കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ കൊലവിളി മുദ്രാവാക്യത്തില്‍ കേസെടുത്ത് പോലീസ്. മതവികാരം വ്രണപ്പെടുത്തലിനും അന്യായമായ സംഘം ചേരലിനുമാണ് കേസെടുത്തത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. കലാപഹ്വാന സമാനമായ മുദ്രാവാക്യം ഉയര്‍ന്നിട്ടും കേസെടുക്കാത്ത പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കണ്ടാല്‍ അറിയാവുന്ന 300 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഹോസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്.
അതേസമയം, റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച ലീഗ് പ്രവര്ത്തകന് അബ്ദുല്‍ സലാമിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് അറിയിച്ചു. ലീഗിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായും അച്ചടിച്ച് നല്‍കിയതില്‍ നിന്ന് വിഭിന്നമായും വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റായിട്ടാണ് പാര്‍ട്ടി കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ അബ്ദുല്‍ സലാമിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നുവെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: