ജയകുമാര്‍.എ
നീണ്ട അഞ്ചു പതിറ്റാണ്ടു ഭാരതം മുഴുവന്‍ യാത്രചെയ്തു സംഘദര്‍ശനം യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും, ഗ്രാമഗ്രാമാന്തരങ്ങളിലെ സാധാരണക്കാര്‍ക്കും പകര്‍ന്നു നല്കിയ നിസ്വാര്‍ത്ഥ സാമൂഹ്യപ്രവര്‍ത്തകനാണ് സംഘപ്രചാരകനായിരുന്ന മദന്‍ദാസ്ജി. അദ്ദേത്തിന്റെ ദേഹ വിയോഗം നമ്മുടെ സാമൂഹ്യ മണ്ഡലത്തില്‍ വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്.
സൗമ്യനും മിതഭാഷിയുമായ മദന്‍ദാസ്ജി മഹാരാഷ്ട്രയിലെ സോലാപൂരിലാണ് ജനിച്ചത്. മുംബൈയില്‍ നിന്നും സി.എ പാസായതിനുശേഷം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനായി. നീണ്ട അന്‍പത്തിയാറുവര്‍ഷം സംഘത്തിന്റെ പ്രചാരകന് എന്ന പ്രവര്‍ത്തനത്തില്‍ അദ്ദേഹം മുഴുകി. അതില്‍ ഇരുപത്തിരണ്ടുവര്ഷവും അദ്ദേഹം വിദ്യാര്‍ഥികളുടേയും യുവാക്കളുടെയും ഇടയിലാണ് പ്രവര്‍ത്തിച്ചത്. 1970 ല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ തിരുവനന്തപുരത്തുവച്ചുനടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ മദന്‍ദാസ്ജിയെ അതിന്റെ അഖിലേന്ത്യാ സംഘടനാ സെക്രട്ടറിയായി പ്രഖ്യാപിച്ചു. അതുകൊണ്ടുകൂടി തന്നെ മദന്‍ദാസ്ജിക്ക് കേരളവും കേരളത്തിലെ സംഘപ്രവര്‍ത്തകരും വളരെ പ്രിയപ്പെട്ടതായിരുന്നു. 1992 മുതല്‍ അദ്ദേഹം സംഘത്തിന്റെ ചുമതലയില്‍ അഖിലഭാരതീയ പ്രചാരക് പ്രമുഖായും സഹസര്‍കാര്യവാഹ് ആയും അഖില ഭാരതീയ കാര്യകാരി സദസ്യനായും രണ്ടുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു.
എബിവിപിയുടെ പ്രവര്‍ത്തനം, അടിയന്തരാവസ്ഥ കാലഘട്ടത്തിലും അതിനുശേഷവും നിര്‍ണായക തീരുമാനങ്ങളിലൂടെ, വളര്‍ത്തിയതില്‍ മദന്ദാസ്ജിക്കുള്ള പങ്ക് വളരെ വലുതാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം 1977 മുതല്‍ 1981 വരെ എല്ലാ സര്‍വകലാശാല തെരഞ്ഞെടുപ്പുകളില്‍ നിന്നും എബിവിപി മാറിനില്‍ക്കുകയും, ഭാവാത്മക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും, അതിലൂടെ എബിവിപിയുടെ സംഘടനാബലം പുനര്‍ജീവിപ്പിച്ചതും മദന്‍ദാസ്ജിയുടെ നേതൃത്വഗുണമായിരുന്നു.
മദന്‍ദാസ്ജിയുടെ കൈകളിലൂടെ, ചിന്തകളിലൂടെ വളര്‍ന്നുവന്നവര്‍, പിന്നീട് ഭാരതത്തിന്റെ വിവിധ മേഖലകളില്‍ നേതൃത്വം കൊടുക്കുന്നവരായി. രാഷ്ട്രീയരംഗത്തും, ബൗദ്ധിക കേന്ദ്രങ്ങളിലും, നയതന്ത്രവിഭാഗങ്ങളിലുമൊക്കെ ‘മദന്‍ജി സ്പര്‍ശം’’ ഉള്ളവര്‍ സൃഷ്ടിക്കപ്പെട്ടു. അവരെല്ലാം രാഷ്ട്രത്തിന്റെ നേതൃത്വത്തില്‍ വരാന്‍ തക്കവണ്ണമുള്ള പ്രതിഭാശാലികളായിരുന്നു. ഇവിടെ ആരുടെയും പേരെടുത്ത പറയുന്നില്ല. സംഘത്തിന്റെ വിവിധ ക്ഷേത്രസംഘടനകളില് മിക്കതിലും നേതൃത്വം കൊടുക്കുവാന്‍ തക്ക കഴിവുറ്റവരെ മദന്‍ജി സശ്രദ്ധം വളര്ത്തയെടുത്തു. കേന്ദ്രഭരണത്തിന്റെ ഏഴയലത്തുപോലും ബിജെപി ഇല്ലാതിരുന്ന സമയത്തും വിദ്യാര്‍ത്ഥിപരിഷത്ത് ദല്‍ഹി സര്‍വകലാശാല അടക്കം അനവധി സര്‍വകലാശാലകളില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയതിന് കാരണം മദന്‍ദാസ്ജിയുടെ ദീര്‍ഘവീക്ഷണവും സംഘടനാപാടവും ആയിരുന്നു.
കേരളത്തിലെ സംഘകാര്യാലയങ്ങളില്‍ സുപരിചിതനായിരുന്നു മദന്‍ജി. നൂറുകണക്കിന് വീടുകളില്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. മദന്ജിക്കു കുറെയൊക്കെ മലയാളം മനസ്സിലാകുമായിരുന്നു. കേരളത്തില്‍ നിരവധി പ്രചാരകന്മാരുമായി അദ്ദേഹത്തിന് സുഹൃത്തുക്കളെപോലെ അടുപ്പവും ഉണ്ടായിരുന്നു. അത്രകൊണ്ടുതന്നെ മദന്‍ജിയുടെ ദേഹവിയോഗം കേരളക്കരയിലും വേദന തരുന്ന ഒന്നാണ്.
അടല്‍ ബിഹാരി വാജ്പേയ്ജിയുടെ ഭരണകാലത്ത് സംഘവും ബിജെപിയും തമ്മിലുള്ള കോ-ഓര്‍ഡിനേഷന്‍ നിര്‍വ്വഹിച്ചിരുന്നത് മദന്‍ജി ആയിരുന്നു. ഒരുപക്ഷേ ഏറ്റവും വിഷമം പിടിച്ച ഒരു കാലഘട്ടം. സ്വദേശി ജാഗരണ്‍ മഞ്ചും, ബിഎംഎസും കിസാന്‍ സംഘും ഒക്കെ ദല്‍ഹി ഭരണകൂടത്തിനെതിരെ ജനകീയ സമരത്തിനാഹ്വാനം ചെയ്യുകയും മദന്‍ദാസ്ജിയെ പത്രക്കാരുടെ വലയില്‍ അകപ്പെടുത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ അദ്ദേഹം കൈകാര്യം ചെയ്തു. നയതന്ത്രജ്ഞതയിലും, ആത്മവിശ്വാസത്തിന്റെ കരുത്തിലും നിസ്വാര്‍ത്ഥ ജീവിതത്തിന്റെ പവിത്രതയിലും മദന്‍ജി സര്‍ക്കാരിനേയും സംഘത്തിനേയും ഒരുപോറലുപോലും ഏല്പിക്കാതെ സംരക്ഷിക്കുകയായിരുന്നു.
മദന്‍ദാസ്ജി ആശ്വാസം ഏകിയിരുന്നത് വ്യക്തികള്‍ക്ക് മാത്രമല്ല, സംഘപ്രസ്ഥാനങ്ങളുടെയും ധാരാളം സംഘേതര സ്ഥാപനങ്ങളുടെയും രക്ഷാകര്‍തൃത്വം മദന്ജിക്കുണ്ടായിരുന്നു. വ്യക്തികളുടെ പ്രശ്നങ്ങളില്‍ ആശ്വാസം പകര്‍ന്നു നല്കുമ്പോള്, മറ്റു പ്രസ്ഥാനങ്ങള്‍ക്കും, സംഘടനകള്‍ക്കും മദന്‍ജി അതിന്റെ ലക്ഷ്യം കൈവരിക്കാനുള്ള വഴികളും, നിര്‍ദ്ദേശങ്ങളും നല്‍കുമായിരുന്നു. മദന്‍ജി പറയുമായിരുന്നു. ‘നമുക്ക് കിട്ടുന്ന ഏറ്റവും നല്ലത്, നാം സ്വാര്‍ത്ഥമായി മാത്രം സൂക്ഷിക്കരുത്. അത് എല്ലാപേര്‍ക്കുമായി പകര്‍ന്നുനല്‍കണം. അതാണ് യജ്ഞം’. നമുക്ക് ഈ യജ്ഞം തുടര്‍ന്നുകൊണ്ടേയിരിക്കാം. അതാണ് ആ മഹാ മനുഷ്യനു നല്കുന്ന സ്മരണാഞ്ജലി.
(ലേഖകന്‍ ആര്‍എസ്എസ് അഖിലഭാരതീയ വിശേഷ സമ്പര്‍ക്ക ഗണത്തിലെ അംഗമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: