എം. ഗണേശന്‍
ഭാരതത്തിന്റെ തനിമയാര്‍ന്ന ഉത്‌സവങ്ങള്‍ ആഘോഷിക്കാനും അംഗീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി. രാജ്യത്തെ കലകളും കരകൗശലങ്ങളും ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ പ്രധാനമന്ത്രി നടത്തുന്ന പരിശ്രമം പ്രത്യേകം സ്മരണീയമാണ്. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഹാരപ്പന്‍ നാഗരികതയുടെ പ്രതീകമായ ദോലവിര നഗരം ഉള്‍പ്പെടുത്തിയത് ലോകത്തിലെ പ്രാചീന സംസ്‌കൃതിക്ക് ലഭിച്ച ആഗോള അംഗീകാരമാണ്. നാമാവശേഷത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന ഇന്ത്യന്‍ തദ്ദേശീയ പാരമ്പര്യ പൈതൃകങ്ങളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള മോദി സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഹുനര്‍ ഹാട്ട് പദ്ധതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശില്പികള്‍, കരകൗശല വിദഗ്ധര്‍, പാചക വിദഗ്ധര്‍ എല്ലാം ഒരുമിച്ചുവന്ന് ഒരുക്കുന്ന സ്റ്റാളുകളാണ് ഈ മേളയുടെ സവിശേഷത. രാജ്യത്തിന്റെ വിശാലതയും സംസ്‌കാരവും കരകൗശല കലാവിരുതും ആഹാരരീതികളും എല്ലാം ദര്‍ശിക്കാന്‍ കഴിയുന്ന മേളകള്‍ ലോകശ്രദ്ധയാകര്‍ഷിച്ചു.
പുതിയ വിദ്യാഭ്യാസ പദ്ധതി
നമ്മുടെ സാംസ്‌കാരിക അവമതിപ്പിനു പ്രധാന കാരണങ്ങളിലൊന്ന് നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ പദ്ധതിയാണ്. വിദ്യാര്‍ത്ഥികളെ ഭാരതീയ സംസ്‌കാരത്തിന്റെ അടിവേരുകളുമായി ബന്ധിപ്പിപ്പിക്കുന്ന നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി 2020ല്‍ നിലവില്‍ വന്നു. മാതൃഭാഷയ്‌ക്ക് പ്രാമുഖ്യം നല്‍കിയ പുതിയ വിദ്യാഭ്യാസ നയം വിപ്ലവകരമായ ഒന്നാണ്. ഇന്ത്യയിലെ സര്‍വ്വകലാശാലകളില്‍ ഹിന്ദു ഒഴികെയുള്ള എല്ലാ മത പഠനങ്ങള്‍ക്കും ബിരുദ കോഴ്‌സുകളുണ്ട്. ഹിന്ദുത്വത്തെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് പോലുള്ള വിദേശ സര്‍വ്വകലാശാലകളെ ആശ്രയിക്കേണ്ട ഗതികേടായിരുന്നു. വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ ഹിന്ദൂയിസത്തില്‍ ബിരുദ കോഴ്‌സ് ആരംഭിച്ചിരിക്കുന്നു. ഫിലോസഫി വിഭാഗം ആരംഭിച്ച കോഴ്‌സില്‍ സംസ്‌കൃതവും ധര്‍മ്മഗ്രന്ഥങ്ങളും കൂടാതെ, ഭാരതീയ ആര്‍കിടെക്ചര്‍, കല, പൗരാണികചരിത്രം എന്നിവയും പാഠ്യവിഷയങ്ങളാണ്. ഇതില്‍ നിന്ന് പ്രേരണയുള്‍കൊണ്ട് രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികള്‍ പുതിയതായി ബിരുദ കോഴ്‌സുകള്‍ തുടങ്ങാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്. 2019ല്‍ കേന്ദ്ര സംസ്‌കൃത സര്‍വ്വകലാശാല ബില്‍ പാസാക്കി. 2018ല്‍ ആരംഭിച്ച ‘സ്റ്റഡി ഇന്‍ ഇന്ത്യ’ എന്ന ഹ്രസ്വകാല കോഴ്‌സുകള്‍ ഉള്‍പ്പെടുന്ന പഠന പദ്ധതിയും ശ്രദ്ധേയമാണ്. യോഗ, സംസ്‌കൃതം, ഇന്ത്യയുടെ പുരാതന ചരിത്രം, പോലുള്ള സാംസ്‌കാരിക വിഷയങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്നു.
ഐസിസിആര്‍ ആരംഭിച്ച ‘ലിറ്റില്‍ ഗുരു’എന്ന ആപ്ലിക്കേഷനിലൂടെ സംസ്‌കൃത പഠനം പുതിയ തലമുറയ്‌ക്ക് എളുപ്പത്തില്‍ പ്രാപ്യമാകുന്നു. ഐസിസിആര്‍ ആരംഭിച്ച ഡഠകഗട (യൂനിവേഴ്‌സലൈസേഷന്‍ ഓഫ് ട്രഡീഷണല്‍ ഇന്‍ഡ്യന്‍ നോളജ് സിസ്റ്റം) എന്ന പ്ലാറ്റ്‌ഫോം ആഗോള സമൂഹത്തെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധിപ്പിക്കുന്ന ശ്രദ്ധേയമായ കാല്‍വെപ്പാണ്. ഈ പ്ലാറ്റ്‌ഫോമിലൂടെ രാമായണം, മഹാഭാരതം, പഞ്ചതന്ത്രം ഭാരതീയ കലകള്‍, ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം, ക്ഷേത്രങ്ങളുടെ ശില്പകല, ഭാരതീയ സസ്യജൈവ വൈവിധ്യം പോലുള്ള വിഷയങ്ങളാണ് കൃത്യമായ സിലബസോടുകൂടി പഠിപ്പിക്കുന്നത്.
ഭാരതീയ സംസ്‌കാരത്തിന്റെ ഗരിമ വിദേശ രാജ്യങ്ങളിലേക്ക്
നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ ലോകത്തിലെ പ്രമുഖര്‍ എങ്ങിനെ നോക്കി കാണുന്നു എന്നതും വളരെ പ്രധാനമാണ്. വിദേശ രാഷ്‌ട്രത്തലവന്മാര്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ നമ്മുടെ നാടിന്റെ മഹത്തായ സംസ്‌കാരം അവരിലേക്ക് കൈമാറാന്‍ കിട്ടിയ ഒരവസരവും പ്രധാനമന്ത്രി പാഴാക്കിയില്ല. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായി അക്ഷര്‍ധാം സന്ദര്‍ശിച്ച പ്രധാനമന്ത്രി കൊറിയന്‍ പ്രധാനമന്ത്രിയുമായി അയോധ്യയിലെ ദീപാവലി ആഘോഷങ്ങളില്‍ സംബന്ധിച്ചു. അഫ്ഘാന്‍ പ്രസിഡന്റിനൊപ്പം സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ജപ്പാന്‍ ഇസ്രയേല്‍ ഫ്രാന്‍സ് രാഷ്‌ട്രത്തലവന്മാരോടൊപ്പം കാശി സന്ദര്‍ശിച്ച് പവിത്രമായ ഗംഗാ ആരതിയില്‍ പങ്കെടുത്തു. ചൈനീസ് പ്രസിഡന്റുമായി ചേര്‍ന്ന് നടത്തിയ മഹാബലിപുരം സന്ദര്‍ശനം മറ്റൊരു നാഴികകല്ലാണ്. ഐസിസിആര്‍ന്റെ നേതൃത്വത്തില്‍ നിരവധി രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കും പ്രമുഖവ്യക്തികള്‍ക്കും കുംഭമേള കാണാന്‍ അവസരമൊരുക്കി.
വിദേശങ്ങളില്‍ ഭാരതീയ പൈതൃകത്തിന്റെ ഓജസ് വീണ്ടെടുക്കുന്നു
പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങള്‍ ഭാരതീയ സാംസ്‌കാരിക തനിമയും ഔന്നത്യവും പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭങ്ങളായി മാറുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 200വര്‍ഷം പഴക്കമുള്ള ബഹ്‌റൈനിലെ ശ്രീനാഥക്ഷേത്രം പുനരുദ്ധരിച്ച് ഉദ്ഘാടനം ചെയ്തു. അബുദാബി ഗവണ്മെന്റുമായി ബന്ധപ്പെട്ട് യുഎയില്‍ ആരംഭിച്ച സ്വാമിനാരായണ്‍ ക്ഷേത്രനിര്‍മ്മാണം മറ്റൊരു നാഴികകല്ലാണ്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം മുന്‍കൈയെടുത്ത് മ്യാന്‍മാറിലെ ആനന്ദക്ഷേത്രവും ലാവോസിലെ ക്ഷേത്രവും നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരുമായി സഹകരിച്ച് ബാര്‍ബഡൂര്‍, പ്രബനാന്‍ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനും ഇന്ത്യയ്‌ക്ക് സാധിച്ചു. നേപ്പാളിലെ പ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രം തനിമയോടെ സംരക്ഷിക്കാനും ബാല ത്രിപുരസുന്ദരീ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാനും ഇന്ത്യ നേതൃത്വപരമായ പങ്ക് വഹിച്ചു. കലങ്കയിലെ തിരുകൂടീശ്വര ക്ഷേത്ര നിര്‍മ്മാണത്തിനും ഭൂട്ടാനിലെ പരമ്പരാഗത സമൂഹങ്ങളുടെ രണ്ട് ബൃഹദ് പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കി. ബംഗ്ലാദേശിലെ രണ്ട് കാളിക്ഷേത്രങ്ങള്‍ ഇന്ത്യാഗവണ്‍മെന്റിന്റെ സഹായത്തോടെയാണ് നവീകരിച്ചത്. ബുദ്ധമത സ്വാധീനമുള്ള ദക്ഷിണ കൊറിയ, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഐസിസിആര്‍ന്റെ നേതൃത്വത്തില്‍ ബുദ്ധപ്രതിമകള്‍ സ്ഥാപിച്ചു. വിദേശ പര്യടനങ്ങളില്‍ പ്രധാനമന്തിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ആ രാജ്യങ്ങളില്‍ പൊതുവിലും ഇന്ത്യന്‍ സമൂഹത്തില്‍ പ്രത്യേകിച്ചും വലിയ പരിവര്‍ത്തനമാണ് ഉണ്ടാക്കിയത്. ബംഗ്ലാദേശിലെ ഡാക്കേശ്വരി, ജിസോരേശ്വരി, താക്കൂര്‍ബരി ക്ഷേത്രങ്ങള്‍ പ്രധാന മന്ത്രി സന്ദര്‍ശിക്കുകയുണ്ടായി. ഇറാനിലെ ഗംഗാ സിംഗ് സഭ ഗുരുദ്വാരയിലും ശ്രീലങ്കയിലെ നാഗലേശ്വരം ക്ഷേത്രത്തിലും നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം, മുക്തിനാഥ ക്ഷേത്രം എന്നിവയിലും പരമ്പരാഗതമായ രീതിയില്‍ നരേന്ദ്രമോദി ആരാധന നടത്തി. കാനഡയിലെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയിലും ലക്ഷ്മീനാരായണ ക്ഷേത്രത്തിലും പ്രധാനമന്ത്രി ദര്‍ശനം നടത്തി. മസ്‌ക്കറ്റിലെ ശിവക്ഷേത്രത്തില്‍ പ്രധാനമന്ത്രി നടത്തിയ ദര്‍ശനവും പൂജയും ആ രാജ്യം ചര്‍ച്ച ചെയ്യുകയുണ്ടായി.
ഉപഹാരങ്ങളിലൂടെയും ഭാരതീയ സന്ദേശം
പ്രധാനമന്ത്രി വിദേശരാജ്യങ്ങളിലെ തലവന്മാര്‍ക്ക് നല്‍കുന്ന ഉപഹാരങ്ങള്‍ ഇന്ന് അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാവുകയും മാധ്യമശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഭഗവത്ഗീതയും ഖത്രി മുസ്ലീം കുടുംബം വരച്ച അപൂര്‍വചിത്രമായ റോഗന്‍ പെയിന്റിംഗുമാണ് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയ്‌ക്ക് സമ്മാനിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ സോ അബേക്ക് ഭഗവത്ഗീതയും ചൈനീസ് പ്രസിഡന്റ് ജീ ഷിന്‍പിംഗിന് കൈത്തറിയില്‍ നെയ്ത സിറുമുഗായ് സില്‍ക്ക് ഷാളും ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് പാര്‍ക്ക് ജീന്‍ ഹൈക്ക് ടാഗോറിന്റെ വരികള്‍ ആലേഖനം ചെയ്ത കാശ്മീരി പഷ്മ്മിന്‍ഡ ഷാളുമാണ് സമ്മാനിച്ചത്.
കാശ്മീരി ഷാള്‍, ഹിമാചലില്‍ നിന്ന് വെള്ളിയില്‍ പണിത വള, ഷീഷാം മരത്തില്‍ പഞ്ചാബില്‍ നിന്ന് തയ്യാറാക്കിയ ചെറിയ പേടകം എന്നിവയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും നല്‍കിയത്. മൈസൂരില്‍ നിന്നുള്ള ചന്ദനമരത്തില്‍ ജയ്പൂരിലെ കരകൗശല വിദഗ്‌ദ്ധര്‍ തയ്യാറാക്കിയ ചന്ദനപ്പെട്ടിയും ഗണപതി വിഗ്രഹവുമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചത്. സ്വര്‍ണ്ണ തകിടില്‍ ആലേഖനം ചെയ്ത ലോകത്തിലെ പുരാതന മസ്ജിദുകളിലൊന്നായ കേരളത്തിലെ ചേരമാന്‍ പള്ളിയുടെ രൂപമാണ് സൗദിയിലെ രാജാവിന് നല്‍കിയത്. ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുകയും കുട്ടികളിലെ പോഷകാഹാര കുറവു മാതൃകാപരമായി പരിഹരിക്കുകയും ചെയ്ത റുവാണ്ടയിലെ പ്രസിഡന്റ് പോള്‍ കഗാമിന്റെ പ്രവര്‍ത്തനത്തെ പിന്തുണക്കാനായി റുവാണ്ടയാലെ ഗ്രാമീണര്‍ക്ക് 200 പശുക്കളെയാണ് നല്‍കിയത്. ഇതിലൂടെ നരേന്ദ്ര മോദി ലോകത്തിന് നല്‍കുന്ന സന്ദേശം വ്യക്തമാണ്.
നഷ്ടപ്പെട്ട പുരാതന പൈതൃക സ്വത്തുക്കള്‍ വീണ്ടെടുക്കുന്നു
വൈദേശിക ആക്രമണവേളയില്‍ നിരവധി അമൂല്യങ്ങളായ പൈതൃക സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരവും ആര്‍ക്കിയോളജിയില്‍ സൂക്ഷിച്ചിരുന്ന പല വസ്തുക്കളും നഷ്ടപ്പെട്ടു എന്നത് കൂടുതല്‍ ദുഃഖകരമാണ്. നഷ്ടപ്പെട്ട ഇത്തരം പൈതൃക സ്വത്തുക്കള്‍ ഭാരതത്തിന് അമൂല്യവും തിരിച്ച് ലഭിക്കേണ്ടതുമാണെന്ന സന്ദേശമാണ് നരേന്ദ്ര മോദി ലോകത്തിനു നല്‍കുന്നത്. അദ്ദേഹത്തിന്റെ ആഹ്വാനത്തിന് ഭാവാത്മക പ്രതികരണമാണ് ലോക രാജ്യങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ 260ല്‍ അധികം പൈതൃക വസ്തുക്കളാണ് തിരികെ കൊണ്ടുവരാന്‍ സാധിച്ചത്. അതിനു മുമ്പുള്ള 15 വര്‍ഷത്തില്‍ കേവലം 10 വസ്തുക്കളാണ് തിരികെ വന്നത്. കഴിഞ്ഞ 9 വര്‍ഷത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഒരു വസ്തു പോലും നഷ്ടപ്പെട്ടില്ല എന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ വിഷയത്തിന് നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നു. 800 കോടി രൂപയിലധികം വിലമതിക്കുന്ന 200 പുരാവസ്തുക്കളാണ് അമേരിക്കയില്‍ നിന്ന് മാത്രം തിരികെയെത്തിയത്. 2021 ജൂലൈയില്‍ 20 കോടിരൂപ വിലമതിക്കുന്ന കരകൗശല വസ്തുക്കള്‍ ആസ്ട്രിയ ഇന്ത്യക്ക് കൈമാറി.
യോഗയെ ആഗോള പ്രസ്ഥാനമാക്കി
മാനവരാശിക്ക് ഭാരതത്തിലെ ഋഷീശ്വരന്മാര്‍ നല്‍കിയ അനന്യമായ സംഭാവനയാണ് യോഗ. ശരീരം, മനസ്, ബുദ്ധി എന്നിവയുടെ വികാസത്തിനും ആത്മീയ ഉന്നതിക്കും യോഗ സഹായിക്കുന്നുവെന്ന് ഇന്ന് ലോകം അംഗീകരിക്കുന്നു. നിര്‍ജീവമായിരുന്ന ഈ ദര്‍ശന ശാസ്ത്രം ജൂണ്‍ 21 യോഗദിനമായി യുനസ്‌കോ പ്രഖ്യാപിക്കുന്നതോടെ ലോകം ഏറ്റെടുക്കുന്ന കാഴ്‌ച്ചയാണ് നാം കാണുന്നത്. യുനസ്‌കോയുടെ ഈ പ്രഖ്യാപനത്തിനു നേതൃത്വപരമായ നരേന്ദ്രമോദിയുടെ പങ്ക് ലോകചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നതില്‍ സംശയമില്ല. യോഗ ഇന്ന് ലോകത്തിന് ഒരു സോഫ്റ്റ് പവറാണ്.
പുതിയ പാര്‍ലമെന്റ് മന്ദിരം
ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വിപ്ലവകാരികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന വീരവിനായക ദാമോദര സവര്‍ക്കറുടെ ജയന്തി ദിനമായ 2023 മെയ് 28നാണ് പ്രധാനന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ മന്ദിരം രാഷ്‌ട്രത്തിന് സമര്‍പ്പിച്ചത്. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പൂര്‍ത്തിയാക്കി ഭാരതം അമൃത കാലത്തിലൂടെ മുന്നോട്ടു പോകുമ്പോള്‍ ഭാരതീയര്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ഈ വാസ്തുവിദ്യാ വിസ്മയം രാഷ്‌ട്രത്തിന്റെ സംസ്‌കാരവും അഭിമാനവും ആത്മാവും ആവിഷ്‌ക്കരിക്കുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള മന്ത്രോച്ചാരണത്തോടെ ധര്‍മ ഗുരുക്കന്മാരായ സന്യാസിമാരുടെ സാന്നിധ്യത്തില്‍ ധര്‍മ്മരാജ്യത്തിന്റെ പ്രതീകമായ ‘ചെങ്കോല്‍’ (ധര്‍മ്മ ദണ്ഡ്) വീണ്ടെടുത്ത് പാര്‍ലമെന്റില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചപ്പോള്‍ ആദരിക്കപ്പെട്ടത് ഭാരതത്തിന്റെ യഥാര്‍ത്ഥ സാംസ്‌കാരിക ചരിത്രമാണ്. ‘ശിവഭഗവാന്റെ ആജ്ഞ അനുസരിച്ച് നീ രാജ്യം ഭരിക്കുക’ എന്ന അര്‍ത്ഥത്തിലുള്ള വാക്യവും ശിവമുദ്രയായ നന്ദികേശന്റെ രൂപവും കൊത്തിവെച്ച സുവര്‍ണ്ണ ചെങ്കോല്‍ ധര്‍മ്മരാജ്യത്തിന്റെ പ്രതീകമാണ്.
65000 ച.മീ വിസ്തീര്‍ണ്ണത്തില്‍ ഭാരതീയ വാസ്തു ശാസ്ത്രമനുസരിച്ചാണ് നിര്‍മ്മാണം. ലോകസഭാ ഹാളിന്റെ രൂപകല്പന ദേശീയ പക്ഷിയായ മയിലിന്റെ തീം ഉള്‍കൊണ്ടാണ്. രാജ്യസഭാ ഹാള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ദേശീയ പുഷ്പമായ താമരയുടെ തീം ഉള്‍കൊണ്ടാണ്. പ്ലാറ്റിനം റേറ്റഡ് ഗ്രീന്‍ ബില്‍ഡിംഗ് എന്ന നിലയില്‍ പരിസ്ഥിതി സംരക്ഷണത്തോടുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയും വിളിച്ചോതുന്നു. ഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രം, ശില്പകല, നൃത്തം സംഗീതം, കരകൗശല വൈദഗ്ധ്യം മുതലായവ സമഗ്രമായി പ്രകടിപ്പിക്കുന്നതാണ് പുതിയ മന്ദിരത്തിന്റെ ആന്തരിക രൂപകല്പന. പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചതു പോലെ പുതിയ പാര്‍ലമെന്റ് മന്ദിരം ആത്മനിര്‍ഭര ഭാരതമെന്ന നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സക്ഷ്യം വഹിക്കും.
കഴിഞ്ഞ 10 വര്‍ഷത്തില്‍ ഭാരതം നടത്തിയ സാംസ്‌കാരിക മുന്നേറ്റത്തിന്റെ ചെറിയ അംശം മാത്രമാണ് വിസ്താര ഭയത്താല്‍ വരച്ചു കാട്ടിയത്. ഈ സാംസ്‌കാരിക മുന്നേറ്റം ജീവിതത്തിന്റെ എല്ലാ മേഖലകളിലും (കച്ചവടം, രാഷ്‌ട്രീയം, അന്താരാഷ്‌ട്ര ബന്ധങ്ങള്‍ മുതലായവ) ഭാവാത്മക പരിവര്‍ത്തനം സൃഷ്ടിച്ചിട്ടുണ്ട്. അതിനെല്ലാമുപരി 140 കോടി ജനങ്ങളെ അവരുടെ സാംസ്‌കാരിക സ്വത്വത്തിലേക്ക് ശ്രദ്ധതിരിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ പ്രസക്തി. ലോകത്തിലെ ഏറ്റവും പ്രാചീനമായ നാഗരികതകള്‍ (ഈജിപ്ത്, ഗ്രീസ്, മുസപട്ടോമിയ മുതലായവ) പലതും ഭൂമുഖത്തു നിന്ന് അസ്തമിച്ചു കഴിഞ്ഞു. പക്ഷെ ഭാരതീയ സംസ്‌കാരം ഇന്നും സചേതനമായി നിലനില്‍ക്കുന്നു. അതിന്റെ ജീവസ്സുറ്റ മൂല്യങ്ങളെ ലോകശ്രദ്ധയില്‍ കൊണ്ടുവരാനും 140 കോടി ജനതയെ അതിലേക്ക് ആകര്‍ഷിക്കാനും സാധിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭഗീരഥ പ്രയത്‌നത്തിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: