നിര്‍ജ്ജീവമായി കിടന്ന കേരളീയ സമൂഹത്തിന് എഴുത്തച്ഛന്‍ പകര്‍ന്ന മൃതസഞ്ജീവനിയായ ഇതിഹാസത്തില്‍ കുടുംബ ബന്ധങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പോലും ധന്യധന്യമായ ധര്‍മ്മവെളിച്ചമാകുന്നു. അഭിഷേക വിഘ്‌നത്തില്‍ മനം നീറി വീര്‍പ്പു മുട്ടിയ ദശരഥന്‍ സുമന്ത്രരെയയച്ച് രാമനെ സവിധത്തില്‍ വരുത്തി. രാജമന്ദിരത്തിലെത്തിയ രഘുവരന്‍ പിതാവിന്റെ പദദ്വയം വന്ദിച്ച് വീണു നമസ്‌ക്കരിച്ചു. പുത്രനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആലിംഗനം ചെയ്യാന്‍ മുതിര്‍ന്ന ദശരഥന്‍ ദുഃഖമൂര്‍ച്ചയില്‍ രാമനാമമുരുവിട്ട് മോഹിച്ച് നിലംപതിക്കുന്നു. തല്‍ക്ഷണം മകന്‍ അച്ഛനെ ആശ്ലേഷിച്ച് മടിയില്‍ കിടത്തി. അച്ഛനും മകനും പങ്കിടുന്ന സ്‌നേഹ വൈവശ്യത്തിന്റെ ഈ പാരസ്പര്യ മുഹൂര്‍ത്തം അത്യന്തം വൈകാരിക സ്പര്‍ശത്തോടെയാണ് ആചാര്യന്‍ അക്ഷരരൂപത്തിലാവാഹിക്കുന്നത്. അയോദ്ധ്യ മുഴുക്കെ വിലാപധ്വനിയുയര്‍ന്നു. രാമനൊന്നും മനസ്സിലായില്ല. ചുറ്റും കൂടി നിന്നവരോടാണ് രാമന്‍ ആത്മനൊമ്പരത്തിന്റെ പൊരുളന്വേഷിക്കുന്നത്. ദശരഥ വിലാപത്തിന്റെ കാര്യകാരണങ്ങള്‍ സ്വാര്‍ത്ഥതയുടെ ഭാണ്ഡഴിച്ച് രാമന്റെ മുമ്പില്‍ നിരത്തിയത് കൈകേയിയായിരുന്നു. ദശരഥനില്‍ നിന്ന് തനിക്ക് പണ്ടു കിട്ടിയ ആ രണ്ടു വരം പ്രായോഗികമായി നിര്‍വഹിച്ചു തരേണ്ടത് പുത്രനായ രാമനാണെന്ന് കൈകേയി മാതാവ്.
സത്യവാദി ശ്രേഷ്ഠനായ പിതാവിനെ
സത്യപ്രജ്ഞനാക്കീടുക നീയതു
ചിത്തഹിതം നൃപതീന്ദ്രനു നിര്‍ണയം
പുത്രരില്‍ ജ്യേഷ്ഠനാകുന്നത് നീയല്ലോ
എന്നു തുടങ്ങി ‘പുന്നാമമാകുന്ന നരകത്തില്‍ നിന്ന് താതനെ ത്രാണനം ചെയ്യുന്നവനാണ് പുത്രന്‍’ എന്ന വിധിമതം ഓര്‍മ്മിപ്പിച്ചു കൊണ്ട് കൈകേയി മുന്നേറി. ധര്‍മവിഗ്രഹമായ രാമന്‍ അചഞ്ചലചിത്തനായിരുന്നു.
‘താതാര്‍ത്ഥമായിട്ടു ജീവനെത്തന്നെയും
മാതാവുതന്നെയും സീതയെത്തന്നെയും
ഞാനുപേക്ഷിപ്പതിനില്ല സംശയം
മാനസേ ഖേദമതിനില്ലെനിക്കേതും
രാജ്യമെന്നാകിലും താതന്‍ നിയോഗിക്കില്‍
ത്യാജമെന്നാലറിക നീ മാതാവേ’
എന്നുരച്ച് കൈകേയി മാതാവിനു മുന്നില്‍ രാമന്‍ പുത്രധര്‍മത്തിന്റെ പാവനപാഠങ്ങള്‍ നിരത്തി
‘താതകാര്യമനാജ്ഞപ്തമെന്നാകിലും
മോദേന ചെയ്യുന്ന നന്ദനനുത്തമന്‍
പിത്രാ നിയുക്തനായിട്ടു ചെയ്യുന്നവന്‍
മദ്ധ്യമനായുള്ള പുത്രനറിഞ്ഞാലും
ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ
കര്‍ത്തവ്യമല്ലെന്നു വെച്ചടങ്ങുന്നവന്‍
പിത്രോര്‍മലമെന്നു ചൊല്ലുന്നു സജ്ജന
മിത്ഥമെല്ലാം പരിജ്ഞാതം മയാധുനാ’
പിതാ -പുത്ര ബന്ധവും കുടുംബസങ്കല്പങ്ങളും ശൈഥില്യം നേരിടുന്ന വര്‍ത്തമാനകാലം ഈ രാമവാക്യത്തിന്റെ ആന്തരികമായ ആമന്ത്രണങ്ങള്‍ സ്വാംശീകരിക്കേണ്ടതുണ്ട്. അച്ഛന്റെ ആഗ്രഹം മനസ്സറിഞ്ഞ് ആഹ്ലാദത്തോടെ നിറവേറ്റുന്നവനാണ് ഉത്തമമപുത്രന്‍. താതവാക്യമനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്‍ മദ്ധ്യമ പുത്രന്‍. പിതാവിനെ മിക്കരിക്കുന്നവന്‍ അധമന്‍ തന്നെ. സത്യധര്‍മപാലനമാണ് താതനിയോഗം. അതനുഷ്ഠിക്കാന്‍ പുത്രനായ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. പുത്രന്റെ വാക്കിലെ സുധീരമായ കര്‍ത്തവ്യബോധത്തെ തടുത്തുനിര്‍ത്താനെന്നോണം ദശരഥന്‍ കരളുപിളര്‍ക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു; കുമാരാ! സ്ത്രീജിതനായി കാമുകത്വം കൊണ്ട് ആന്ധ്യം ബാധിച്ച രാജാധമനാണ് ഞാന്‍. എന്നെ പാശം കൊണ്ട് ബന്ധിച്ച് പ്രിയ രാഘവാ, നീ രാജ്യം സ്വതന്ത്രമാക്കുക.
സാന്ത്വനത്തിന്റെ കുളിര്‍ധാരകൊണ്ട്, അച്ഛന്റെ കണ്ണും മുഖവും കഴുകിത്തുടച്ച് മധുരവാക്കുകളോതി ആശ്ലേഷിച്ച് ആദരപൂര്‍വം രാമന്‍ പറയുന്നു.
‘സോദരന്‍ നാടുഭരിച്ചിരുന്നീടുക
സാദരം ഞാനരണ്യത്തിലും വാഴുവന്‍
ഓര്‍ക്കിലീ രാജ്യഭാരം വഹിക്കുന്നതില്‍
സൗഖ്യമേറും വനത്തിങ്കല്‍ വാണീടുവാന്‍’
പ്രകൃതിയും മനുഷ്യപ്രകൃതിയും സംലയനമാര്‍ന്ന ജീവനമാണ് കുടുംബജീവിതത്തിന്റെ സ്വാഭാവിക രീതിയെന്ന് രാമവചനം പ്രത്യക്ഷമാക്കുന്നു.
‘അച്ഛനങ്ങെന്തുള്ളിലിച്ഛയെന്നാലതി
ങ്ങിച്ഛയെന്നങ്ങുറച്ചീടേണമമ്മയും
ഭര്‍ത്തൃ കര്‍മ്മാനുകരണമത്രെ പാതി
വ്രത്യനിഷ്ഠാ വധൂനാമെന്ന് നിര്‍ണ്ണയം’
എന്ന് മാതാവിനോടുള്ള സാന്ത്വന വചസ്സില്‍ ഭാര്യാഭര്‍തൃബന്ധത്തിന്റെ മൂല്യാധിഷ്ഠിതമായ ഐക്യവും അഭിപ്രായസമന്വയവുമാണ് കുടുംബത്തിന്റെ അടിത്തറയെന്ന് രാമന്‍ ബോധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക