ന്യൂദല്‍ഹി: ഇന്ത്യയില്‍ നാലു ചക്ര വാഹനം നിര്‍മ്മിക്കുന്ന ഫാക്ടറി സ്ഥാപിക്കാന്‍ അപേക്ഷ നല്‍കിയ ബിവൈഡി മോട്ടോഴ്സ് എന്ന ചൈനീസ് കമ്പനിയ്‌ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ മേഘ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ചേര‍്ന്ന് നാല് ചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് നിരസിച്ചത്. ഏകദേശം 100 കോടി ഡോളര്‍ നിക്ഷേപിക്കുന്ന പദ്ധതിയായിരുന്നു ഇത്.
ഹൈദരാബാദില്‍ വൈദ്യുത വാഹന നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ വരെ പദ്ധതിയുണ്ടായിരുന്നു. വ്യവസായവും ആഭ്യന്തരവ്യാപാരവും പ്രോത്സാഹിപ്പിക്കുന്ന ഡിപിഐഐടിയ്‌ക്കാണ് ഇവര്‍ അപേക്ഷ നല്‍കിയിരുന്നത്. ഉടനെ ഡിപിഐഐടി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇങ്ങിനെ ഒരു പദ്ധതിക്ക് അനുമതി നല്‍കേണ്ടതുണ്ടോ എന്ന് എഴുതിച്ചോദിച്ചു. ചൈനീസ് കമ്പനിയെ ഇന്ത്യയില്‍ വാഹനനിര്‍മ്മാണത്തിന് അനുവദിച്ചാലുള്ള സുരക്ഷാ പ്രശ്നമാണ് ഇവര്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. അന്തിമ പരിശോധനാ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ വകുപ്പ് ഈ പദ്ധതി നിരസിക്കുകയായിരുന്നു.
ചൈനീസ് മൂലധനം ഇന്ത്യ നിക്ഷേപിച്ചാല്‍ ഉണ്ടാകുന്ന സൂരക്ഷാപ്രശ്നങ്ങള്‍ ചര്‍ച്ചാ വിഷയമായതായി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. വര്‍ഷം തോറും 10,000 മുതല്‍ 15,000 വരെ വൈദ്യുത കാറുകള്‍ നിര്‍മ്മിക്കാനും വിബൈഡിയ്‌ക്ക് പദ്ധതിയുണ്ടായിരുന്നു.
ഏപ്രില്‍ 2020ല്‍ ഇന്ത്യ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. ഇന്ത്യ ഭൗമ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി വേണമെന്നുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. കരാറില്‍ ഏതെങ്കിലും പ്രത്യേക അതിര്‍ത്തി രാജ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലും ചൈനയുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് പ്രത്യേകം ആശങ്കകളുണ്ട്. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചൈനയില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഇന്ത്യയിലെ കമ്പനികള്‍ വാങ്ങാനോ, കമ്പനികള്‍ സ്ഥാപിക്കാനോ നിയന്ത്രണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: