അയ്മനം: വിഭാഗീയതയെ തുടര്‍ന്ന് രാജിവച്ച അയ്മനം പഞ്ചായത്ത് പ്രസിഡന്റിനു പകരം ആളെ കണ്ടെത്താനാകാതെ സിപിഎം. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സബിതാ പ്രേംജിയുടെ രാജിയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്.
ഏറെ നാളായി പാര്‍ട്ടിക്കുള്ളില്‍ നീറിപ്പുകയുന്ന വിഭാഗീയതയാണ് രാജിക്കു കാരണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആക്ഷേപം. മുന്‍ ധാരണ പ്രകാരവും ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നുമാണ് സബിത പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്നാണ് സിപിഎം വിശദീകരണം. എന്നാല്‍ വസ്തുത മറിച്ചാണെന്നും നാലാം വാര്‍ഡില്‍ നിന്ന് വിജയിച്ച വിജി രാജേഷുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയാണ് സബിതയുടെ രാജിയിലെത്തിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
മുന്‍ധാരണ പ്രകാരമാണ് രാജിയെങ്കില്‍ പ്രസിഡന്റ് രാജിവച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും പുതിയ പ്രസിഡന്റിനെ തീരുമാനിക്കുവാന്‍ ഇതുവരെ കഴിഞ്ഞില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയാണ് നാലാം വാര്‍ഡ് മെമ്പര്‍ വിജി രാജേഷ്. ആ സ്ഥാനം രാജിവച്ചു വേണം ഇവര്‍ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍.
20 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ് 10, (സിപിഎം 8, സിപിഐ 2), ബിജെപി 7, കോണ്‍ഗ്രസ് 3 എന്നിങ്ങനെയാണ് കക്ഷിനില. നേരത്തെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സബിതയെയും, ബിജെപി ദേവകി ടീച്ചറെയും, കോണ്‍ഗ്രസ് സുമ പ്രകാശിനെയും സ്ഥാനാര്‍ത്ഥിയാക്കിയാണ് മത്സരിച്ചത്.
രാഷ്ട്രീയ അട്ടിമറി സംഭവിച്ചാല്‍ ഇടതുപക്ഷത്തിന് ഭരണം തന്നെ നഷ്ടമാകും. ആഗസ്ത് രണ്ടിനായിരിക്കും തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: