനാല്‍ കത്ര വഴിയല്ല ശിവ്ഖോറിയിലേക്ക് പോകുന്നത്. ഞങ്ങള്‍ നേരെ അഖ്നൂര്‍ പോയശേഷം പൂഞ്ച് രാജൗരിയിലേക്കുള്ള റോഡില്‍ പ്രവേശിച്ചു. അഖ്നൂറില്‍ നിന്നും ഏകദേശം 80 കിലോമീറ്റര്‍ ഉണ്ട് അങ്ങോട്ടേക്ക്.
അഖ്നൂര്‍ രജൗരി പാതയില്‍ ഏകദേശം 66 കിലോമീറ്റര്‍ പോകുമ്പോള്‍ റണ്‍സൂ എന്നൊരു ഗ്രാമത്തില്‍ എത്തും. റിയാസി ജില്ലയിലാണ് ഈ ഗ്രാമം. ഇവിടെയാണ് ശിവ്ഖോറി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അഖ്നൂര്‍ രജൗരി പാതയില്‍നിന്നും ഏകദേശം 10 കിലോമീറ്റര്‍ ഉള്ളിലേക്ക് പോകുമ്പോഴാണ് റണ്‍സൂ ഗ്രാമത്തിനുള്ളില്‍ നമ്മള് എത്തിച്ചേരുന്നത്. അഖ്നൂര്‍ രജൗരി പാത ഇന്ത്യന്‍ കരസേനയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ളതാണ്. സേന തന്നെയാണ് ഇതിന്റെ സുരക്ഷയും മറ്റ് ജോലികളിലും മേല്‍നോട്ടം വഹിക്കുന്നത്. വളരെയധികം ശ്രദ്ധയോടെ വണ്ടിയോടിച്ചില്ലെങ്കില്‍ അപകടം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ചെങ്കുത്തായ കയറ്റങ്ങളും വളവുകളും ഹെയര്‍പിന്‍ ബെന്റുകളും ധാരാളമുള്ള ഒരു പാതയാണ് ജമ്മു രജൗരി പാത. നാട്ടില്‍ നമ്മുടെ താമരശ്ശേരി ചുരത്തില്കൂടിയും കൊടൈക്കനാല്‍ കുമളി വഴിയുമൊക്കെ വണ്ടിയോടിച്ചിട്ടുണ്ടെങ്കിലും ഹിമാലയത്തില്കൂടി സ്വന്തമായി വണ്ടിഓടിക്കുന്നത് ആദ്യമായിട്ടാണ്.
അഖ്ന്നൂരില് നിന്നും ഏകദേശം രണ്ടര മണിക്കൂര്‍ എടുത്തു ശിവ്ഖോറിയില് എത്തിച്ചേരാന്‍. റോഡില്‍ അധികം തിരക്ക് ഇല്ലായിരുന്നുവെങ്കിലും അറിയാന്‍ വയ്യാത്ത പാത ആയിരുന്നതിനാല്‍ വളരെയധികം ശ്രദ്ധയോടെയാണ് വണ്ടിയോടിച്ചിരുന്നത്. ഇടക്ക് ഒരു സ്ഥലത്ത് നിര്‍ത്തിയശേഷം ഞങ്ങള്‍ പൊതിഞ്ഞുകൊണ്ടുവന്ന പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു.
കാലത്ത് ഏകദേശം 7 മണിക്ക് ജമ്മുവില്‍നിന്നും പുറപ്പെട്ട ഞങ്ങള്‍ 10 മണിയോടെ റണ്‍സൂ ഗ്രാമത്തില്‍ എത്തിചേര്‍ന്നു. ചെറിയ ഒരു ഗ്രാമമാണെങ്കിലും ശിവ്ഖോറി ദര്‍ശനത്തിന്റെ പ്രാധാന്യം നാള്‍ക്കു നാള് വര്‍ദ്ധിച്ചു വരുന്നതിനാല്‍ അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തിരക്കിലാണ് ക്ഷേത്ര ഭരണസമിതി. ശ്രീ മാതാ വൈഷ്ണോദേവി ക്ഷേത്ര ട്രസ്റ്റ് തന്നെയാണ് ശിവ്ഖോറി ഗുഹാക്ഷേത്രത്തിന്റെയും മേല്‍നോട്ടം വഹിക്കുന്നത്.
ബസ്സുകള്‍ക്കും മറ്റ് വലിയ വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനായി വിശാലമായ ഒരു മൈതാനം ഒരുക്കിയിട്ടുണ്ട്. ഞങ്ങള്‍ വാഹനം പാര്‍ക്ക് ചെയ്തശേഷം ദര്‍ശനം നടത്തുവാനായി മുന്നോട്ട് നടന്നു. റണ്‍സൂ ഗ്രാമത്തില്‍നിന്നും കാല്‍നടയായി ഏകദേശം 4 കിലോമീറ്റര്‍ നടന്നാല്‍ മാത്രമേ ഗുഹയില്‍ എത്തിചേരൂ. നമ്മുടെ നാട്ടിലെ ശബരിമല ദര്‍ശനം പോലെയാണ് ശിവ്ഖോറിയും. മുന്നോട്ട് നടന്ന ഞങ്ങള്‍ ടിക്കറ്റ് കൗണ്ടറിന്റെ സമീപമെത്തി, അവിടെനിന്നും ടിക്കറ്റ് എടുത്തു. 10 രൂപയോ മറ്റോ ആണെന്നാണ് എന്റെ ഓര്മ. തുടര്‍ന്ന് ടിക്കറ്റ് പരിശോധനക്ക് വിധേയമാക്കി. സിആര്‍പിഎഫ് ഭടന്മാരുടെ അതിശക്തമായ സുരക്ഷയിലാണ് ക്ഷേത്രവും ഈ ഗ്രാമവും. പാക് അധിനിവേശ കശ്മീരിലേക്ക് ഇവിടെ നിന്ന് അധികം ദൂരമില്ലാത്തതിനാലും, തീവ്രവാദികള്‍ എപ്പോഴും ലക്ഷ്യം വെയ്ക്കുന്നത് ക്ഷേത്രങ്ങള്‍ ആയതിനാലാണ് ഇത്രയധികം സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ദേഹപരിശോധനക്ക് ശേഷം ഞങ്ങള്‍ മുന്നോട്ട് നടന്നു. 100% പുകയില നിരോധിത മേഖലയാണ് ക്ഷേത്രവും അങ്ങോട്ടേയ്ക്കുള്ള പാതയും. ശിവ്ഖോറി എന്നാല്‍ ശിവന്റെ ഗുഹ എന്നാണ് അര്‍ത്ഥം. ജീവിതത്തെ പുണ്യമാക്കാന്‍ ശിവ്ഖോറി ദര്‍ശനം എന്നാണ് പുരാണം. സര്‍വചരാചരങ്ങളെയും സ്ഥിതിയില്‍ നിന്നും സംഹരിച്ച് മോക്ഷം നല്കുന്ന ശിവഭഗവാന് സ്വയംഭൂവായി പ്രത്യക്ഷപ്പെട്ട പുണ്യസ്ഥലമാണ് ശിവ്ഖോറി ഗുഹ. സ്വയംഭൂവായ ശിവലിംഗമാണ് ഇവിടെയുള്ളത്. എല്ലാ സൃഷ്ടിയുടെയും അവസാനത്തില്‍ മഹാപ്രളയത്തിനിടയില്‍ ദൈവാംശങ്ങളെല്ലാം ശിവലിംഗത്തില്‍ അലിഞ്ഞുചേരുമെന്നാണ് വിശ്വാസ പ്രമാണം. ജമ്മു കശ്മീരിലെ ഏറ്റവും പ്രശസ്തമായ ശിവഗുഹ ക്ഷേത്രമാണ് ശിവ്ഖോറി. 150 മീറ്റര്‍ നീളമുള്ള 4 ഗുഹയില്‍ 4 അടി നീളമുള്ള സ്വയംഭൂ ശിവലിംഗമുണ്ട്.
ഏകദേശം ഒരുമണിക്കൂര്‍ എടുത്തു ഞങ്ങള്‍ ഗുഹയുടെ പ്രവേശന കവാടത്തിലെത്തിചേരാന്. അവിടെയൊരു ക്ലോക്ക് റൂമുണ്ട്. മൊബൈല്‍, ചെരുപ്പ്, ബെല്‍റ്റ്, മറ്റ് തുകല്‍ സാധനങ്ങള്‍ എല്ലാം ക്ലോക്ക് റൂമില്‍ നിക്ഷേപിക്കണം, എങ്കില്‍ മാത്രമേ ദര്‍ശനം സാധ്യമാകൂ.
കശ്മീരിലെ അമര്‍നാഥ് ഗുഹയിലേക്ക് നീണ്ടു കിടക്കുന്നതാണ് ഈ ഗുഹയെന്നാണ് വിശ്വസം. അരകിലോമീറ്ററോളം ഉള്‍വ്യാസമുള്ള ഗുഹയിലേക്ക് 150 മീറ്റര്‍ ഉള്ളില്‍ വരെ മാത്രമേ വിശ്വാസികള്‍ക്ക് പ്രവേശനമുള്ളൂ. അവിടെ വരെ മാത്രമേ പ്രാണവായു ലഭ്യമാകൂ. ഇതിനും അകത്തേക്ക് പോകാന്‍ പ്രാണവായുവിന്റെ അഭാവം മൂലം സാധ്യമല്ല. ഒരിക്കല്‍ രണ്ട് സന്യാസിമാര്‍ ഗുഹയുടെ കൂടുതല്‍ ഉള്ളിലേക്ക് പോയെന്നും അവര്‍ പിന്നീട് തിരികെയെത്തിയില്ലെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്.
ശിവഭഗവാന്റെ ഡമരുവിന്റെ ആകൃതിയിലാണ് ഗുഹയുടെ ഉള്‍ഭാഗം. കേറുന്ന സ്ഥലവും, ഇറങ്ങുന്ന സ്ഥലവും വിശാലമാണ്. എന്നാല്‍ നടുക്ക് ഉള്ള പാത വളരേ ദുര്‍ഘടം പിടിച്ചതും, ഒരാള്‍ക്ക് കഷ്ടിച്ച് ഇഴഞ്ഞു പോകാന്‍ മാത്രം പാകത്തിലുള്ളതുമാണ്. വളരേ കഷ്ടപ്പെട്ടാണ് ഞങ്ങള്‍ ശിവലിംഗം സ്ഥിതിചെയ്യുന്ന ഗുഹയുടെ പ്രധാന ഭാഗത്ത് എത്തിച്ചേര്‍ന്നത്. ഇവിടെനിന്ന് ഉള്ളിലേക്ക് ഗുഹയുടെ തുടര്‍ച്ച ഉണ്ടെങ്കിലും അങ്ങോട്ടേക്ക് ആര്‍ക്കും പ്രവേശനമില്ല.
ഗുഹയുടെ മുകള്‍ഭാഗത്ത് നിന്നും ശിവലിംഗത്തിലേക്ക് പ്രകൃതിദത്തമായ ഒരു അരുവിയുണ്ട്. ഇത് ശിവലിംഗത്തിനുമേല്‍ സദാ ജലവൃഷ്ടി നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ച എവരിലും അത്ഭുതം ഉളവാക്കും.
20 അടി വീതിയും ഏകദേശം 25 അടി ഉയരവുമുണ്ട് ഈ ഭാഗത്തിന്. പ്രവേശന ദ്വാരത്തിന് സമീപം ശേഷനാഗത്തിന്റെതിന് സമാനമായ ഒരു ശിലാരൂപീകരണം നമുക്ക് കാണുവാന്‍ സാധിയ്ക്കും. അമര്‍നാഥ് ഗുഹയുടെ സമാനമാണ് ഇതിന്റെ ഉള്‍വശം എന്ന് പലരും പറഞ്ഞു. ശിവലിംഗത്തിലേക്ക് ജലം ചൊരിയുന്ന അരുവിയെ കാമധേനുവിന്റെ പ്രതിരൂപമായിട്ടാണ് ആരാധിക്കുന്നത്. അതില്‍നിന്നും താഴേക്ക് പതിക്കുന്ന ജലം ശിവലിംഗത്തിലൂടെ ഒഴുകി പോകുന്നത് ഗംഗ നദിക്കു സമാനമാണെന്നാണ് വിശ്വസം. പുരാതന യുഗങ്ങളില്‍ ഈ അരുവിയില്‍കൂടി പാല് ചുരന്നെന്നാണ് വിശ്വസം. പിന്നീട് കലിയുഗ പ്രഭാവത്താല്‍ ക്ഷീരം ജലമായി മാറി എന്നാണ് ഐതിഹ്യം.
ശിവലിംഗത്തിന്റെ ഇടതുവശത്തയി പാര്‍വതി ദേവിയുടെ ചൈതന്യമുണ്ട്. ഇതും സ്വയംഭൂവായി വന്നതാണ്. ആ ശിലയുടെ രൂപം കണ്ടാല്‍ അത് പാര്‍വതി ദേവിയുടെ വിഗ്രഹം തന്നെയാണെന്ന് നമുക്ക് തോന്നലുണ്ടാകും. അത്ര മനോഹരമായി പ്രകൃതി ഒരുക്കിയതാണ് പാര്‍വതി ദേവിയെ. ഇതിന് സമീപമായി കാര്‍ത്തികേയന്റേയും, പഞ്ചമുഖ ഗണപതിയുടെയും സമാന ചൈതന്യങ്ങള്‍ ഉള്ള ശിലകളുണ്ട്. വലതു ഭാഗത്തായി ശ്രീരാമന്, ലക്ഷ്മണന്, സീത, ഹനുമാന് തുടങ്ങിയ സ്വയംഭൂ വിഗ്രഹങ്ങളും ഉണ്ട്. മുപ്പത്തിമുക്കോടി ദേവതകളുടെയും അവരുടെ വാഹനങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രകൃതിദത്ത ചിത്ര നിര്‍മിതികള്‍ ഈ ഗുഹയില്‍ നിറഞ്ഞിരിക്കുന്നതായി പൂജാരി പറഞ്ഞു തന്നു. സൂക്ഷിച്ചുനോക്കിയാല്‍ ഗുഹയുടെ മുകള്‍ഭാഗത്ത് തൃശൂലവും, ഓം, നാഗങ്ങള്‍ തുടങ്ങിയവ നമുക്ക് കാണാന്‍ കഴിയും. ഗുഹയുടെ ഒത്ത നടുക്ക് മേല്‍ ഭാഗത്തായി ഭഗവാന് മഹാവിഷ്ണുവിന്റെ സുദര്‍ശന ചക്രവും ദൃശ്യമാവും.
ഗുഹയുടെ മറ്റൊരു വശത്തായി മഹാകാളിദേവിയുടെ സാന്നിധ്യവുമുണ്ട്. ഇവിടെ നിലത്ത് കിടക്കുന്ന ശിവഭഗവാന്റെ രൂപവും നമുക്ക് കാണുവാന്‍ കഴിയും. ഇതുകൂടാതെ മഹാകാളിയുടെ ഒരു കാല് ശിവഭഗവാന്റെ ശരീരത്തില്‍ പതിച്ചിരിക്കുന്നതായിട്ടും ദര്‍ശിക്കാന്‍ കഴിയും. ഗുഹക്കുള്ളിലെ അന്തരീക്ഷം ഭക്തി നിര്ഭരമാണ്. ഒരു ഭക്തന് ദൈവസ്ഥാനത്ത് എത്തിയതായി ഒരു നിര്‍വൃതി ഉണ്ടാക്കാന്‍ ഈ അന്തരീക്ഷത്തിന് സാധിയ്ക്കും. പ്രകൃതിയും, ആത്മീയതയും രണ്ടും പരസ്പരം അലിഞ്ഞുചേര്‍ന്ന ഒരു അനുഭൂതിയില്‍ കുറേയധികം നേരം ഞങ്ങള്‍ അവിടെ ചിലവഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: