ഷാജന് സി. മാത്യു
അന്നു ഗായത്രി പുണെയില്‍ ഡോ. അല്‍ക്കാ മരൂല്ക്കറിന്റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം പരിശീലിക്കുകയാണ്. അവധിക്കു തൃശൂരില്‍ വീട്ടില്‍ വരുമ്പോള്‍ കൂട്ടുകാരെയൊക്കെ വിളിക്കും കാണും വിശേഷങ്ങള്‍ പങ്കുവയ്ക്കും. അങ്ങനെയൊരു അവധിക്കാലത്താണ് മാര്‍ഗദര്‍ശിയായ സംഗീതജ്ഞന് ഫിലിപ് ഫ്രാന്‍സീസിന്റെ വിളി വരുന്നത്.
”ലോഹിതദാസിന്റെ പുതിയ പടം ‘അരയന്നങ്ങളുടെ വീട്’ രവീന്ദ്രന് മാഷാണ് സംഗീതസംവിധാനം. തൃശൂര്‍ ചേതന സ്റ്റുഡിയോയില്‍ ഉണ്ട്. ഞാനാണ് അസിസ്റ്റ് ചെയ്യുന്നത്. വന്നാല്‍ മാഷെ പരിചയപ്പെടുത്തി തരാം.”
”തൃശൂര്‍ വിമല കോളജില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ചേതന സ്റ്റുഡിയോയില്‍ പോയി ചിത്രച്ചേച്ചിക്കു കോറസ് പാടുമായിരുന്നു. ഒരു കോറസിന് 300 രൂപ കിട്ടും. അതുമായി കൂട്ടുകാരുമായി ഐസ്ക്രീമൊക്കെ വാങ്ങി കഴിക്കാം എന്ന ചെറിയ മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നു ഞാന്‍ വെസ്റ്റേണ്‍ മ്യൂസിക്കാണ് കോളജില്‍ കാര്യമായി പാടിയിരുന്നത്. അതില്‍ യൂണിവേഴ്സിറ്റി വിന്നറായിരുന്നു എന്നു പറഞ്ഞാല്‍ ഇന്ന് ആരും വിശ്വസിക്കില്ല.
”പക്ഷേ, അന്നേ എന്റെ കഴിവ് തിരിച്ചറിഞ്ഞ് സംഗീതം ഗൗരവമായി പഠിക്കണമെന്ന് ഉപദേശിച്ചയാളാണ് ചേതന സ്റ്റുഡിയോയിലെ ഫിലിപ് ഫ്രാന്‍സീസ്. അദ്ദേഹം ഉത്തരേന്ത്യയില്‍ പോയി തബല പഠിച്ചയാളാണ്. അതുകൊണ്ടുതന്നെ ഹിന്ദുസ്ഥാനി സംഗീതത്തോട് വലിയ മമത ഉണ്ടായിരുന്നു. എന്നെ ഹിന്ദുസ്ഥാനിയിലേക്കു വഴിനയിച്ചവരില് മുഖ്യസ്ഥാനം ഫിലിപ്പേട്ടനാണ്. അദ്ദേഹം തന്ന കസെറ്റുകളിലൂടെയാണ് ഞാന്‍ ഗസലുകള്‍ കേള്‍ക്കുന്നതും ഇഷ്ടമാവുന്നും. അതിനു മുമ്പ് ഞാന്‍ മൈക്കിള്‍ ജാക്സണെ മാത്രമേ കേട്ടിട്ടുള്ളൂ എന്നു പറയാം. അങ്ങനൊരാള് വിളിക്കുന്നതു വെറുതെയായിരിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അങ്ങനെ നേരെ ചേതനയിലേക്കു വച്ചുപിടിച്ചു.”- ഗായത്രി പറയുന്നു.
”രവീന്ദ്രന് മാഷിനെ കാണാനുള്ള അവസരം കളയേണ്ട. പരിചയപ്പടണം, ഒന്ന് ആ കാലില്‍ തൊട്ട് വന്ദിക്കണം. എന്നതില്‍ കവിഞ്ഞൊരു ആഗ്രവും എനിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ പാടിയിട്ടുള്ള പാട്ടുകളുടെ കസെറ്റോ സിഡിയോ ഒന്നും എടുത്തിരുന്നില്ല. ഒരു സെലിബ്രിറ്റിയുടെ ഓട്ടോഗ്രാഫ് വാങ്ങാന്‍ പോകുന്ന കുട്ടിയുടെ എക്സൈറ്റ്മെന്റും ത്രില്ലുമൊക്കെയായിയിരുന്നു എനിക്ക്.”
‘ചേതന’യില്‍ കഥ മാറി
ചേതനയില്‍ ചെന്നപ്പോള്‍ കഥ മാറി. ‘ഹിന്ദുസ്ഥാനിയോടുള്ള ഇഷ്ടം കൊണ്ട് പുണെയില്‍പ്പോയി സംഗീതം പഠിക്കുന്ന കുട്ടി’യെ രവീന്ദ്രന് മാഷിന് വിസ്മയമായി. ഡോക്ടര്‍ ദമ്പതികളുടെ പുത്രിയായിട്ടും പ്രൊഫഷണല്‍ ഡിഗ്രികളൊന്നും പഠിക്കുന്നേയില്ല. സംഗീതത്തോട് ഇഷ്ടമുണ്ടെങ്കില്ത്തന്നെ, നല്ലൊരു ജോലിയിലൂടെ ഭാവി ഭദ്രമാക്കിയശേഷം ഇഷ്ടങ്ങളിലേക്കു തിരിയുന്നതായിരുന്നു അന്നത്തെ നടപ്പുരീതി. എന്നിരിക്കെ സര്‍വകലാശാലാ പഠനമൊക്കെ മാറ്റിവച്ച് ഇത്ര ഗൗരവമായി സംഗീതത്തെ കാണുന്നോ? അതും ഒരു പരിചയവുമില്ലാത്തൊരു നഗരത്തില്‍ ഒറ്റയ്ക്കുനിന്നു പഠിക്കുന്നു. അവളില്‍ തീപ്പൊരി ഉണ്ടാവും എന്ന് രവീന്ദ്രനെപ്പോലൊരാള് മനസ്സിലാക്കാതിരിക്കില്ലല്ലോ…
അദ്ദേഹം ഹാര്‍മോണിയം തുറന്നു, ”ഇഷ്ടമുളള രണ്ടു വരി പാടിക്കേ” എന്നു പറഞ്ഞു. ”അയ്യോ ഞാന്‍ മാഷിനെ ഒന്നു കാണാന്‍ മാത്രമാണ് വന്നത്” എന്നു പറഞ്ഞിട്ടും അദ്ദേഹം വിട്ടില്ല. അങ്ങനെ രവീന്ദ്രന് വായിച്ചു, ഗായത്രി ഏതാനും ഹിന്ദുസ്ഥാനി പാടി. പാട്ട് കഴിഞ്ഞതേ അദ്ദഹം പറഞ്ഞു. ”വൈകുന്നേരം റിക്കോര്‍ഡിങ്ങിനു വന്നോളൂ.”
ദൈവം നമ്മുടെ ജീവിതത്തില്‍ കൃത്യസമയത്ത് ഏറ്റവും മനോഹരമായി ഇടപെടും എന്നതിന്റെ അടയാളമായാണ് ഈ സംഭവത്തെ ഗായത്രി കാണുന്നത്. അങ്ങനെയാണ്, ഗിരീഷ് പുത്തന്‍ചേരി എഴുതിയ, മലയാളത്തിലെ ചുരുക്കം രാമഭക്തിഗാനങ്ങളില് പ്രമുഖമായ ‘ദീനദയാലോ രാമ’ യില്‍ യേശുദാസിനൊപ്പം പാടിക്കൊണ്ട് ഗായത്രി പിന്നണി ഗാനത്തില്‍ ഹരിശ്രീ കുറിച്ചത്. അവരുടെ ആദ്യഗാനമാണിതെന്ന് ആരും വിശ്വസിക്കില്ലെങ്കിലും. കാരണം, അത്ര മനോഹരമായി, പ്രൊഫഷണനലായി, ആധികാരികമായാണ് ഗായത്രി അതു പാടിവച്ചിരിക്കന്നത്.
യേശുദാസിനൊപ്പം യുഗ്മഗാനം പാടുന്ന പാട്ടുകാരികള്‍ മങ്ങിപ്പോകുന്ന പതിവും (ജാനകി ഒഴികെ) ഈ പാട്ടില്‍ സംഭവിച്ചില്ല. ആ ഗാനത്തിന്റെ കൂടുതല്‍ ചാരുതയാര്‍ന്ന ഭാഗങ്ങള്‍ ഗായത്രിയുടെ ശബ്ദത്തിലാണു നാം കേള്‍ക്കുന്നത്. അതിലൊന്നാണ് ‘ക്ഷിതിപരിപാലക….’ ന്നതിനുശേഷമുള്ള മോഹനമായ ആ ഹമ്മിങ്. ഇതു ഗായത്രിയുടെ സംഭാവന ആയിരുന്നു. ഇവിടെ എന്തെങ്കിലും ‘ഇംപ്രവൈസ് ചെയ്യാന്‍’ തോന്നുന്നുണ്ടോ? എന്നു രവീന്ദ്രന് ചോദിച്ചപ്പോള്‍ ഗായത്രി ഈ ആലാപ് പാടുകയായിരുന്നു. പാടിയശേഷം മാഷിന്റെ മുഖത്തേക്കു നോക്കി. ”വേണം, ഇതു വേണം…” എന്നായിരുന്നു അദ്ദഹത്തിന്റെ പ്രതികരണം. ”ഞാനാണ് അതു പാടിയതെങ്കിലും അതിന്റെ ക്രെഡിറ്റ് മാഷിനു തന്നെയാണ്. ആദ്യമായി പാടാന്‍ വന്ന ഒരാളോട് ഇംപ്രവൈസ് ചെയ്യാന്‍ ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ വലിയ മനസ്സും ആത്മവിശ്വാസവുമാണ്.” ഗായത്രി പറയുന്നു. ”അപൂര്‍വം ചില സംഗീതസംവിധായകരേ പാട്ടുകാര്‍ക്ക് ഈ സ്വാതന്ത്ര്യം നല്‍കുകയുള്ളൂ. ഇളയരാജ സാറിനെപ്പോലുള്ളവര്‍ ഒരു ചെറിയ മാറ്റംപോലും സമ്മതിക്കില്ല. അദ്ദേഹത്തിന് തന്റെ പാട്ടിന്റെ അന്തിമ രൂപത്തെപ്പറ്റി തുടക്കത്തിലേ കൃത്യമായ രൂപമുണ്ട്. അതുകൊണ്ട് അണുവിട വ്യതിചലിക്കാന്‍ രാജാസാര്‍ സമ്മതിക്കില്ല. കൊച്ചുകൊച്ചു സന്തോഷങ്ങളിലെ ‘ഘനശ്യാമ…’ എന്ന ഗാനമാണ് അദ്ദേഹത്തിനൊപ്പം ഞാന്‍ ആദ്യം പാടിയത്.” അവര്‍ പറയുന്നു.
ദീനദയാലോ… യേശുദാസിന്റെ സോളോ ആയാണ് ലോഹിതദാസും രവീന്ദ്രനും ഉദ്ദേശിച്ചിരുന്നത്. ഗായത്രിയുടെ ഹിന്ദുസ്ഥാനി കേട്ടപ്പോള്‍, സിനിമയിലെ അന്യസംസ്ഥാനക്കാരിയായ നായികാ കഥാപാത്രത്തിന് ചേരുന്ന ആലാപനമായി രവീന്ദ്രനു തോന്നുകയായിരുന്നു. അദ്ദേഹം പാട്ട് കേള്‍പ്പിച്ചപ്പോള്‍ ലോഹിതദാസിനും ഇഷ്ടമായി. അങ്ങനെ കഥാസന്ദര്‍ഭത്തില്‍ ചില്ലറ മാറ്റം വരുത്തി ഈ പാട്ട് ഉള്‍പ്പെടുത്തി. കഥാപാത്രത്തിനുചേരുന്ന ചില്ലറ മാറ്റങ്ങള്‍ യേശുദാസിന്റെയും ഗായത്രിയുടെയും പാട്ടിലുമുണ്ട്. ‘ദീനദയാലോ’ എന്ന് യേശുദാസ് പാടുമ്പോള്‍ ‘ദീന് ദയാലോ’ എന്നാണ് ഗായത്രി പാടിവയ്ക്കുന്നത്. ആലാപനത്തിലും ഗായത്രി കൂടുതല്‍ ഹിന്ദുസ്ഥാനി ശൈലി സ്വീകരിച്ചിരിക്കുന്നു.
അച്ഛനില്‍നിന്നു പകര്‍ന്നുകിട്ടിയ ആത്മീയതയുടെ കൈപിടിച്ചു ബാല്യം മുതല്‍ നടക്കുന്ന ഗായത്രിക്ക് ഇങ്ങനൊരു ഗാനത്തിലൂടെയല്ലാതെ, മറ്റെങ്ങനെയാണ് ഈശ്വരന് പാട്ടിന്റെ ലോകം തുറന്നുകൊടുക്കുക!
നരേന്ദ്ര മോദിയും ശ്രീശ്രീ രവിശങ്കറും
സംഗീതത്തിനു പുറത്ത് രണ്ട് ആരാധനാപാത്രങ്ങളാണ് ഗായത്രിക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കറും. മോദിയിലേക്ക് ആകര്‍ഷിച്ച രണ്ടു കാര്യങ്ങളാണ് ഗായത്രി എടുത്തുപറയുന്നത്. ഒന്ന് അദ്ദേഹത്തിന്റെ രാജ്യസ്നേഹം നിര്‍വ്യാജമാണ്. രണ്ട് മോദി സമാനതകളില്ലാത്ത കഠിനാധ്വാനിയാണ്.
ശ്രീശ്രീ രവിശങ്കറുമായി നേരിട്ട് കമ്യൂണിക്കേഷനുള്ള കുറച്ചുപേരില്‍ ഗായത്രിയുമുണ്ട്. അത്രയ്ക്ക് ആഴമുള്ളതാണ് ആ ഗുരുശിഷ്യ ബന്ധം. പല വിദേശരാജ്യങ്ങളിലും ഗുരുജിക്കൊപ്പം സഞ്ചരിച്ച പ്രത്യേക സംഘത്തില്‍ ഇവരും ഇടംപിടിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് ക്ഷണിക്കപ്പെടുന്ന ചുരുക്കപ്പട്ടികയില്‍ പേരുള്ളൊരാള്‍!
എന്തുകൊണ്ട് മുംബൈ?
മുംബൈയിലേക്കു മാറാന്‍ ഗായത്രി എന്നും ആഗ്രഹിച്ചിരുന്നു. ”അവിടത്തെ മ്യൂസിക്, ആര്‍ട് കള്‍ച്ചര്‍ വളരെ എക്സൈറ്റിങ് ആണ്. ദേശീയ നിലവാരത്തിലും അന്തര്‍ദേശീയ നിലവാരത്തിലുമുള്ള എത്രയോ സംഗീതപരിപാടികളാണ് മുംബൈയില്‍ ദിവസവും നടക്കുന്നതെന്നു ‘ബുക്ക് മൈ ഷോ’യില്‍ കണ്ട് കൊതിപിടിച്ചിരുന്ന ഒരു കാലമുണ്ട്. നമ്മുടെ കേരളത്തിലാണെങ്കില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഒരു ഒരു സക്കീര്‍ ഹുസൈന് വന്നാലായി. എനിക്ക് അവിടെ പെര്‍ഫോം ചെയ്യണമെന്ന ആഗ്രഹമല്ല മറിച്ച്, എത്രയോ വ്യത്യസ്ത ശൈലികളിലുള്ള മ്യൂസിക്കാണ് അവിടെ പരിചയപ്പെടാനും അനുഭവിക്കാനും കഴിയുന്നത്! നോറ ജോണ്‍സ് ഇന്ത്യയില്‍ വന്നാല്‍ അവര്‍ പെര്‍ഫോം ചെയ്യുന്നത് മുംബൈയില്‍ ആയിരിക്കും. ഇവിടായിരിക്കില്ല. മുംബൈയാണ് നമ്മുടെ മ്യൂസിക്കല്‍ ഹബ്. അങ്ങോട്ട് മാറണമെന്ന് എപ്പോഴും ആഗ്രഹിക്കും. പക്ഷേ, തൃശൂര്‍ക്കാരുടെ ആ പ്രത്യേക മടി കാരണം അതിനു കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് 2016ല്‍ വിവാഹം സംഭവിക്കുന്നതും അതിലൂടെ ഞാന്‍ മുംബൈയില്‍ എത്തുന്നതും.” -ഗായത്രി പറയുന്നു.
പൂര്ബായന് ചാറ്റര്‍ജി
ഇന്ത്യന്‍ ക്ലാസിക്കല്‍ പ്രതിഭകള്‍ക്ക് ആദരം അര്‍പ്പിക്കുന്ന ഒരു ആല്‍ബത്തില്‍ ക്ലാസിക്കല്‍ സിത്താറിസ്റ്റായ പൂര്ബായന് ചാറ്റര്‍ജിയും ഗായത്രിയും പെര്‍ഫോം ചെയ്തിരുന്നു. അതിന്റെ റിലീസ് ബെംഗളൂരുവിലെ ശ്രീശ്രീ രവിശങ്കറിന്റെ ആശ്രമത്തില്‍ അദ്ദേഹത്തിന്റെ അറുപതാം പിറന്നാളിനായിരുന്നു. അവിടെ വച്ചാണ് ഇരുവരും കാണുന്നതും ഹൃദയത്തില്‍ പതിയുന്നതും. ”സത്യത്തില്‍ രണ്ടാമതൊരു വിവാഹത്തെപ്പറ്റി മറന്നിരുന്ന കാലത്താണ് പൂര്ബായനെ അന്നു കാണുന്നത്. അന്ന് ആശ്രമത്തില്‍ ഒന്നിച്ച് ഒരുപാടു സമയം ചെലവഴിച്ചു. ആദ്യ ദിവസം തന്നെ ഞങ്ങള്‍ കണക്ടായി എന്നതാണു സത്യം. നമ്പര്‍ കൈമാറുകയും ചെയ്തു. അദ്ദേഹം പൂര്‍ണമായി സംഗീതത്തിനു സമര്‍പ്പിച്ചിട്ടുള്ള ഒരാളാണ്.”
പിന്നണിയുടെ പിന്നിലൊളിക്കാതെ
എല്ലാവരും എങ്ങനെയും സിനിമാപ്പാട്ടില്‍ എത്താന്‍ ആഗ്രഹിക്കുമ്പോള്‍, അവിടെ തളച്ചിടപ്പെടാതെ സംഗീതവിഹായസ്സില്‍ സ്വന്തം ഇടം സൃഷ്ടിച്ചു എന്നതാണ് സമകാലീനരില്നിന്നു ഗായത്രിയെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. ”പിന്നണി ഗാനം എന്നത് ഒരു സംഗീതശൈലിയേ അല്ല. അതു വിവിധ ശൈലികളുടെ ഒരു സമന്വയമാണ്. പക്ഷേ, പിന്നണി ഗാനം നമുക്ക് പൊതുസ്വീകാര്യത നല്‍കും. കുറേ ഹിറ്റ് സിനിമാപ്പാട്ടുകള്‍ പാടാനായത് എനിക്കും ഗുണം ചെയ്തിട്ടുണ്ട്. എന്തേ നീ കണ്ണാ… (സസ്നേഹം സുമിത്ര) ഗാനത്തിനു സംസ്ഥാന അവാര്‍ഡൊക്കെ കിട്ടിയത് സ്വീകാര്യത വളരെ വര്‍ധിപ്പിച്ചു.
”പക്ഷേ, സിനിമയില്‍നിന്നു മാറി എന്തു സ്വന്തമായി ചെയ്യാന്‍ പറ്റും എന്നതു പണ്ടു മുതലേ ഞാന്‍ ചിന്തിക്കുന്ന കാര്യമാണ്. അങ്ങനെയാണ് ഗസലില്‍ ഫോക്കസ് ചെയ്യുന്നത്. അവിടെയും വെറുതെ പാടിയിട്ടു കാര്യമില്ല. മെഹ്ദിഹസന്റെ ഒരു ഗസല്‍ കേട്ടിട്ട് അതുപോലെ അനുകരിച്ചു പാടി വിജയിക്കാനാവില്ല. നാം ആ ഗാനത്തെ എത്രമാത്രം സ്വാംശീകരിച്ച് പാടുന്നു എന്നിടത്താണു കാര്യം. അതിനു നമുക്കു നല്ല ഹിന്ദുസ്ഥാനി പരിശീലനം കൂടിയേ കഴിയൂ. ഉച്ചാരണമൊക്കെ വളരെ വളരെ പ്രധാനമാണ് ഗസലില്‍. നന്നായി കഷ്ടപ്പെട്ടതുകൊണ്ടാണ് ഒരു മല്ലു ആയിട്ടും എനിക്കു ഖസാന ഫെസ്റ്റിവലില്‍ ആല്‍ബം റിലീസ് ചെയ്യാനും മുംബൈയിലും ലോകത്തു പലയിടത്തും ഒരു ഗസല്‍ ഗായികയായി അറിയപ്പെടാനും കഴിയുന്നത്.”
അടുത്തിടെ ഒരു മഹാരാഷ്ട്ര ടെലിവിഷന്‍ ചാനല്‍ ഗായത്രിയെ വിശേഷിപ്പിച്ചത് ‘പ്രസിദ്ധ ഉറുദു ഗസല്‍ ഗായിക’ എന്നാണ്. മലയാളി എന്ന വിശേഷണം മാഞ്ഞുമാഞ്ഞുപോകുമ്പോഴാണ് അവര്‍ എല്ലാ മലയാളികളുടെയും അഭിമാനമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: