ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തിലുളള ചര്‍ച്ചയില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കത്തയച്ചു.ലോക് സഭയിലെ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കാണ് ആഭ്യന്തരമന്ത്രി കത്തയച്ചത്.
മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അതീതമായി എല്ലാ പാര്‍ട്ടികളുടേയും സഹകരണം അഭ്യര്‍ത്ഥിച്ചുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രശ്ന പരിഹാരത്തിന് എല്ലാ പാര്‍ട്ടികളും സഹകരിക്കുമെന്ന് അമിത് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.
മണിപ്പൂര്‍ ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട അതിര്‍ത്തി സംസ്ഥാനമാണെന്ന് ആഭ്യന്തരമന്ത്രി കത്തില്‍ പറഞ്ഞു. മണിപ്പൂരിലെ കഴിഞ്ഞ ആറ് വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ പ്രദേശം സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ യുഗം അനുഭവിക്കുകയായിരുന്നു. എന്നാല്‍ ചില കോടതി വിധികള്‍ കാരണം മണിപ്പൂരില്‍ മേയ് മാസം തുടക്കത്തില്‍ അക്രമം നടന്നതായി അമിത് ഷാ പറഞ്ഞു. ലജ്ജാകരമായ ചില സംഭവങ്ങളും ഇക്കാലയളവില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
പാര്‍ലമെന്റ് പാര്‍ട്ടി വ്യത്യാസങ്ങള്‍ക്കതീതമായി ഉയര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. മണിപ്പൂരിലെ സമാധാനത്തിനായി പാര്‍ലമെന്റ് അംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് മണിപ്പൂരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: