എം.എന്‍.ശ്രീരാമന്‍
പെട്ടെന്ന് മഴക്ക് ആക്കം കൂടി, മഴനാരുകള്‍ക്ക് കനവും വച്ചു. മഴത്തുള്ളികള്‍ അകത്തേക്ക് കട്ടിലിലേക്ക് തെറിച്ചു തുടങ്ങിയതോടെ, പ്രഫസര്‍ അസഹ്യതയോടെ അടുത്തേക്ക് വന്ന്, നിര്‍ദേശിച്ചു.
-ഇതൊന്നും നടക്കില്ല. വേഗം ജനലടച്ചേക്ക്..
ഞാനൊന്നും മിണ്ടിയില്ല..
-മഴയേറ്റു വല്ല അസൂഖവും വന്നാ ഞാനുത്തരവാദിയായിരിക്കില്ല.
പുള്ളിയുടെ നീരസത്തില്‍ പ്രതിഷേധിച്ചാണൊ എന്നറിയില്ല മഴ പെട്ടെന്ന് നിന്നു. തൊട്ടുപിറകെ തെരുവ് ഒരു ജീവിത നാടപോലെ സ്പന്ദിച്ചു തുടങ്ങി. ആളുകളാണ് ഇവിടെ അധികവും. പിന്നെ സൈക്കിളും. വല്ലപ്പോഴെ ബൈക്ക് കടന്നുപോകുന്നുള്ളു. തെരുവിനിരുപുറവും പഴയ കെട്ടിടങ്ങളാണ്. കാലം കറുത്ത നിറമായി കെട്ടിടങ്ങളെ പൊതിഞ്ഞിരിക്കുന്നു. ഓടിട്ട മേല്ക്കൂരകളില്‍ പൂപ്പലിന്റെ പാടകള്‍. ഭിത്തികളില്‍ ഞെരമ്പ് പടലങ്ങള്‍ പോലെ പാടുകള്‍.
പലവിധ കച്ചവടങ്ങളാണ് തെരുവില്‍. ഒരു ബാര്‍ബര്‍ഷാപ്പില്‍ നിന്നും കിഷോര്‍കുമാറിന്റെ പാട്ട് ഗൃഹാതുരത്വത്തില്‍ നനഞ്ഞ ദുഃഖമായി ഒഴുകി വന്നു..മേരാ നയനാ സാവന്‍ ബാദോന്‍..
ജനല്‍ അടച്ചേക്കാം എന്ന് വിചാരിച്ചില്ല അപ്പോഴെയ്‌ക്കും വല്ലാത്ത ഇരുമ്പലോടെ വീണ്ടും കല്ലെറിയുന്നപോലെ മഴത്തുള്ളികള്‍ ഓടിന്‍പുറങ്ങളില്‍ വീണു തുടങ്ങി. അപ്പോഴാണ് ഒരു നേര്‍ത്ത പയ്യന്‍ റോഡിനപ്പുറത്തുനിന്നും തിടുക്കപ്പെട്ട് മഴയത്തേക്ക് ഇറങ്ങി വന്നത്. അവന്‍ മഴയിലേക്ക് നിന്ന്, യാതൊരു കിടുങ്ങലുമില്ലാതെ മഴ നനയുന്നു..ആളുകള്‍ മഴ നനയാതെ ചിതറിയോടുമ്പോള്‍ ആ പയ്യനിതാ..
ഞാന്‍ കട്ടിലില്‍ നിവര്‍ന്നിരുന്നു.
എന്തിനാണവന്‍ മഴയത്ത് നില്‍ക്കുന്നത്? ആരും അവനെ പിടിച്ച് മാറ്റത്തതെന്ത്?
പിന്നീട് മഴ മാറിയതോടെ അവനും
അപ്രത്യക്ഷമായി.
അവന്‍ ആരാണ്? എവിടെ നിന്നും വരുന്നു? ആരാണവന്റെ മാതാപിതാക്കള്‍?
ഞാനങ്ങനെ ചിന്തിച്ച് ഇരിക്കവെ പ്രഫസര്‍ പിന്നെയും കടന്നു വന്നു.
-നിങ്ങള്‍ രണ്ട് ദിവസ്സം കൂടി ഇവിടെ തങ്ങിയാല്‍ മതി. ..
എനിക്ക് സന്തോഷമായി
,-ശരി സര്‍..
-നിങ്ങളുടെ ചെക്ക് എഴുതി വച്ചിട്ടുണ്ട്..പിന്നെ, ഞാനവശ്യപ്പെടുമ്പോഴൊക്കെ വന്നേക്കണം..
-വരാം…സര്‍,
ദീര്‍ഘ നിശ്വാസമെടുത്ത് ഞാന്‍ പറഞ്ഞു. പിന്നെ ചോദിച്ചു,
-സര്‍ എനിക്കൊന്ന് പുറത്തേക്ക് ഇറങ്ങണം.
പ്രഫസറുടെ മുഖം ഇരുണ്ടു.
-നിങ്ങള്‍ക്ക് മഴ നനയാനൊന്നും പറ്റില്ല. അത് പല കുഴപ്പങ്ങളുമുണ്ടാക്കും..
-അല്ല സര്‍… മഴ മാറുമ്പൊ..
എന്റെ മനസ്സില്‍ ആ പയ്യനാണ്. അവനെയൊന്ന് കാണണം. എനിക്കുമുണ്ടല്ലോ രണ്ടുകുട്ടികള്‍..
പ്രൊഫസര്‍ അതൃപ്തിയോടെ സമ്മതം മൂളി,
-മഴ മാറുമ്പൊ വേഗം ഇറങ്ങീട്ട് വരണം..
പ്രൊഫസര്‍ കടന്നുപോയതോടെ പറഞ്ഞുവിട്ടപോലെ മഴ വീണ്ടും വന്നു. അതാ, ആ കുട്ടി ധൃതി പിടിച്ച് മഴയത്തേക്ക് ചാടുന്നു. അവനും
മഴയുടെ ഈ വരവ് വിചാരിച്ചില്ല എന്ന് തോന്നുന്നു. അവന്‍ കൈ തുടച്ചിട്ടാണ് വന്നത്. എന്തോ കഴിച്ചു കൊണ്ടിരുന്നതാവാം.
അവന്‍ തടസ്സമില്ലാതെ മഴ വീഴുന്നയിടത്ത് നിന്നു. മഴ ഒരു പ്രളയമായി അവന്റെ ശിരസ്സില്‍ നിന്നും ചിതറി താഴേക്ക് ഒഴുകി. നനവിന്റെ കുളിരില്‍ അവനൊരു പ്രാര്‍ത്ഥനയായി മാറി. ആരും അവനെ സമീപിച്ച്, വീട്ടിലേക്ക് പോ എന്ന് ഉരിയാടുന്നില്ല.
ഞാന്‍ എഴുന്നേറ്റു. മഴ പതിയ പതിയെ പിന്‍വലിഞ്ഞു തുടങ്ങിയിരുന്നു. വേഗം വരാന്തയിലൂടെ നടന്നു. പഴയ നിലത്തോടുകള്‍ പാ
കിയ വരാന്ത. താഴത്തേക്കുള്ള പടികള്‍ മരത്തിന്റേതാണ്. ഭയാനകമായ നിശ്ശബ്ദതയാണ് പ്രഫസറുടെ വീട്ടില്‍
ഞാന്‍ തെരുവിലേക്ക് ഇറങ്ങി.
ഇപ്പോള്‍ പഴയതും പുതിയതുമായ ഹിന്ദിപ്പാട്ടുകള്‍ കടകളില്‍ നിന്നും ഒഴുക്ക് തുടര്‍ന്നു.
ആ പയ്യന്‍ നിന്ന കെട്ടിടത്തിന്റെ സമീപത്ത് എത്തി.
എവിടെ അവന്‍?
പപ്പടമുണ്ടാക്കുന്ന ഒരു കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പിന്നിലേക്ക് പോകുന്ന ചുറ്റു ഇറയത്തിന്റെ പിന്നേത്തലക്കല്‍ നോക്കിയതും ഞാനാ പയ്യനെ അവിടെ കണ്ടു. നനച്ചിട്ട ഒരു വസ്ത്രം കോലിന്മേലിട്ടപോലെ നനഞ്ഞുതന്നെ നില്‍ക്കുകയാണവന്‍.
ഞാനവന്റെ അടുത്തേക്ക് ചെന്നിട്ടും ഒരു ഭാവമാറ്റവും ഉണ്ടായില്ല. കണ്ണുകളൊന്ന് നീക്കി നോക്കിയിട്ട് വീണ്ടും പൂര്‍വ്വസ്ഥിതിയിലായി. ഇരുണ്ട നിറമാണവന്. ഉന്തിയ നെഞ്ചിന്‍ കൂട്. ഒട്ടിയ വയര്‍. വയറ്റില്‍ എന്തോ പൊള്ളിയിട്ട് ഉണങ്ങിയ പാട്.
ഞാന്‍ ചോദിച്ചു,
-എന്തിനാ മഴവരുമ്പൊ ചാടിയിറങ്ങുന്നെ?
മറുപടി കിട്ടുമെന്ന പ്രതീക്ഷയുണ്ടായില്ല. പക്ഷെ, അവന്‍ മറുപടി നല്കി,
-ജീവിക്കാന്‍..
-ങേ, ജീവിക്കാനൊ?
-ഒരുപാട് വിഷാംശോണ്ട് ഇവിടത്തെ മഴയ്‌ക്ക്. അതിങ്ങനെ ഏറ്റാ എന്തൊക്കൊയാവും എന്നൊരാള് പഠിക്കണ്ണ്ട്. നല്ല പൈസ കിട്ടും. അമ്മേടെ ഗര്‍ഭപാത്രം മാറ്റണോങ്കി കൊറേ പൈസ വേണല്ലൊ? അച്ഛനില്ല.. ഞാനൊറ്റ മകനാ..
മൃദുവായ ശബ്ദത്തിലിത്രേം പറഞ്ഞിട്ട് ഒരു നീണ്ട കണ്ണുനീ
ര്‍ത്തുള്ളി കണക്കെ അവന്‍ ആകാശത്തേക്ക് പ്രതീക്ഷയോടെ നോക്കി നിന്നു. പിന്നീടൊന്നും ചോദിക്കാന്‍ എനിക്ക് ത്രാണിയുണ്ടായില്ല. ഉള്ളം കലങ്ങുന്ന നൊമ്പരത്തോടെ വരാന്തയില്‍ നിന്നും താഴത്തേക്ക് ഇറങ്ങി. അവനും ഒന്നും മിണ്ടിയില്ല..
പ്രൊഫസര്‍ ഒരു മരുന്ന് കണ്ടുപി
ടിച്ചിട്ടുണ്ടു. അതിന്റെ പരീക്ഷണത്തിനായി ഒരാളെ വേണമെന്ന പരസ്യം കണ്ടിട്ടാണ് ഞാന്‍ പ്രഫസറെ വിളിച്ചതും ഒരു വലിയ തുക ആവശ്യപ്പെട്ടതും അദ്ദേഹമത് സമ്മതിച്ചതും ഞാനിവിടെ എത്തിയതും..തിരിച്ചു പ്രഫസറുടെ സങ്കേതത്തിലേക്ക് നടക്കുമ്പോള്‍ എനിക്ക് ഒരു സംശയം തോന്നാതിരുന്നില്ല, പ്രഫസര്‍ തന്നെയായിരിക്കൊ ആ പയ്യനെയും വിലയ്‌ക്കെടുത്തിരിക്കുന്നെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: