Categories: India

മോദിയ്‌ക്ക് ഐഎംഎഫിന്റെ കയ്യൊപ്പ് ;ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 20 ബേസിസ് പോയിന്‍റ് കൂട്ടി ഐഎംഎഫ്; 2023ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.1 ശതമാനം

Published by

ന്യൂദല്‍ഹി: മോദി ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് പറയുന്നത് വാചകമല്ല, സത്യമാണെന്ന് വിളിച്ചുപറയുന്നതാണ് ഐഎംഎഫ് (അന്താരാഷ്‌ട്ര നാണ്യനിധി) ജൂലായ് 25ന് പുറത്തിറക്കിയ ലോക സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. കാരണം ഇന്ത്യയുടെ  നടപ്പുവര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 20 ബേസിസ് പോയിന്‍റ് കൂടി കൂട്ടി 6.1 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഐഎംഎഫ്.  

ലോകരാഷ്‌ട്രങ്ങളെല്ലാം സാമ്പത്തിക മാന്ദ്യത്തിലും പണപ്പെരുപ്പത്തിന്റെ ഞെരുക്കത്തിലും മുങ്ങിനില്‍ക്കെയാണ്, ഇന്ത്യയുടെ  2023-24 സാമ്പത്തിക വര്‍ഷത്തെ (2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലഘട്ടം)  മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 6.1 ശതമാനമാക്കി ഐഎംഎഫ് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ ഇത് 5.9 ശതമാനമായിരിക്കുമെന്നായിരുന്നു ഐഎംഎഫ് പ്രവചിച്ചിരുന്നത്. 

യുഎസില്‍ പോലും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച വെറും 3 ശതമാനം ആണ്.  നടപ്പു സാമ്പത്തിക വര്‍ഷം ചൈനയില്‍ 5.2 ശതമാനം സാമ്പത്തിക വളര്‍ച്ച മാത്രമാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ലോകത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വളര്‍ച്ച പ്രവചിക്കുന്നത് ഇന്ത്യയിലാണ്. യൂറോ മേഖലയില്‍ വെറും 0.9 ശതമാനവും യുകെയില്‍ വെറും 0.4 ശതമാനവും ജപ്പാനില്‍ 1.4 ശതമാനവും റഷ്യയില്‍ 1.5 ശതമാനവും ബ്രസീലില്‍ 2.1 ശതമാനവും മാത്രമാണ് 2023-24 കാലഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത്.  

ഇന്ത്യയുടെ വളര്‍ച്ചയില്‍ ഐഎംഎഫ് 20 ബേസിസ് പോയിന്‍റ് ഉയര്‍ത്തിയതിന് കാരണം  കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ (2022-23) അവസാനപാദമായ ജനവരി-മാര്‍ച്ച് കാലത്തില്‍ ഇന്ത്യനേടിയ വളര്‍ച്ചയാണ്. അത് മൂലമാണ് ഇന്ത്യയുടെ 2023-24ലെ സാമ്പത്തിക വളര്‍ച്ച നേരത്തെ നിശ്ചയിച്ചിരുന്ന  5.9 ശതമാനത്തില്‍ നിന്നും 6.1 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്.  “ഇന്ത്യയുടെ 2023-24ലെ സാമ്പത്തിക വളര്‍ച്ച 0.2 ശതമാനത്തിന്റെ തിരുത്തിന് കാരണം 2022-23ലെ അവസാന സാമ്പത്തിക പാദമായ 2023 ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് നേടിയ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന  വളര്‍ച്ച കണക്കിലെടുത്താണ്. ഇനിത് കാരണം ഇന്ത്യയിലെ ആഭ്യന്തര നിക്ഷേപത്തിലെ കരുത്താണ്. – ഐഎംഎഫ് ജൂലായ് 25ന് പുറത്തിറക്കിയ ലോക സാമ്പത്തിക അവലോകന (വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്) റിപ്പോര്‍ട്ടില്‍ പറയുന്നു.  

അതേ സമയം ഇന്ത്യയില്‍ റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരും നടപ്പ് സാമ്പത്തിക വര്‍ഷം 6.5 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ചില സ്വകാര്യ സാമ്പത്തിക വിദഗ്ധര്‍ ഇന്ത്യയുടെ വളര്‍ച്ച 6ശതമാനത്തിനടുത്താണ് പ്രവചിക്കുന്നത്. അവര്‍ അതിന് കാരണമായി പറയുന്നത് റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക ലോകരാഷ്‌ട്രങ്ങളിലെയും സെന്‍ട്രല്‍ ബാങ്കുകള്‍ അവരുടെ പണനയം കൂടുതല്‍ കര്‍ശനമാക്കിയത് ആഗോള സാമ്പത്തിക വളര്‍ച്ചാസാധ്യത ദുര്‍ബലപ്പെടുത്തുമെന്നതിനാലാണ്.  

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ബിഗ് സല്യൂട്ട് കൊടുക്കുകയാണ് പുതുതായി ലോക ബാങ്ക് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അജയ് ബംഗ. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഈയിടെ നടന്ന ജി20 ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ അദ്ദേഹം പറഞ്ഞത് ഇതാണ്:” ഇന്നത്തെ ഇന്ത്യയെക്കുറിച്ച് ഞാന്‍ പണ്ടെന്നെത്തേതിനേക്കാള്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസമുള്ളയാളാണ്. “

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക