കൊച്ചി : സംസ്ഥാനത്തെ ലഹരി ഉപയോഗ കേസുകളിലുണ്ടായിരുന്ന ശിക്ഷാ ഇളവുകള്‍ റദ്ദാക്കി. സംസ്ഥാനത്തെ ലഹരി ഉപയോഗ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ജയില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഇളവുകള്‍ റദ്ദാക്കിയത്.
ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ലഹരികേസ് പ്രതികള്‍ക്ക് മറ്റ് പ്രതികളെപ്പോലെ തന്നെ പരോളിന് അനുമതി ലഭിച്ചിരുന്നതാണ്. പുതിയ ഉത്തരവോടെ ഇത് നഷ്ടമായിരിക്കുകയാണ്. ലഹരികേസില്‍ ശിക്ഷിക്കപ്പെട്ടശേഷം പുറത്തിറങ്ങുന്ന പ്രതികള്‍ വീണ്ടും കുറ്റകൃത്യം ആവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടികളില്‍ അടക്കം മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചു വരികയാണെന്ന നിരീക്ഷണത്തിലാണ് പുതിയ ഉത്തരവ്.
ഇതു പ്രകാരം ലഹരി കേസില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ ശിക്ഷാകാലയളവ് പൂര്‍ത്തിയാകും വരെ ജയിലില്‍ തന്നെ തുടരേണ്ടിവരും. സാധാരണ, അസാധാരണ അവധി എന്നിങ്ങനെ ഇനി പരോളിനായി അപേക്ഷ നല്‍കാന്‍ സാധിക്കില്ല.
സംസ്ഥാനത്തെ ജയിലുകളില്‍ ഇപ്പോഴുള്ള തടവുകാരില്‍ ഭൂരിഭാഗവും പോക്സോ കേസുകളിലും ലഹരി കേസുകളിലും ഉള്‍പ്പെട്ടവരാണ്. പോക്സോ കേസുകളിലെ പ്രതികള്‍ക്ക് നേരത്തെ പരോള്‍ പോലെയുള്ള ഇളവുകള്‍ക്ക് അര്‍ഹതയില്ല. അക്കൂട്ടത്തിലേക്കാണ് ലഹരി കേസുകളിലെ പ്രതികളെക്കൂടി ഉള്‍പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: