ന്യൂദല്‍ഹി: എക്സിബിഷനുകള്‍ക്കും സമ്മേളനങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും വേണ്ടി രാജ്യതലസ്ഥാനത്ത് പ്രഗതി മൈതാനില്‍ ഉയര്‍ന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്ഥിരം കണ്‍വെന്‍ഷന്‍ സെന്‍ററായ ‘ഭാരതമണ്ഡപം’ പ്രധാനമന്ത്രി മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. 2700 കോടിയിലാണ് പുതിയ ഇന്ത്യയുടെ മുഖമായി മാറുന്ന അന്താരാഷ്‌ട്ര കണ്‍വെന്‍ഷന്‍ സെന്‍റര്‍ പ്രഗതി മൈതാനിയില്‍ ഉയര്‍ന്നിരിക്കുന്നത്.
സംസ്കൃതവും തമിഴും ചേരുന്ന പേരാണ് ഈ കണ്‍വെന്‍ഷന്‍ സെന്‍ററിന് നല്‍കിയിരിക്കുന്നത്- ഭാരത മണ്ഡപം. ഉദ്ഘാടനത്തിന് മുന്‍പ് നടന്ന ഹവനത്തിലും പൂജാച്ചടങ്ങുകളിലും മോദി പങ്കെടുത്തു. ഇതിന് പിന്നില്‍ പ്രവര‍്ത്തിച്ച മുഴുവന്‍ ജോലിക്കാരെയും മോദി പ്രത്യേകം അഭിനന്ദിച്ചു. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, രാജ്നാഥ് സിങ്ങ്,എസ്. ജയശങ്കര്‍, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ഏറെ പുതുമകള്‍ ഉണ്ടായിരുന്നു. ഉദ്ഘാടനം ചെയ്ത് മോദി സ്വിച്ച് അമര്‍ത്തിയപ്പോള്‍ ഭാരതമണ്ഡപം എന്ന് എഴുതിയ ബാനറുമായി ഒരു ഡ്രോണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്നില്‍ പറന്നുയര്‍ന്നു. അധികം വൈകാതെ ഡ്രോണില്‍ മടക്കിവെച്ചിരുന്ന പതാക പൂര്‍ണ്ണമായും വിരിഞ്ഞപ്പോള്‍ ഭാരതമണ്ഡപം എന്നെഴുതിയിരുന്നു. വന്‍കരഘോഷമായിരുന്നു അപ്പോള്‍ സദസ്സില്‍ നിന്നുയര്‍ന്നത്.
നിലവിലുണ്ടായിരുന്ന കെട്ടിടത്തിനെ ആകെ മാറ്റിപ്പണിതതാണ് പുതിയ കണ്‍വെന്‍ഷന്‍ സെന്‍റര്‍. 123 ഏക്കറാണ് ഭാരതമണ്ഡപത്തിന്റെ കാമ്പസ്. എക്സിബിഷനുകള്‍, സമ്മേളനങ്ങള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയ്‌ക്കെല്ലാം ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററാണിത്.
ഭാരതമണ്ഡപത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓര്‍മ്മപുതുക്കുന്ന സ്റ്റാമ്പുകളും നാണയങ്ങളും മോദി പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: