ചാലക്കുടി: ചാലക്കുടി നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. നഗരസഭ എന്‍ജിനിയറിങ്ങ് വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ പതിമൂന്നോളം ഫയലുകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. തൃശൂരില്‍ നിന്നുള്ള സംഘം ഇന്നലെ രാവിലെ മുതല്‍ നടത്തിയ പരിശോധന വൈകുന്നേരം വരെ നീണ്ടു.
നഗരസഭ എന്‍ജിനിയറിങ്ങ് വിഭാഗത്തെക്കുറിച്ചും നഗരത്തിലെ പ്രമുഖ കെട്ടിടങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച നിരവധി പരാതികളുടെയും അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് റെയിഡ്. മുന്‍ നഗരസഭ കൗണ്‍സിലര്‍ എം.ജെ. തോമസ് അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു.
ചാലക്കുടി വ്യാപാരഭവന് കെട്ടിടം, മുന്‍ നഗരസഭ ചെയര്‍മാന്റെ ഉടമസ്ഥതയിലുള്ള മൂന്ന് കെട്ടിടങ്ങള്‍, ചാലക്കുടിയിലെ കട്ടക്കയം ബില്‍ഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും മറ്റും അനധികൃതമായും പാര്‍ക്കിങ്ങ് ഏരിയ പോലും കടമുറികളാക്കി വിറ്റതായുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങളിലും മതിയായ പാര്‍ക്കിങ്ങ് സംവിധാനമില്ല. റോഡുകളിലും മറ്റുമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ചാലക്കുടി കെഎസ്ആര്‍ടിസി റോഡിലുള്ള സുപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങ് ഏരിയ അടച്ചുകെട്ടി ഓഫീസായി പ്രവര്‍ത്തിച്ചത് വലിയ വിവാദമായിരുന്നു.
നഗരത്തിലെ പല വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പാര്‍ക്കിങ്ങ് ഏരിയ അടച്ചുകെട്ടിയ നിലയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: