ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലയ്‌ക്കുന്നു. ഒപി ദിവസങ്ങളില്‍ 1200 ലധികം രോഗികളെത്തുന്ന ആശുപത്രിയില്‍ ആകെയുള്ളത് രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ്. ആശുപത്രിയില്‍ നിലവില്‍ നാല് ഡോക്ടര്‍മാരുടെ കുറവുണ്ട്. മഴക്കാലമായതിനാല്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുകയാണ്. ഒപി അല്ലാത്തദിവസങ്ങളില്‍ അഞ്ഞൂറിനടുത്തും രോഗികള്‍ ഈ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്.
ഇതിന് പുറമെ വര്‍ക്കിംഗ് അറേഞ്ച്മെന്റിന്റെ പേരില്‍ മറ്റു ആശു്പത്രികളിലേയ്‌ക്ക് ഡോക്ടര്‍മാര്‍ പോകുന്നതോടെ നിലവിലുളളവരുടെ ജോലി ഇരട്ടിയാകും. ഇപ്പോള്‍ തന്നെ ഒരു ഡോക്ടര്‍ അടുത്ത ദിവസം രാജിവയ്‌ക്കും ആ ഒഴിവില്‍ ആളില്ലാത്ത അവസ്ഥയാകും.പനിയും പകര്‍ച്ചവ്യാധികളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിലവില്‍ ഇവിടെയുള്ള രണ്ട് ഡോക്ടര്‍മാരെക്കൊണ്ട് ഇത്രയും രോഗികളെ ചികിത്സിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
പനിബാധിച്ച ഒരു രോഗിയെത്തിയാല്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നാല്‍ മാത്രമേ ഡോക്ടറെ കാണാന്‍ കഴിയൂ.അതേസമയം, മിഠായി ക്ലിനിക് പോലെയുള്ള സംവിധാനം ഇവിടെയില്ല.ജീവിതശൈലീരോഗങ്ങള്‍ക്കായുള്ള പ്രത്യേകസംവിധാനം മാത്രമാണുള്ളത്. കൂടാതെ ജീവന്‍രക്ഷാമരുന്നുകളുടെ ലഭ്യതക്കുറവും ഉണ്ട്. മറ്റ് മരുന്നുകള്‍ആവശ്യത്തിനുണ്ട്. ആരോഗ്യവകുപ്പില്‍ നിന്നും മെഡിക്കല്‍ കോര്‍പ്പറേഷനില്‍ നിന്നുംവിതരണം ചെയ്യേണ്ട ചില മരുന്നുകളുടെ വിതരണം ഇപ്പോള്‍ നിലച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി താലൂക്ക് ആസ്പത്രിയില്‍ ഇത്തരം മരുന്നുകളുടെയും ചെറിയശേഖരമുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: