ന്യൂദല്‍ഹി : മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമൊതലില്‍ കൃത്രിമം കാണിച്ചെന്ന കേസിലെ പുനരന്വേഷണം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പുനരന്വേഷണത്തിന് നിര്‍ദ്ദേശിച്ച ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ മന്ത്രി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നായിരുന്നു കേസ്. കേസില്‍ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍.
ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എഫ്‌ഐആര്‍ റദ്ദാക്കിയെങ്കിലും കോടതി നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ നിര്‍ദ്ദേശം നല്‍കുകയും, തിരുവനന്തപുരം സിജെഎം കോടതി പുനരന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതാണിപ്പോള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.
പുനരന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസും അയച്ചിട്ടുണ്ട്. കുറ്റപത്രം റദ്ദാക്കിയതില്‍ ഹര്‍ജി നല്‍കിയ അജയനെതിരേയും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആറാഴ്ചയ്‌ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
33 വര്‍ഷം മുമ്പുള്ള കേസിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിലോ എഫ്‌ഐആറിലോ ആരോപണവും ഇല്ലാതിരുന്ന കേസാണിത്. രാഷ്‌ട്രീയ പ്രേരിതമായാണ് പേര് കുറ്റപത്രത്തില്‍ ഉള്‍കൊള്ളിച്ചിരുന്നതെന്നും ആന്റണി രാജുവിന് വേണ്ടിമ ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: