തൃശൂര്‍: കേരളത്തിലെ സ്ത്രീവിരുദ്ധതക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യന് ആവശ്യപ്പെട്ടു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പോലും പീഡനങ്ങള്‍ക്ക് അവസരമാക്കുന്നുവെന്ന വളരെ ഗുരുതരമായ വിഷയമാണ് മലപ്പുറം ജില്ലയില്‍ അംഗപരിമിതര്‍ക്കായുള്ള ചാരിറ്റി സ്ഥാപനത്തിന്റെ മറവിലെ പീഡന വാര്‍ത്ത സൂചിപ്പിക്കുന്നത്. നീചവും ക്രൂരവുമായ മാനസികാവസ്ഥയിലുള്ള വ്യക്തിയായിരിക്കും ആരോപണ വിധേയനായ സൈഫുള്ളയെന്ന് വ്യക്തമാണ്.
ഈ വിഷയത്തില്‍ നിഷ്പക്ഷമായ ഇടപെടല്‍ ഉണ്ടാവുമെന്നും ഒത്തുതീര്‍പ്പ് സമ്മര്‍ദ്ദങ്ങള്‍ ആരും ഇരകള്‍ക്ക് മേല്‍ ചെലുത്തില്ലെന്നുകൂടി മുഖ്യമന്ത്രി ഉറപ്പാക്കണമെന്ന് അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങളെ കൊണ്ട് മണിപ്പൂര്‍ സംഭവങ്ങളില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കാന്‍ കുടുംബശ്രീ മിഷന് ആവശ്യപ്പെട്ടതിനു പിന്നിലെ രാഷ്ട്രീയം മനസിലാക്കാത്തവരാണ് കേരളീയര്‍ എന്ന് ചിന്തിക്കരുത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പീഡനങ്ങള്‍ നടക്കുമ്പോള്‍ മാത്രം ഉയരുന്ന പ്രതിഷേധങ്ങള്‍ കൊണ്ട് കേരളത്തിന് എന്താണ് ഗുണം എന്നതും ഇത്തരത്തില്‍ കുടുംബശ്രീയെ ഉപയോഗിക്കുന്നതിന് അധികാരം നല്‍കുന്നത് ആരെന്നും മുഖ്യമന്ത്രി പറയണം. സ്ത്രീ സുരക്ഷക്കായി പ്രതിജ്ഞയെടുക്കേണ്ടത് ഇരകള്‍ ആകുന്ന സ്ത്രീകളോ അതോ വേട്ടക്കാരോ എന്ന് ചോദിക്കാന്‍ പോലും തന്റെടമില്ലാത്ത അടിച്ചമര്‍ത്തപ്പെട്ടവര്‍, അതനുസരിക്കാന്‍ വിധിക്കപ്പെട്ടവരായി അത്തരം ആഹ്വാനങ്ങള്‍ ഏറ്റെടുക്കുന്നതും കണ്ട് സ്ത്രീ മനസ് ഭരണകൂടത്തിനൊപ്പമെന്നു ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്ന് ഓര്‍മിപ്പിക്കുന്നു. കലാപകലുഷിത സാഹചര്യങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ കാണിക്കുന്ന പ്രതിഷേധങ്ങള്‍ സ്വന്തം നാട്ടില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങളിലും ബാലപീഡനങ്ങളിലും കാണിക്കാന്‍ തയ്യാറാവണം. അല്ലാതെയുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ആഭ്യന്തരം കൈയാളുന്നവര്‍ അവലംബിക്കുന്ന വിവേചനപരമായ നിലപാടുകള്‍ അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നും അഡ്വ. നിവേദിത സുബ്രഹ്മണ്യന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: