ചണ്ഡീഗഡ്: മൂന്ന് ഖാലിസ്ഥാനി ഭീകരരുള്‍പ്പെടെ നിരോധിത ഖാലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുള്ള ഒന്‍പത് പേര്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രം. ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ), ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്) തുടങ്ങിയ ഭീകരസംഘടനകളിലെ അംഗങ്ങളായ ഹര്‍വിന്ദര്‍ സിങ് സന്ധു, ലഖ്ബിര്‍ സിങ് സന്ധു, അര്‍ഷദീപ് സിങ് എന്നിവര്‍ക്കെതിരെയും ഈ സംഘടനകളുമായി ബന്ധമുള്ളവര്‍ക്കെതിരെയുമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
വിദേശത്ത് സ്ഥിരതാമസമാക്കിയവരാണ് മൂന്ന് ഭീകരരും. ഇവര്‍ മൂന്നുപേരും ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തമായി ഭീകരരുടെ ശ്യംഖലകള്‍ നിര്‍മിക്കുകയും പദ്ധതികള്‍ ആവിഷ്കരിച്ചെന്നുമാണ് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നത്. ഇവര്‍ക്ക് പാകിസ്ഥാനിലെ ഖാലിസ്ഥാനികളുമായും ലഹരിക്കടത്തുകാരുമായും ബന്ധമുണ്ട്. ബികെഐ, കെടിഎഫ് ഭീകര സംഘടനകളുമായി ബന്ധമുള്ള, ഒളിവില്‍ കഴിയുന്ന 16 പേരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍ഐഎ അറിയിച്ചു.
റിന്‍ഡ എന്നറിയപ്പെടുന്ന ഹര്‍വിന്ദര്‍ സിങ് സന്ധു ബികെഐയിലെ ഒരു പ്രധാന കണ്ണിയാണ്. 2018-19ല്‍ അനധികൃതമായി പാകിസ്ഥാനിലേക്ക് കടന്ന ഇയാളിപ്പോള്‍ പാക് ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ സഹായത്താലാണ് ലാഹോറില്‍ കഴിയുന്നത്. ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍, ലഹരിവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ കടത്ത്, ബികെഐക്കു വേണ്ടി റിക്രൂട്ട്മെന്റ് നടത്തല്‍, കവര്‍ച്ച എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടയാളാണ് റിന്‍ഡ. 2023ല്‍ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു.
ഭീകരപ്രവര്ത്തനങ്ങളിലേര്പ്പെട്ടിരുന്ന ലഖ്ബിര്‍ സിങ് സന്ധു അഥവാ ലന്‍ഡ കാനഡയിലേക്ക് പോയെങ്കിലും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഹര്‍വിന്ദര്‍ സിങ് സന്ധുവുമായി ബന്ധം സ്ഥാപിച്ച ലഖ്ബിര്‍ ബികെഐയില്‍ പ്രധാനിയായി. 2022 മെയില്‍ പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തുണ്ടായ ആക്രമണം അതേ വര്‍ഷം ആഗസ്തില്‍ എസ്ഐ ദില്‍ബാഗ് സിങ്ങിന്റെ കൊലപാതകം എന്നിവയിലും ലന്ഡയ്ക്ക് പങ്കുണ്ട്.
ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായി കാനഡയ്ക്ക് കടന്നയാളാണ് അര്‍ഷദീപ് സിങ്. പിന്നീട് കെടിഎഫില്‍ അംഗമാവുകയായിരുന്നു. ഇവര്‍ മൂന്നുപേരും ഭീകര സംഘങ്ങളുണ്ടാക്കി കവര്‍ച്ച, കൊലപാതകം നടത്തിവരികയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: