ഡോ.അനില്‍കുമാര്‍ വടവാതൂര്‍
‘റിങ് ഓഫ് ഫയര്‍’ എന്നത് പഴയൊരു ടെലിവിഷന്‍ സിരീസ്. ആഴക്കടലില്‍ എണ്ണ കുഴിച്ചെടുക്കാനെത്തിയ ഓയില്‍ റിഗ്ഗിനു തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവപരമ്പരകളാണ് ഇതിവൃത്തം. ഓയില്‍ റിഗ്ഗിലെ തീ തോട്ടടുത്ത അഗ്നി പര്‍വതത്തില്‍ സ്ഫോടനമുണ്ടാക്കി. ആ നടുക്കത്തില്‍ തൊട്ടടുത്ത അഗ്നിപര്‍വ്വതങ്ങള്‍ തുടരെത്തുടരെ പൊട്ടി. അതൊരു പരമ്പരയായിരുന്നു. തീയും പുകയും ലാവയും കടല്‍ക്ഷോഭവും സുനാമിയുമൊക്കെച്ചേര്ന്ന് അഗ്നി താണ്ഡവം. ആ സ്ഫോടന പരമ്പര ലോകവസാനത്തിലേക്കാണ് പോകുന്നതെന്നു പോലും ശാസ്ത്രജ്ഞര്‍ ഭയപ്പെട്ടു.
മൈക്കിള്‍ വാര്തന്, ലോറന് സീ സ്മിത്ത്, ടെറിക്വിന് തുടങ്ങിയവര്‍ അഭിനയിച്ച ഈ 1991 പരമ്പരയ്ക്ക് വലിയൊരു ശാസ്ത്ര അടിത്തറയുണ്ടായിരുന്നു. മനുഷ്യരാശിക്ക് ഭീഷണിയായി കടലിനടിയില്‍ നിലകൊള്ളുന്ന അഗ്നിപര്‍വതങ്ങളുടെ പരമ്പര-‘റിങ് ഓഫ് ഫയര്‍’ എന്ന അപരനാമത്തില്‍. ഒരു കുതിരലാടത്തിന്റെ ആകൃതിയില്‍ പസഫിക് സമുദ്രമേഖലയെ ചുറ്റിവളഞ്ഞ് കിടക്കുന്ന അഗ്നിപര്‍വത വലയം. ഏതാണ്ട് 40000 കിലോമീറ്റര്‍ നീളത്തില്‍, 25000 കിലോമീറ്റര്‍ വീതിയില്‍ കിടക്കുന്ന ‘റിങ് ഓഫ് ഫയറിലുള്ളത് സജീവമായ 450 അഗ്നിപര്‍വതങ്ങള്‍. ഭൂമിയില്‍ സജീവമായ 75 ശതമാനം അഗ്നിപര്‍വതങ്ങളും കുടിപാര്‍ക്കുന്ന ഈ മേഖലയിലാണ്, 90 ശതമാനം ഭൂചലനങ്ങളും ലോകത്തുണ്ടാവുന്ന 75 ശതമാനം അഗ്നിപര്‍വത സ്ഫോടനങ്ങളും സംഭവിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ന്യൂസിലാന്റില്‍ തുടങ്ങി ഫിലിപ്പൈന്‍സ്, ജപ്പാന്, ബെറിങ് കടലിടുക്ക്, അലാസ്ക എന്നിവിടങ്ങളെ സ്പര്‍ശിച്ച് തെക്കെ അമേരിക്കയുടെ തെക്കെ അറ്റത്താണ് ഈ വളയം അവസാനിക്കുന്നത്. ഈ ഭാഗത്തായി ഭൂവത്കത്തില്‍ സ്ഥിതിചെയ്യുന്ന ടെക്ടോണിക് പ്ലേറ്റുകളുടെ ഉരസലും കൂട്ടിയിടികളുമൊക്കെയാണ് അഗ്നിപര്‍വതങ്ങളുടെ ജനനത്തിനു കാരണം. മരിയാന ട്രഞ്ചുപോലെയുള്ള അഗാധ ഗര്‍ത്തങ്ങള്‍ ഉണ്ടാവാനുള്ള കാരണവും മറ്റൊന്നല്ല.
ഭൂവത്കത്തില്‍ ദ്രവീകൃത മാഗ്മയുടെ മേല്‍ സ്ഥിതി ചെയ്യുന്ന പടുകൂറ്റന്‍ ടെക്ടോണിക് പ്ലേറ്റുകള്‍ക്ക് ഇടക്കിടെ സ്ഥാനഭ്രംശം സംഭവിക്കാറുണ്ട്. വര്‍ഷത്തില്‍ 10 സെ.മീ. വരെ അവ ചലിക്കാറുമുണ്ട്. അപ്പോഴാണ് അഗ്നിപര്‍വതം രൂപപ്പെടുന്നതും ഭൂമി കുലുക്കങ്ങള്‍ ഉണ്ടാവുന്നതും. വടക്ക് പടിഞ്ഞാറ് ദിശയില്‍ ചലിക്കുന്ന പസഫിക് പ്ലേറ്റ് ആണ് ടെക്ടോണിക് പ്ലേറ്റുകളില്‍ വമ്പന്‍. ചലനത്തിനിടെ അത് ചെറു പ്ലേറ്റുകളുമായി ഉരസുമ്പോള്‍ അത്യുഗ്രമായചൂടും മര്‍ദ്ദവും ഉണ്ടാകും. അത് ഭൂചലനത്തിനും ഭൗമാന്തര്‍ഭാഗത്തെ കത്തിയുരുകിയ മാഗ്മയും വാതകങ്ങളും പുറത്തുചാടുന്നതിനും വഴിവയ്ക്കും.
രണ്ട് പ്ലേറ്റുകള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ കനമേറിയ പ്ലേറ്റ് കനം കുറഞ്ഞ പ്ലേറ്റിന്റെ അടിയിലേക്ക് ഇടിച്ചുകയറും. ‘സബ്ഡക്ഷന്’ എന്നറിയപ്പെടുന്ന ഈ പ്രക്രിയമൂലം ഭൂമിയില്‍ അഗാധ ഗര്‍ത്തങ്ങള്‍ രൂപപ്പെടും. ഭൂമി കുലുങ്ങും. പ്ലേറ്റുകള്‍ കൂട്ടിയിടിക്കുമ്പോഴും വിട്ട് അകലുമ്പോഴും ഇത്തരം ആപത്തുകള്‍ സംഭവിക്കും. പ്ലേറ്റുകള്‍ അകലുമ്പോള്‍ അകലുമ്പോള്‍ ഉണ്ടാകുന്ന വിള്ളലുകളിലൂടെ പുറത്തുചാടുന്ന മാഗ്മ കടല്‍വെള്ളത്തിന്റെ തണുപ്പില്‍ ഉറഞ്ഞ് നെടുങ്കന്‍ കുന്നുകള്‍ കടലിനടിയില്‍ രൂപപ്പെടുന്നതും സാധാരണയത്രേ. അത്തരം കടല്‍ക്കുന്നുകള്‍ ദശലക്ഷം വര്‍ഷങ്ങള്‍കൊണ്ട് കൂടുതല്‍ ഉയരവും വലിപ്പവും ആര്‍ജിക്കുന്നു.
ഭൂവത്കത്തിലെ ഏറ്റവും വലിയ പ്ലേറ്റായ പസഫിക് പ്ലേറ്റിന്റെ അതിര്‍ത്തികളിലാണ് ഇത്തരം ഏര്‍പ്പാടുകള്‍ അത്യുഗ്ര ശക്തിയോടെ സംഭവിക്കുന്നത്. നിമിഷാര്‍ദ്ധത്തില്‍ അത്യുഗ്രമായ ഊര്‍ജം പുറത്തേക്കു വിടുമ്പോള്‍ എന്തും സംഭവിക്കാം. ‘സര്‍ക്കം പസഫിക് ബെല്‍റ്റ്’ എന്നുകൂടി അറിയപ്പെടുന്ന റിങ് ഓഫ് ഫയറിലെ അത്യുഗ്രമായ സുനാമികളുടെ കാരണവും ഇതത്രേ. അതുകൊണ്ടു തന്നെ ഈ മേഖലയിലെ ജീവിതം അത്യന്തം അപകടകരമാണ്. നാടും നഗരവും കശക്കിയെറിയുന്ന ഭൂകമ്പങ്ങളും നഗരത്തെയാകെ വിഴുങ്ങാന്‍ ശേഷിയുള്ള ലാവയും ചാരവും മണ്ണും കലര്‍ന്ന മിശ്രിതവുമൊക്കെ മുന്നറിയിപ്പില്ലാതെ തന്നെ ഉണ്ടാവാം.
1815 ല്‍ ഇന്‍ഡോനേഷ്യയിലെ മൗണ്ട് തമ്പോറ അഗ്നിപര്‍വതത്തിലുണ്ടായ സ്ഫോടനത്തില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. അതില്‍നിന്നു പുറത്തുചാടിയ വാതകങ്ങളും പൊടിയും പുകയും ചാരവുമൊക്കെ ചേര്‍ന്ന് സൂര്യനെ പൂര്‍ണമായും മറച്ചപ്പോള് അതൊരു അഗ്നിപര്‍വത ശൈത്യ (വള്‍ക്കാനിക് വിന്റര്‍)ത്തിന് വേദിയൊരുക്കി. അതുമൂലം വടക്കന്‍ ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ഒരുവര്‍ഷം ഉഷ്ണകാലം തന്നെ ഉണ്ടായില്ലത്രെ. 1883 ല്‍ ക്രാക്കത്തൂവ അഗ്നിപര്‍വ്വതം പൊട്ടിയ ശബ്ദം 3000 മൈല്‍ അകലെവരെ കേള്‍ക്കാമായിരുന്നുവെന്ന് ചരിത്രം പറയുന്നു. ആ സ്ഫോടനമുണ്ടാക്കിയ സുനാമി പതിനായിരക്കണക്കിന് ജീവനുകളെ അപഹരിച്ചു. ക്രാക്കത്തൂവ സ്ഫോടനശബ്ദം ലോകത്ത് ഉണ്ടായ ഏറ്റവും വലിയ ശബ്ദമായും അറിയപ്പെടുന്നു. ഫിലിപ്പൈന്‍സിലെ മൗണ്ട് പിനാറ്റുബോ പൊട്ടിയപ്പോഴുണ്ടായ ഭൂചലനം 7.8 ആയാണ് റിച്ചര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത്. ആഗോള താപനിലയില്‍ കുറവു വരാനും ഈ സംഭവം കാരണമായത്രേ. ഇന്‍ഡോനേഷ്യയിലെ സുമാട്രാ ദ്വീപിനടുത്ത് ആഴക്കടലിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് 2004 ഡിസംബര്‍ 26 നുണ്ടായ ഭീകരമായ സുനാമി ആര്‍ക്കാണ് മറക്കാന്‍ കഴിയുക.
ഈ അഗ്നി സ്ഫോടനങ്ങളുടെയും ഭൂചലനങ്ങളുടെയും സുനാമികളുടെയുമൊക്കെ പ്രഭവകേന്ദ്രം ‘റിങ് ഓഫ് ഫയര്‍’ തന്നെ. മുഴുവനും വെള്ളത്തിനടിയില്‍ സ്ഥിതിചെയ്യുന്ന ഏക ടെക്ടോണിക് പ്ലേറ്റും ഇവിടെത്തന്നെ. ഹവായിലെ കിലാവാ അഗ്നിപര്‍വതം, അമേരിക്കയിലെ മൗണ്ട് സെന്റ് ഹെലന്, ജപ്പാനിലെ മൗണ്ട് ഫ്യൂജി, ഇറ്റലിയിലെ മൗണ്ട് വെസൂവിയസ് തുടങ്ങിയവയെല്ലാം. പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ കയം എന്നറിയപ്പെടുന്ന ‘മറിയാന ട്രഞ്ചും’ (11,000 മീറ്റര്‍ താഴ്ച) ഇതേ അഗ്നിവളയത്തില്പ്പെടുന്നു.
വെറുതെയല്ല ടെലിഫലിം പരമ്പരയായ ‘റിങ്ങ് ഓഫ് ഫയറി’ന്റെ സംവിധായകന് ഈ വിഷയം തന്നെ തന്റെ പരമ്പരക്ക് തെരഞ്ഞെടുത്തത്. ഒരു അഗ്നിപര്‍വത സ്ഫോടനം തുടര്‍ച്ചയായി സ്ഫോടനപരമ്പരയ്ക്ക് വഴിതെളിക്കുന്ന ഡോമിനോസ് ഇഫക്ടി (ഡോമിനോ പ്രഭാവം) ന് കാരണമാവുമെന്ന് സങ്കല്പ്പിച്ച സംവിധായകന്റെ പ്രതിഭയ്ക്ക് നമോവാകം. അത്തരം സ്ഫോടന പരമ്പരകള്‍ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: