ബി.കെ.പ്രിയേഷ്കുമാര്‍
ലോകം മാറുകയാണ്. മാറുന്ന ലോകത്തിനനുസരിച്ച് ഭാരതത്തെയും ഭാവി തലമുറയെയും സജ്ജമാക്കുന്നതിനുള്ള രജതരേഖയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. രാഷ്ട്രത്തിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് അവസരങ്ങള്‍ എത്തിപ്പിടിക്കാന്‍ യുവസമൂഹത്തിന് പുതിയ നൈപുണികളും വേണം. ഇതിനുള്ള പരിഹാരമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം.
ലോകം മാറുമ്പോള്‍, ഭാരതം മാറുമ്പോള്‍ ആ മാറ്റത്തിനനുസരിച്ച് കേരളവും സഞ്ചരിക്കേണ്ടതുണ്ട്. ഈ ദിശയില്‍ കേരളത്തിന് മുന്നേറാനുള്ള വഴികാട്ടുന്നതായിരുന്നു കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നടന്ന ജ്ഞാനോത്സവം 2023. വിദ്യാഭ്യാസ പഠന വകുപ്പും വിദ്യാഭ്യാസ വികാസ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ജ്ഞാനോത്സവം സര്‍വ്വകലാശാലയെ മൂന്ന് ദിവസം കേരളത്തിന്റെ അക്കാദമിക തലസ്ഥാനമാക്കി മാറ്റി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണാ ദേവി, വൈസ് ചാന്‍സലര്‍മാരായ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു, പ്രൊഫ.മോഹനന് കുന്നുമ്മല്‍, പ്രൊഫ. അലോക് കുമാര്‍ ചക്രവാള്‍, എന്‍ഐടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, എഐസിടിഇ വൈസ് ചെയര്മാന് ഡോ.അഭയ് ജെറെ, യുജിസി ജോയിന്റ് സെക്രട്ടറി പ്രൊഫ.രാജേഷ് കുമാര്‍ വര്‍മ്മ, ഗുജറാത്ത് സാഹിത്യ അക്കാദമി രജിസ്ട്രാര്‍ ഡോ.ജയേന്ദ്ര സിംഗ് ജാദവ്, അമൃത വിശ്വവിദ്യാപീഠം, കേന്ദ്രീയ വിദ്യാലയ സംഘതന്‍ ഡപ്യൂട്ടി കമ്മീഷണര്‍ എന്‍.സന്തോഷ് കുമാര്‍, എന്‍. സി. ടി. രാജഗോപാല്‍ (വിദ്യാഭാരതി), ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂള്‍, ചേമ്പര്‍ ഓഫ് കേരള കോളേജസ് എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങി അക്കാദമിക് മേഖലയിലെ നിരവധി വിദഗ്ധരാണ് പങ്കെടുത്തത്. കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളും സംബന്ധിച്ചു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് ആധുനിക കാലത്തിന് യോജിച്ച രീതിയില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനം ചെയ്യിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ നൂതനാശയങ്ങള്‍ ചര്‍ച്ചചെയ്തു. വിദഗ്ധരുമായുള്ള സംവാദവും വിദ്യാഭ്യാസ നയത്തിന്റെ വിവിധ വശങ്ങള് ചര്‍ച്ച ചെയ്യുന്ന വട്ടമേശ സമ്മേളനവും നടന്നു. പുതിയ ചിന്തകളും ഊര്‍ജ്ജവും നിറച്ചാണ് പ്രതിനിധികള്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയോട് വിടപറഞ്ഞത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയെ അറിവിന്റെ കേന്ദ്രമായി പരിവര്‍ത്തിപ്പിക്കാന്‍ ഉതകുന്നതാണെന്നും രാജ്യത്തിന് നേട്ടമുണ്ടാക്കുന്ന സമഗ്രമായ കാഴ്ചപ്പാട് പുലര്‍ത്തുന്ന പുതിയ നയം വിദ്യാഭ്യാസത്തില്‍ ചലനാത്മകത കൊണ്ടുവരുമെന്നും ജ്ഞാനോത്സവം 2023ന്റെ ഭാഗമായുള്ള വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറയുകയുണ്ടായി. വിദ്യാര്‍ത്ഥികളുടെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും. അവരുടെ താത്പര്യത്തിന് അനുസരിച്ചുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാനും അവസരമുണ്ടാകും.
വ്യത്യസ്ത ആശയങ്ങള്‍ പഠിക്കാനുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണം. ഇത് വിദ്യാര്‍ത്ഥികളുടെ ചിന്താ പ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കും. ശരിയായ വിദ്യാഭ്യാസത്തിലൂടെ രാജ്യത്തിന്റെ സംസ്കാരം പുനരുജ്ജീവിപ്പിക്കണം. മനുഷ്യജീവിതത്തിന്റെ ലക്ഷ്യം അറിവ് നേടലാണ്. വിനയമാണ് അറിവിന്റെ ഫലം. അറിവ് നേടുമ്പോള്‍ അല്ല, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ത്തിയാകൂ. അറിവും വിജ്ഞാനവും മുഖമുദ്രയാക്കിയ നാഗരികതയാണ് ഇന്ത്യയുടേത്. വൈജ്ഞാനികത അടിസ്ഥാനമാക്കിയ ഒരേയോരു നാഗരികത ഇന്ത്യയുടേതാണെന്ന് അറബ് ചരിത്രകാരന്മാര് ഉള്‍പ്പെടെ വിശേഷിപ്പിച്ചിട്ടുണ്ട്.
അധ്യാപനം പണം സമ്പാദിക്കാനുള്ള വെറുമൊരു ജോലി മാത്രമല്ല. ഇന്ത്യ അറിവിന്റെ ലോക കേന്ദ്രമാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് നഷ്ടപ്പെട്ട യശസ്സ് വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ, ആരിഫ് മുഹമ്മദ് ഖാന് വിശദീകരിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് സര്‍വ്വകലാശാല നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എഐസിടിഇ വൈസ് ചെയര്മാന് ഡോ.അഭയ് ജെറെ, കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ പ്രൊഫ.പ്രസാദ് കൃഷ്ണ, കേന്ദ്രീയ വിദ്യാലയ സംഘതന്‍ ഡപ്യൂട്ടി കമ്മീഷണര്‍ എന്‍.സന്തോഷ് കുമാര്‍, എസ്സി/എസ്ടി/ന്യൂനപക്ഷ വിദ്യാഭ്യാസ ദേശീയ മോണിറ്ററിങ് കമ്മിറ്റി അംഗം എ.വിനോദ് എന്നിവര്‍ സംസാരിച്ചു. പ്രൊഫ.അമൃത് ജി കുമാര്‍ സ്വാഗതവും ഡോ.എന്‍.സി. ഇന്ദുചൂഡന് നന്ദിയും പറഞ്ഞു.
വിജ്ഞാനവും കൗതുകവും നിറച്ച് പ്രദര്‍ശനം
ജ്ഞാനോത്സവം 2023ന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനം വിജ്ഞാനവും കൗതുകവും നിറയ്ക്കുന്നതായി. നാല്‍പ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികാസം, പരിസ്ഥിതി പ്രവര്‍ത്തനം, ഭാരതീയ ജ്ഞാന പരമ്പരയും ഭാഷയും, തൊഴില്‍ നൈപുണി, സമഗ്രമൂല്യ നിര്‍ണയം എന്നിങ്ങനെ അഞ്ച് വിഷയങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ മാതൃകകള്‍ ഇവര്‍ അവതരിപ്പിച്ചു.
കേന്ദ്ര സംസ്കൃത സര്‍വ്വകലാശാലയുടെ ഗുരുവായൂര്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ താളിയോല ഗ്രന്ഥങ്ങളുടെ ശേഖരവുമായാണ് എത്തിയത്. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങി നിരവധി കൃതികളുടെ താളിയോലകള്‍ ഇവര്‍ പരിചയപ്പെടുത്തി. ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി വിദ്യാര്‍ത്ഥികള്‍ ഹൈസ്പീഡ് ഡ്രോണുകള്‍ അവതരിപ്പിച്ചത് കാഴ്ചക്കാര്‍ക്ക് വിസ്മയമായി. കേന്ദ്രീയ വിദ്യാലയ സംഘതന്റെ സ്റ്റാളിലെത്തുന്നവരെ സ്വാഗതം ചെയ്തത് റോബോട്ടാണ്. പുഷ് അപ് ചെയ്യുകയും ഡാന്‍സ് കളിക്കുകയും ചെയ്യുന്ന റോബോട്ട് പുതിയ സാങ്കേതിക വിദ്യ പഠിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചതാണ്. മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് ഉപയോഗിച്ചാണ് ഇതിനെ നിയന്ത്രിക്കുന്നത്. ഒരു ഗ്രാമം ദത്തെടുത്ത് പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്ന മാതൃകാ പ്രവര്‍ത്തനമാണ് പട്ടം താണുപിള്ള മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ വിവരിച്ചത്. സമയബാങ്ക്, ലഹരി മുക്ത ക്യാമ്പസ് എന്നതായിരുന്നു എറണാകുളം ജയ് ഭാരത് കോളേജിന്റെ പ്രദര്‍ശനം. കാന്തല്ലൂര്‍ ശലയുടെ പ്രദര്‍ശനവും ഏറെ ശ്രദ്ധേയമായി.
ഓരോ സ്ഥാപനത്തിന്റെയും മികച്ച മാതൃകകള്‍ മനസ്സിലാക്കുന്നതിന് പ്രദര്‍ശനം സഹായിച്ചു. മറ്റ് സ്ഥാപനങ്ങള്‍ക്ക് ഈ മാതൃകകള്‍ പിന്തുടരാനുള്ള പ്രചോദനവുമായി. പ്രദര്‍ശനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്തു. സ്റ്റാളുകള്‍ സന്ദര്‍ശിച്ച് അദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു, രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍, പ്രൊഫ.അമൃത് ജി. കുമാര്‍, പ്രൊഫ.എം.എന്‍. മുസ്തഫ, ഡോ.കെ.കെ. ഷൈന്‍, എ.വിനോദ്, ഡോ.എന്‍.സി. ഇന്ദുചൂഡന്, ബി. കെ. പ്രിയേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണാ ദേവിയും പ്രദര്‍ശനം വീക്ഷിക്കാനെത്തി.
കേന്ദ്ര മന്ത്രി അന്നപൂര്‍ണാ ദേവി
പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണാ ദേവി. ജ്ഞാനോത്സവം 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യമാണ് വിദ്യാഭ്യാസ നയം നല്‍കുന്നത്. മാതൃഭാഷയിലല്ലാത്ത പഠനം കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഇതിന് പരിഹാരം കാണാന്‍ സാധിക്കും. എല്ലാ ഭാഷകളുടെയും വികസനം രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമാണ്. വിദ്യാര്‍ത്ഥികള്‍ പരമാവധി ഭാഷകള്‍ പഠിക്കാന്‍ ശ്രമിക്കണം.
ഭാവി ഭാരതത്തെ സൃഷ്ടിക്കുന്നതിനുള്ള രേഖയാണ് പുതിയ വിദ്യാഭ്യാസ നയം. എല്ലാ മേഖലയിലും രാജ്യത്തെ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി പുതുതലമുറയെ പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാക്കേണ്ടതുണ്ട്. പുതിയ നൈപുണികള്‍ അവര്‍ ആര്‍ജ്ജിക്കണം. വിദ്യാഭ്യാസ മേഖല ഇന്ന് അഭിമുഖീകരിക്കുന്ന എല്ലാവിധ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം പുതിയ നയത്തിലുണ്ട്. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികാസമാണ് ലക്ഷ്യം. പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ജ്ഞാനോത്സവം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഇതുള്‍ക്കൊണ്ടാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയെ മാറ്റിമറിക്കാന്‍ ഉതകുന്നതാണ് നയമെന്നും വൈസ് ചാന്‍സലര്‍ വിശദീകരിച്ചു. ഗുജറാത്ത് സാഹിത്യ അക്കാദമി രജിസ്ട്രാര്‍ ഡോ.ജയേന്ദ്ര സിംഗ് ജാദവ്, എന്‍സിടിഇ സൗത്ത് സോണ്‍ ചെയര്മാന് ഡോ.കെ.കെ. ഷൈന്‍, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് ഡോ.എന്‍.സി. ഇന്ദുചൂഡന്, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ വിഭാഗം അധ്യക്ഷന്‍ പ്രൊഫ.എം.എന്‍. മുസ്തഫ സ്വാഗതവും രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
ജ്ഞാനോത്സവ പ്രഖ്യാപനം
പുതിയ ദേശീയ വിദ്യാഭ്യാസ നയം കൂടുതല്‍ മെച്ചപ്പെട്ടതും പുരോഗമനപരവുമായ സമൂഹത്തിലേക്കുള്ള പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുമെന്ന് ജ്ഞാനോത്സവം 2023ല്‍ പ്രഖ്യാപനം. നയം പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ഇത് നടപ്പിലാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും. അറിവ്, വൈദഗ്ധ്യം, മനോഭാവം, ജീവിത മൂല്യങ്ങള്‍ എന്നിവയാല്‍ നമ്മുടെ യുവ സമൂഹത്തെ സജ്ജരാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കും. അക്കാദമിക് വിദഗ്ധരുടെ സമ്മേളനം പ്രഖ്യാപിച്ചു.
സമാപന ദിവസം നടന്ന ഉന്നത വിദ്യാഭ്യാസ സമ്മേളനം ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹനന് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. മുപ്പത് ശതമാനത്തോളം ബിരുദ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സയന്‍സ് വിഷയങ്ങള്‍ക്ക് പോലും സീറ്റ് ഒഴിവുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. ആവശ്യമുള്ളത് നല്കാന് നമുക്ക് സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. ഇവിടെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രസക്തമാകുന്നത്.
ആത്മനിര്‍ഭര ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം വലുതാണെന്ന് അധ്യക്ഷത വഹിച്ച കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ചൂണ്ടിക്കാട്ടി. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ പരിവര്‍ത്തനത്തിന് ഗുണമേന്മയുള്ള വിദ്യാഭ്യാസം അത്യാവശ്യമാണ്. ഇതിലേക്കുള്ള വഴിയാണ് ദേശീയ വിദ്യാഭ്യാസ നയം, അദ്ദേഹം വിശദീകരിച്ചു.
ഗുരു ഖാസിദാസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അലോക് കുമാര്‍ ചക്രവാള്‍ മുഖ്യ പ്രഭാഷണം നടത്തി. യുവസമൂഹത്തിന് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കുസാറ്റ് പ്രൊഫസര്‍ ഡോ.സി.ജി. നന്ദകുമാര്‍, എസ്സി/എസ്ടി/ന്യൂനപക്ഷ വിദ്യാഭ്യാസ ദേശീയ മോണിറ്ററിംഗ് കമ്മറ്റി അംഗം എ.വിനോദ് എന്നിവര്‍ സംസാരിച്ചു. പ്രൊഫ.മാലിനി പി.എം. സ്വാഗതവും ഡോ.ശിവപ്രസാദ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തില്‍ യുജിസി ജോയിന്റ് സെക്രട്ടറി പ്രൊഫ.രാജേഷ് കുമാര്‍ വര്‍മ്മ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: