കാസര്‍കോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി പാഠ്യപദ്ധതി പരിഷ്കരിച്ച് കേരള കേന്ദ്ര സര്‍വകലാശാല. മള്‍ട്ടിപ്പിള്‍ എന്‍ട്രി എക്സിറ്റ്, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്, ഇന്റേണ്‍ഷിപ്പ്, തൊഴില്‍ നൈപുണി കോഴ്സുകള്‍ തുടങ്ങി പുതിയ നയത്തിന്റെ പ്രധാന നിര്‍ദേശങ്ങളെല്ലാം സര്‍വകലാശാല നടപ്പിലാക്കിക്കഴിഞ്ഞു. സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ഒരു വര്‍ഷം പൂര്ത്തിയാക്കിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ഒരു വര്‍ഷത്തിനുശേഷം പഠനം നിര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷത്തിനുള്ളില്‍ തിരിച്ചുവന്ന് കോഴ്സ് പൂര്‍ത്തിയാക്കാം. മറ്റേതെങ്കിലും സര്‍വകലാശാലയോ കോളജുകളോ ഇതിനായി തെരഞ്ഞെടുക്കാനും സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പുകളും നിര്‍ബന്ധമാക്കി. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട മികവ് ആര്‍ജ്ജിക്കുന്നതിന് ഓരോ പഠന വകുപ്പും പ്രത്യേകമായി കോഴ്സുകള്‍ നല്‍കുന്നുണ്ട്. അംഗീകൃത ഓണ്‍ലൈന്‍ കോഴ്സുകള്‍, മറ്റ് സര്‍വകലാശാലകളിലെയോ കോളജുകളിലെയോ കോഴ്സുകളും വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാനും സാധിക്കും.
കേന്ദ്ര സര്‍വകലാശാലയില്‍ കൂടുതല്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കും
കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ ദേശീയ വിദ്യാഭ്യാസനയം (എന്‍ഇപി 2020) നിര്‍ദേശിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ കൂടുതലായി ആരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എജ്യൂക്കേഷന്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നുണ്ട്. എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ബിഎസ്സി ബിഎഡ് (ഫിസിക്സ്), ബിഎസ്സി ബിഎഡ് (സുവോളജി), ബിഎ ബിഎഡ് (ഇംഗ്ലീഷ്), ബിഎ ബിഎഡ് (എക്കണോമിക്സ്), ബികോം ബിഎഡ് എന്നീ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമുകളാണ് ആരംഭിക്കുന്നത്. ബികോം ബിഎഡിന് അമ്പതും മറ്റുള്ളവക്ക് 25 വീതവും സീറ്റുകളാണുള്ളത്.
ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ നിലവിലുള്ള മൂന്ന് വര്‍ഷ യുജി പ്രോഗ്രാം ഈവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമായി മാറ്റും. ബിഎ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ഇന്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നതാണ് പ്രോഗ്രാം. പ്രധാന ഐച്ഛിക വിഷയത്തില്‍ മേജര്‍ ബിരുദവും മറ്റു വിഷയങ്ങളില്‍ മൈനര്‍ ബിരുദങ്ങളും ഒരേ കോഴ്സിന്റെ ഭാഗമായി ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. അവസാന വര്‍ഷം മേജര്‍ വിഷയത്തില്‍ ഗവേഷണം നടത്താനും സാധിക്കും. ഇങ്ങനെ ചെയ്യുന്ന വിദ്യാര്‍ത്ഥിക്ക് പിജി ഇല്ലാതെ തന്നെ പിഎച്ച്ഡിക്ക് ചേരാം.
വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നാല് വര്‍ഷ പ്രോഗ്രാമുകള്‍ പരിഗണനയിലാണ്. ഒന്നിലധികം ഡിപ്പാര്‍ട്ട്മെന്റുകളെ ഉള്‍പ്പെടുത്തിയുള്ള മള്‍ട്ടി ഡിസിപ്ലിനറി ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതും ചര്‍ച്ചയിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. കേരളത്തിനും പ്രത്യേകിച്ച് കാസര്‍കോട് ജില്ലക്കും നേട്ടമാകും. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 70 കോടി രൂപയുടെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. ക്ലാസ് മുറികള്‍, ലാബുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിനാണ് പ്രഥമ പരിഗണന.
വാര്‍ത്താസമ്മേളനത്തില്‍ ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത്.ജി.കുമാര്‍, എന്‍ഇപി 2020 ഇംപ്ലിമെന്റേഷന്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ. ജോസഫ് കോയിപ്പള്ളി, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ. സുജിത് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: