ഞാന്‍ ഒരു പൂജാരിയാണ്. രാവിലെ ഗണപതി ഹോമ പ്രസാദവും ധരിച്ചുവന്നിരുന്ന് പത്രം നിവര്‍ത്തിയപ്പോഴാണ് ഷംസീറിന്റെ ഗണപതി നിന്ദ കണ്ടത്. എന്തെന്നില്ലാത്ത വിഷമം തോന്നി.
പണ്ട് പെരുമ്പാവൂര്‍ ടൗണിലൂടെ റോഡിലൂടെ നടന്നുപോകുമ്പോള്‍ ചില കാസറ്റു കടകളില്‍ നിന്ന് മദനിയുടെ പ്രസംഗം കേട്ടിട്ടുണ്ട്; സ്വന്തം മതത്തെ ആകാശത്തോളം പുകഴ്‌ത്തിയും ഹൈന്ദവധര്‍മത്തെ അങ്ങേയറ്റം ചിവിട്ടിത്തേച്ചുമുള്ള പ്രസംഗം. ഷംസീറിന്റെ ചാനല്‍ ചര്‍ച്ചകളും പഴയ ചില യുട്യൂബ് പ്രസംഗങ്ങളും തുറന്നുവച്ച് കടയിരുപ്പില്‍ നടത്തിയ പ്രസംഗവുമായി കൂട്ടിച്ചിന്തിച്ചപ്പോള്‍ പെട്ടെന്നോര്‍മ വന്നത് ആ മദനിയെയാണ്. മദനി മദനിയാണ്; എല്ലാ അശാസ്ത്രീയതകളോടും ഒരേ സമീപനം വേണ്ടേ?
രാമായണമാസമാണ്. വിനായക ചതുര്‍ത്ഥി വരുന്നു. പല ഹിന്ദുക്കുട്ടികളും കുളിച്ചു കുറിയും തൊട്ടാണ് സ്‌കൂളില്‍ പോകുന്നത്. ഗണപതിയും സരസ്വതിയും ശ്രീരാമനുമൊക്കെ അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ പ്രതിഷ്ഠിതമായിട്ടുള്ള ഈശ്വര സങ്കല്‍പ്പമാണ്. പ്രാര്‍ത്ഥനാപൂര്‍വമിരിക്കുന്ന ആ കുട്ടികളുടെ മുഖത്തേക്കുള്ള കാറിത്തുപ്പലായിപ്പോയി അദ്ദേഹത്തിന്റെ പ്രസംഗം. അവിശ്വാസ മിത്തുകള്‍ എല്ലാ മതങ്ങളിലുമുണ്ടെങ്കിലും, തന്റെ സ്വന്തം മതത്തിലേയൊ, ആ വേദിയിലുണ്ടായിരുന്ന സിസ്റ്ററുടെ മതത്തിലെയോ ഏതെങ്കിലും സങ്കല്‍പ്പത്തെ ഈ വിധം അവഹേളിക്കുന്നതായി കണ്ടില്ല. ഒരിക്കല്‍ക്കൂടി ചോദിച്ചോട്ടെ, ശാസ്ത്രവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമൊക്കെ എല്ലാ മതങ്ങള്‍ക്കും ബാധകമാവേണ്ടതല്ലേ?
വെറും ഷംസീറിന് വെറും മദനിയെപ്പോലെ എന്തും പറയാം. എന്നാല്‍, ഒരു പൊതുവിദ്യാലയത്തില്‍, പല മതക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നില്‍, അതും ആദരണീയമായ സ്പീക്കര്‍ക്കസേരയിലിരിക്കുന്ന ഒരു ജനപ്രതിനിധി, ഇത്തരം മതനിന്ദാ പ്രസംഗം നടത്തുന്നത് അങ്ങേയറ്റം അനുചിതവും പ്രതിഷേധാര്‍ഹവുമാണ്. ഇവിടെ പുരാണങ്ങളും ഗണപതിയുമൊക്കെ, ഏതെങ്കിലും സംഘടനകളുടേതല്ല, മറിച്ച് മുഴുവന്‍ ഹിന്ദുവിശ്വാസികളുടേതുമാണെന്നിരിക്കെ ആ വക ന്യായീകരണങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. കൊല്ലപ്പെട്ട മഹാരാജാസിലെ സഖാവ് അഭിമന്യു അവസാനമായിക്കുറിച്ചതുപോലെ ഏതെങ്കിലും സംഘടനയെ മുന്‍നിര്‍ത്തി ”തള്ളു”മ്പോള്‍, കൊള്ളുന്നത് മുഴുവന്‍ ഹിന്ദുക്കളുടേയും (വിശ്വാസികളുടെ) നെഞ്ചിലേക്ക് എന്നതാണ് വസ്തുത.
രാജിവയ്‌ക്കണമെന്നോ പുറത്താക്കണമെന്നോ ആവശ്യപ്പെടാനുള്ള മൗഢ്യമൊന്നുമില്ല. ചുരുങ്ങിയതു കുറ്റബോധം പ്രകടിപ്പിക്കാനുള്ള മര്യാദപോലും കാണിക്കുന്നില്ലെങ്കില്‍, ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുമെന്ന്, മുമ്പ് വയോധികനായ സഖാവു സൂചിപ്പിച്ച ആ കാലത്തേക്കാണ് കേരളത്തിന്റെ പോക്കെന്ന് ആശങ്കപ്പെടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: