കൊല്ലം: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ നീക്കം. സിപിഎമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അടൂര്‍ കെഎപി-3 ബറ്റാലിയനില്‍ എച്ച്ക്യൂ കമ്പനിയിലെ ആര്‍. കൃഷ്ണകുമാറിനെതിരെയാണ് ആരോപണം. ഇദ്ദേഹം ബറ്റാലിയനില്‍ കൗണ്‍സിലറായതും ചട്ടം ലംഘിച്ചാണെന്ന് ആക്ഷേപം. എതിര്‍സ്ഥാനാര്‍ഥി ഉണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പ് നടത്താതെ കൃഷ്ണകുമാറിനെ ഏകപക്ഷീയമായി വിജയിപ്പിക്കുകയായിരുന്നു.
സംഘടനയുടെ ഭരണഘടന അനുസരിച്ച് പത്തുപേര്‍ക്ക് ഒരാള്‍ ആണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. രണ്ടു പേരെ തെരഞ്ഞെടുക്കണമെങ്കില്‍ വോട്ടര്‍മാരുടെ സംഖ്യ 16നു മുകളില്‍ ആകണം. എച്ച്ക്യു കമ്പനിയില്‍ ആകെ വോട്ടര്‍മാര്‍ 15 ആയിരുന്നു. കൃഷ്ണകുമാറിനെ കൂടാതെ അനില്‍കുമാറും പത്രിക നല്കി. മത്സരം നടന്നാല്‍ കൃഷ്ണകുമാര്‍ തോല്ക്കുമെന്ന് ഉറപ്പായതോടെ രണ്ടുപേരെയും തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.
പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ കൃഷ്ണകുമാറിനെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിക്കാനാണ് നീക്കം. നേരത്തെയും സിപിഎം ഇടപെടലില്‍ ഇദ്ദേഹം സംസ്ഥാന നിര്‍വാഹകസമിതിയില്‍ എത്തിയിട്ടുണ്ട്.
നെടുമ്പാശ്ശേരി ഇമിഗ്രേഷനില്‍ ജോലിനോക്കവെ സ്വര്‍ണക്കടത്ത് കേസില്‍ 2014ല്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലും മൂന്നു വര്‍ഷം സസ്‌പെന്‍ഷനിലും കഴിഞ്ഞ ഉദ്യോഗസ്ഥനാണ് കൃഷ്ണകുമാര്‍. ഇയാളുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തിരുന്നു. 2020ല്‍ സിഐ റാങ്കില്‍ നിന്ന് എസ്‌ഐ ആയി തരംതാഴ്‌ത്തി ട്രാന്‍സ്ഫര്‍ ചെയ്‌തെങ്കിലും കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി ചട്ടം ലംഘിച്ച് അടൂര്‍ ക്യാമ്പില്‍ തുടരുകയാണ്.
തുടര്‍ച്ചയായി മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ഒരു സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നതു മറികടന്ന് ആറുവര്‍ഷമായി അടൂര്‍ സെന്‍ട്രല്‍ പോലീസ് കാന്റീനില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് നേതൃത്വത്തിലേക്ക് എത്തിയാല്‍ ഈ പദവിയില്‍ തുടരാനാകും. പോലീസ് ക്യാമ്പില്‍ ദിവസവേതനക്കാരെ നിയമിക്കുന്നത് ഇയാള്‍ വഴിയാണ്. മാസം 18000 രൂപ ലഭിക്കുന്ന ജോലിയില്‍ ഇയാളുടെ ബന്ധുക്കളായ 65 വയസുകഴിഞ്ഞവരെ നിയമിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ കൃഷ്ണകുമാറിനൊപ്പം സസ്‌പെന്‍ഷനിലായ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ തിരികെ സര്‍വീസ് കയറിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: