കാലിഫോര്‍ണിയ: സമൂഹമാധ്യമമായ ട്വിറ്ററിന്റെ ചിഹ്നവും പേരും മാറ്റി ഇലോണ്‍ മസ്ക്. ട്വിറ്റര്‍ ഇനി ‘എക്സ്’ എന്ന് അറിയപ്പെടുമെന്നാണ് ഉടമ കൂടിയായ മസ്കിന്റെ പുതിയ തീരുമാനം.
നേരത്തെ ഉണ്ടായിരുന്ന ലോഗോയായ ‘നീലകിളി’ മാറ്റിയാണ് പുതിയ ചിഹ്നമായ ‘എക്സ്’ കൊണ്ടുവന്നത്. ഇനിമുതല്‍ ബാങ്കിങ് ഉള്‍പ്പെടെ മറ്റു സേവനങ്ങളും ഇതിലൂടെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ ഇലോണ്‍ മസ്ക് 1999ല്‍ ആരംഭിച്ച സൈറ്റായ എക്സ് ഡോട്ട് കോമും(X.com) ട്വിറ്ററലേക്ക് റിഡയറെക്റ്റ് ചെയ്തിട്ടുണ്ട്.
മാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മസ്ക് നടത്തിയ ട്വീറ്റുകള്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോടു വിടപറയുമെന്നും അദേഹം ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ വെബ്സൈറ്റില്‍ പറയുന്നതുപ്രകാരം ഈ ലോഗോയാണ് ട്വിറ്ററിനെ തിരിച്ചറിയാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്.
അതുകൊണ്ടു തന്നെ അതിനെ സംരക്ഷിക്കുമെന്നും വെബ്സൈറ്റില്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ ട്വിറ്ററിന്റെ നീലക്കിളിയെ മാറ്റി പകരം ട്രോള്‍ ചിത്രമായ ‘ഡോജ്’ കുറച്ചുദിവസത്തേയ്ക്കു ലോഗോ ആക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: