ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടില്‍ അനുശോചിച്ചുകൊണ്ടും, ഓര്‍മകള്‍ അയവിറക്കിക്കൊണ്ടുമുള്ള പ്രതികരണങ്ങള്‍ അഭൂതപൂര്‍വമായിരുന്നു എന്നു തീര്‍ത്തുപറയാം. വ്യക്തി, രാഷ്‌ട്രീയ നേതാവ്, ഭരണാധികാരി എന്നീ നിലകളില്‍ ഉമ്മന്‍ചാണ്ടിക്കുള്ള സ്വീകാര്യതയുടെ തെളിവായിരുന്നു അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നുപോലും ഉണ്ടായ പ്രതികരണങ്ങള്‍. ഇവയില്‍ രണ്ടെണ്ണം തികച്ചും വ്യത്യസ്തമായിരുന്നു. ഒന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും, മറ്റൊന്ന് സിനിമാതാരം വിനായകന്റെയും.
വേണുഗോപാലിന്റെ പ്രതികരണം ഗൗരവത്തിലെടുക്കേണ്ടതില്ല. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് വളരെയധികം സന്തോഷകരമാണെന്ന പരാമര്‍ശം വളരെ ഗുരുതരമാണെങ്കിലും ഒരു നാക്കുപിഴയായി കരുതാം. ഇങ്ങനെ അവഗണിക്കാവുന്നതല്ല വിനായകന്റെ വിദ്വേഷം വമിക്കുന്ന പ്രതികരണം. പ്രതിപക്ഷ ബഹുമാനം പോയിട്ട് സാമാന്യബോധമുള്ള ആരുംതന്നെ ഇങ്ങനെ പറയില്ല. വിനായകന്‍ പറഞ്ഞത് ഇവിടെ ആവര്‍ത്തിക്കാന്‍ കൊള്ളില്ല. അത്രയ്‌ക്ക് സംസ്‌കാര ശൂന്യം. എന്തുകൊണ്ട് വിനായകന്‍ ഇത് പറഞ്ഞു, എന്താണതിന്റെ പശ്ചാത്തലം എന്നു പരിശോധിക്കേണ്ടതുണ്ട്. അപ്പോള്‍ വിനായകന്‍ ഒരു വ്യക്തിയല്ലെന്നും പ്രതീകമാണെന്നും തിരിച്ചറിയാനാവും.
കേരളത്തിലെ മറ്റൊരു രാഷ്‌ട്രീയ നേതാവിനും ഭരണാധികാരിക്കും കിട്ടാത്ത ആദരവാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്. അതും വിലാപയാത്ര കടന്നുപോയ അഞ്ച് ജില്ലകളില്‍നിന്ന്. ജനപ്രവാഹത്തിലകപ്പെട്ട് മരണാനന്തരച്ചടങ്ങുകള്‍ എപ്പോള്‍ നടത്തണമെന്നുപോലും നിശ്ചയിക്കാന്‍ കഴിയാതെപോയ ആദ്യ സംഭവമാണിത്. വിലാപയാത്ര കടന്നുപോയ വീഥികളിലുടനീളം സംസ്ഥാനത്തിന്റെ വിദൂരകോണുകളില്‍നിന്നുപോലും പ്രിയനേതാവിനെ ഒരുനോക്കു കാണാന്‍ ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികളും എത്തിച്ചേര്‍ന്നവരില്‍ ഉണ്ടായിരുന്നു. ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നു ഉമ്മന്‍ചാണ്ടി തങ്ങളെ സ്‌നേഹിച്ചതിന്റെയും സഹായിച്ചതിന്റെയും കഥകള്‍.
അവസാനമായി ഒരു നോക്കുകാണാന്‍ ഓടിയെത്തിയവരും, വഴിയരികില്‍ മണിക്കൂറുകളോളം കാത്തുനിന്നവരും ഒന്നടങ്കം ഉമ്മന്‍ചാണ്ടിയുടെ അനുയായികളോ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കാരോ അല്ലെന്നുറപ്പ്. ആയിരുന്നെങ്കില്‍ ഒരു തെരഞ്ഞെടുപ്പില്‍പോലും കോണ്‍ഗ്രസ്സ് തോല്‍ക്കുമായിരുന്നില്ല. പതിറ്റാണ്ടുകളായി തങ്ങളുടെ വര്‍ഗശത്രുവായി തുടരുന്ന ഉമ്മന്‍ചാണ്ടിയോട് പാര്‍ട്ടിക്കതീതമായി ജനങ്ങള്‍ക്ക് ഇങ്ങനെയൊരു സ്‌നേഹമുണ്ടെന്ന് സിപിഎം കരുതിയില്ല.
ഇത് അപകടമാണന്ന് തിരിച്ചറിയാന്‍ അധികാരത്തുടര്‍ച്ച ലഭിച്ചതിന്റെ ഉള്‍ക്കുളിര് ഇനിയും മാറാത്ത സിപിഎമ്മിന് ഒട്ടും സമയം വേണ്ടിവന്നില്ല. ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയ ജീവിതത്തിന്റെ ഓര്‍മച്ചിത്രങ്ങള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്നുനിറഞ്ഞപ്പോള്‍ വര്‍ത്തമാനകാല രാഷ്‌ട്രീയത്തിലെ ചില താരതമ്യങ്ങള്‍ ജനമനസ്സില്‍ ഉയര്‍ന്നുവന്നു. ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയെക്കാള്‍ കരുത്തുണ്ട് മരിച്ച ഉമ്മന്‍ചാണ്ടിക്കെന്നുവന്നാല്‍ അത് അനുവദിക്കാനാവില്ലെന്ന് സിപിഎം തീരുമാനിച്ചു. ഈ പ്രഭാവത്തിന് എങ്ങനെയെങ്കിലും മങ്ങലേല്‍പ്പിക്കണം.
പക്ഷേ ഇത് അത്ര എളുപ്പമല്ല. പൊതുവികാരത്തിന്റെ സമ്മര്‍ദ്ദത്തില്‍പ്പെട്ട് ഉമ്മന്‍ചാണ്ടിയോടുള്ള ആദരവ് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ഉദാരമായ വാക്കുകളില്‍ പ്രകടിപ്പിച്ചുകഴിഞ്ഞിരുന്നു. ഇതിന് കടകവിരുദ്ധമായി ഇനി എന്തു പറയും? എങ്ങനെ പറയും? അപ്പോഴാണ് വിനായകന്റെ രംഗപ്രവേശം. സ്വബോധത്തോടെയോ അല്ലാതെയോ വിനായകന്റെ വായില്‍നിന്നു വന്ന വാക്കുകള്‍ പല സിപിഎം നേതാക്കളുടെയും മനസ്സിലുണ്ടായിരുന്നതു തന്നെയാണ്. തങ്ങളായിട്ട് അത് പറഞ്ഞാല്‍ തനിനിറം തിരിച്ചറിയപ്പെടുമെന്നതല്ല, ജനരോഷത്തെ നേരിടേണ്ടിവരുമെന്ന ഭയംകൊണ്ട് അവര്‍ക്ക് നിശ്ശബ്ദത പാലിക്കേണ്ടിവന്നു.
വിനായകനും സിപിഎമ്മും തമ്മിലുള്ള ബന്ധം കുപ്രസിദ്ധമാണ്. ഒരുത്തി എന്ന സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ വിവാദമായ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട് വിനായകന്‍ ഒരു കാര്യം പറഞ്ഞിരുന്നു. താന്‍ സിപിഎമ്മിന്റെ ക്വട്ടേഷന്‍ പണിക്ക് പോയിട്ടുണ്ട്, അന്വേഷിക്കുന്നവര്‍ക്ക് അതറിയാം എന്നായിരുന്നു ആ വെളിപ്പെടുത്തല്‍. അപകീര്‍ത്തികരമായ ഒരു കാര്യമായിരുന്നിട്ടും സിപിഎമ്മിന്റെ നേതൃത്വം അന്ന് അത് നിഷേധിച്ചതായി കണ്ടില്ല. അങ്ങനെയിരിക്കട്ടെ എന്നൊരു മനോഭാവമായിരുന്നു.
ഇതേ വിനായകന്‍ തന്നെയാണ് സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടയെപ്പോലെ പ്രത്യക്ഷപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ ആത്മാവിനെപ്പോലും കുത്തിനോവിച്ചത്. സഹജമായ വിടുവായത്തമായി ഇതിനെ കാണാനാവില്ല. ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയോട് സിപിഎമ്മിനുണ്ടായിരുന്ന മനോഭാവമാണ് മരണശേഷവും വിനായകന്‍ പ്രകടിപ്പിച്ചത്. വലിയ പ്രതിഷേധമുയര്‍ന്നിട്ടും വിനായകനെ തള്ളിപ്പറയാനോ, ഇത് തങ്ങളുടെ നിലപാടല്ലെന്ന് വ്യക്തമാക്കാനോ ഒരൊറ്റ സിപിഎം നേതാവും തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. തങ്ങളുടെ രാഷ്‌ട്രീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇങ്ങനെയൊരു നീചപ്രവൃത്തി ആവശ്യമുണ്ടെന്ന് സിപിഎം കരുതി എന്നാണിതിനര്‍ത്ഥം.
മരണശേഷമുള്ള ഉമ്മന്‍ചാണ്ടി തരംഗത്തിന് തടയിടാന്‍ ചില ശ്രമങ്ങള്‍ തത്സമയം തന്നെ സിപിഎം നടത്തിയതായി കാണാം. ഇ.കെ.നായനാരുടെയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയുമൊക്കെ മഹത്വത്തെക്കുറിച്ചും വിലാപയാത്രകളെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി. ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസ്സുകാര്‍ മുന്‍കാലത്ത് പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും നടത്തിയ പരാമര്‍ശങ്ങള്‍ തെരഞ്ഞുപിടിച്ച് കേള്‍പ്പിച്ചുകൊണ്ടിരുന്നു. വളരെ ആസൂത്രിതമായ ഈ പ്രചാരണത്തിന് അധികവും ഉപയോഗിച്ചത് കൈരളി ടിവിയുടെ ശേഖരത്തില്‍നിന്നുള്ള ദൃശ്യങ്ങളായിരുന്നു. ഇതിന് മറുപടിയെന്നോണം, പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്ക് പൊടുന്നനെ ഉമ്മന്‍ചാണ്ടിയോട് ഉണ്ടായ സ്‌നേഹത്തിന്റെയും ആദരവിന്റെയും കാപട്യം തുറന്നുകാണിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഇവയോട് ചേര്‍ത്തുവയ്‌ക്കാവുന്നതായിരുന്നു വിനായകന്റെ പൊട്ടി’ത്തെറി’യും.
അക്രമരാഷ്‌ട്രീയത്തെപ്പോലെ രാഷ്‌ട്രീയ പ്രതിയോഗികളെ വ്യക്തിഹത്യ ചെയ്യല്‍ സിപിഎമ്മിന്റെ എക്കാലത്തെയും നയമാണ്. അതിന് ഇരയാകാത്തവര്‍ ചുരുങ്ങും. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടി തന്നെ ഏറ്റുപറഞ്ഞല്ലോ. ‘ദേശാഭിമാനി’യുടെ കണ്‍സള്‍ട്ടിങ് എഡിറ്ററായിരിക്കെ സോളാര്‍ കേസില്‍ ഇല്ലാകഥകള്‍ മെനഞ്ഞ് ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ താന്‍ ദുഃഖിക്കുന്നു എന്നാണ് മാധവന്‍കുട്ടിക്ക് പറയേണ്ടിവന്നത്. ഇതേ വ്യക്തിയാണ് പിണറായി വിജയന്റെ പ്രതിപുരുഷനായും മാധ്യമധര്‍മത്തിന്റെ വക്താവായും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ശബ്ദമലിനീകരണം സൃഷ്ടിച്ചുകൊണ്ടിരുന്നത് എന്നുകൂടി ഓര്‍ക്കാം. മാധവന്‍കുട്ടി മാത്രമല്ല, മറ്റ് നിരവധി പേരും ഉമ്മന്‍ചാണ്ടിയോട് തങ്ങള്‍ അരുതാത്തത് ചെയ്തു എന്നു പറയുകയുണ്ടായി. ഇക്കൂട്ടര്‍ക്കും അന്ന് പിന്തുണ നല്‍കിയത് സിപിഎമ്മും ‘ദേശാഭിമാനി’യും കൈരളിയുമായിരുന്നു. ചെറിയാന്‍ ഫിലിപ്പ് ഒന്നാന്തരം ഉദാഹരണമാണല്ലോ. ധാര്‍മിക ബോധമോ മനഃസാക്ഷിയുടെ വിളിയോ അല്ല, ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്ന ഭയമാണ് ഉമ്മന്‍ചാണ്ടിയുടെ മരണശേഷം ഇവരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
വിനായകനിലേക്ക് തിരിച്ചുവരാം. അയാള്‍ ചെയ്യുന്നത് എന്തെന്ന് അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ അധികാരത്തിലുള്ളത് സിപിഎം ആയതിനാല്‍ തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടാവും. അഥവാ മറിച്ചു സംഭവിച്ചാല്‍ അതിന്റെ ഗുണഭോക്താവും സിപിഎം ആയിരിക്കും. തീര്‍ച്ചയായും ചില പ്രത്യാഘാതങ്ങള്‍ വിനായകന്‍ പ്രതീക്ഷിച്ചിരുന്നു. വീടിനുമുന്നിലെത്തി പ്രതിഷേധിച്ച കോണ്‍ഗ്രസ്സുകാര്‍ ജനാലച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. അത്രമാത്രം. ഉമ്മന്‍ചാണ്ടിയുടെ വീട്ടുകാര്‍ തന്നോടു ക്ഷമിച്ചതിനാല്‍ തന്റെ വീടാക്രമിച്ചവരോട് താനും ക്ഷമിച്ചിരിക്കുന്നു എന്ന വിനായകന്റെ പ്രതികരണവും വന്നു. ഇതും തിരക്കഥയിലുള്ളതായിരുന്നു. വിനായകന്‍ സിനിമയിലേതുപോലെ നല്ല അഭിനയം കാഴ്ചവച്ചു. ഇതിനപ്പുറം പോലീസ് പോവില്ലെന്ന് അറിയാമായിരുന്നു. ഉമ്മന്‍ചാണ്ടി എന്ന ജനകീയനെ മരിച്ചാലും വെറുതെവിടില്ലെന്ന സിപിഎമ്മിന്റെ വിദ്വേഷ രാഷ്‌ട്രീയമാണ് അരങ്ങേറിയതെന്ന് വ്യക്തം. ഇതിനോടകം മികച്ച നടനെന്ന് പേരെടുത്ത വിനായകന്‍ എന്തിനിങ്ങനെ ഒരു വിടുപണി ചെയ്യുന്നുവെന്ന് പ്രേക്ഷകര്‍ ചിന്തിക്കാതിരിക്കില്ല.
ഇത്രയൊക്കെയായിട്ടും കോണ്‍ഗ്രസ്സ് നേതൃത്വം പാഠം പഠിക്കുന്നില്ല. പുതുപ്പള്ളിയില്‍നിന്ന് ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയെ സിപിഎമ്മിന്റെ കൂടി പിന്തുണയോടെ തെരഞ്ഞെടുക്കാമെന്നാണ് അവര്‍ പറയുന്നത്. ഒര്‍ത്ഥത്തില്‍ ഇതില്‍ യുക്തിയുണ്ട്. കേരളത്തിനുപുറത്ത് രണ്ട് പാര്‍ട്ടികളും ഒരേ മുന്നണിയിലാണ്. സംയുക്ത സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തുന്നു. എങ്കില്‍പ്പിന്നെ എന്തുകൊണ്ട് പുതുപ്പള്ളിയിലായിക്കൂടാ എന്ന ചിന്ത അസ്ഥാനത്തല്ല. പക്ഷേ കല്ലറയില്‍ വച്ച ഉമ്മന്‍ചാണ്ടിയുടെ ശരീരത്തിന്റെ ചൂട് നിലനില്‍ക്കെ ഇങ്ങനെയൊരു നിര്‍ദേശവുമായി വന്നതില്‍ കൃതഘ്‌നതയുണ്ട്. കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പിണറായി വിജയനെ ഉദ്ഘാടകനായി ക്ഷണിച്ചത് ഈ കൃതഘ്‌നതയുടെ പാരമ്യതയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതും. മുഖ്യമന്ത്രിയെന്ന നിലയ്‌ക്കുള്ള ഔപചാരികത മാത്രമാണിതെന്ന് പറയാമെങ്കിലും ചില കോണ്‍ഗ്രസ്സ് നേതാക്കളെ ഇതിന് പ്രേരിപ്പിച്ചത് മടിയില്‍ കനമുള്ളതുകൊണ്ടാണ്. എല്ലാ എതിര്‍പ്പുകള്‍ക്കിടയിലും പിണറായിയുടെ അനുഭാവം ഇവര്‍ക്ക് ആവശ്യമുണ്ട്. കൂറ് പരസ്യമായി പ്രഖ്യാപിച്ച് ഇവര്‍ വിശ്വാസ്യത തെളിയിക്കുകയാണ്.
(9544035418)
പ്രതികരിക്കാൻ ഇവിടെ എഴുതുക: