തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂര്‍വമാണോ അതോ സാങ്കേതിക പ്രശ്‌നമാണോ എന്നാണ് പരിശോധിക്കുക. പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്നാണ് എഫ്ഐആറിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ല. ആരേയും പ്രതി ചേര്‍ത്തിട്ടുമില്ല. കന്റോണ്‍മെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. കേസെടുത്തതിനു പിന്നാലെയാണ് മൈക്കും ആംപ്ളിഫയറും പിടിച്ചെടുത്തത്.
മൈക്ക് തടസപ്പെട്ട സംഭവത്തില്‍ പരിപാടിയില്‍ ഉപയോഗിച്ച മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പരിശോധിക്കും. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ആണ് പരിശോധിക്കുക. കേരള പോലീസ് 118 E KPA ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടത് സാങ്കേതിക പ്രശ്‌നമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ, പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട കേരള പോലീസിലെ ആക്ടാണ് 118 E KPA.
തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രസംഗിച്ചതിന് പിന്നാലെ സംസാരിക്കാന്‍ മുഖ്യമന്ത്രി എഴുന്നേറ്റതിന് പിന്നാലെ ഉമ്മന്‍ ചാണ്ടി അനുകൂല മുദ്രാവാക്യം വിളിയുയര്‍ന്നത് വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരോട് നിശബ്ദനാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ സിപിഎം നേതാക്കള്‍ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: