പൂനെ: വാത്സല്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ അനേകായിരങ്ങളിലേക്ക് ആദര്‍ശം പകരുകയാണ് മദന്‍ദാസ് ദേവി ചെയ്തതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. താനുമായി ഒരിക്കല്‍ പരിചയപ്പെട്ട ഓരോ ആളെയും അദ്ദേഹം തന്നിലേക്ക് ആകര്‍ഷിച്ചു. അവരില്‍ സമര്‍പ്പണത്തിന്റെയും ആദര്‍ശത്തിന്റെ അഗ്നി ജ്വലിപ്പിച്ചു. സംയോജനത്തിന്റെയും സംഘാടനത്തിന്റെയും കലയുടെ മര്‍മ്മം അറിഞ്ഞ സമര്‍പ്പിത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സര്‍സംഘചാലക് പറഞ്ഞു.
കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന പ്രചാരകന് മദന്‍ദാസ് ദേവിയുടെ സ്മരണയ്ക്കായി പൂനെയിലെ മോതിബാഗില്‍ ചേര്‍ന്ന ശ്രദ്ധാഞ്ജലി സഭയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
ആയിരക്കണക്കിന് യുവാക്കളുടെ ഹൃദയങ്ങളെ മദന്‍ജി കീഴടക്കി. അദ്ദേഹം അവര്‍ക്ക് വഴികാട്ടിയും രക്ഷാകര്‍ത്താവുമായി. സംഘടനാപ്രവര്‍ത്തനവും വ്യക്തികളെ വ്യക്തികളുമായി കൂട്ടിയിണക്കുന്ന സംയോജനവും ഒരേ സമയം അദ്ദേഹം സമര്‍ത്ഥമായി നിര്‍വഹിച്ചു. ദുഷ്കരമായ ഈ ദൗത്യം ഒരു സ്ഥിതപ്രജ്ഞനായി അദ്ദേഹം അനായാസം നിര്‍വഹിച്ചു. മദന്‍ജിയുടെ വേര്‍പാട് സമ്മിശ്രമായ വികാരങ്ങളാണ് സൃഷ്ടിക്കുന്നത്. ജനനമരണങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ നിരുപാധികമായ സ്നേഹത്തിലൂടെ ബന്ധുത്വത്തിന്റെ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിക്കുന്ന ഒരാള്‍ മറയുമ്പോള്‍ അങ്ങനെ സമാധാനിക്കാനാവുന്നില്ല. സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളിലെ നിരവധി ആളുകളില്‍ മദന്‍ജിയുടെ വിയോഗം ശൂന്യത സൃഷ്ടിക്കുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ ഏറെ മുതിര്‍ന്നവര്‍ വരെ ആ ഗണത്തിലുണ്ട്. പ്രായഭേദമില്ലാതെ എല്ലാവരുടെ മനസ്സിനെ സ്പര്‍ശിക്കുന്ന സംയോജകത്വത്തിന്റെ കല പഠിക്കുകയും ആ വഴിയേ നടക്കുകയുമാണ് മദന്‍ജിക്ക് വേണ്ടി ചെയ്യാവുന്ന ഉചിതമായ ശ്രദ്ധാഞ്ജലി, മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.
എബിവിപി മുന്‍ അഖിലഭാരതീയ അധ്യക്ഷന്‍ പ്രൊഫ. മിലിന്ദ് മറാഠെ, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവരും സംസാരിച്ചു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, അഖില ഭാരതീയ കാര്യകാരി അംഗങ്ങളായ സുരേഷ് സോണി, അനിരുദ്ധ് ദേശ്പാണ്ഡെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: