തൃശൂര്‍: നമ്പര്‍ വണ്‍ കേരളത്തില്‍ നിന്ന് വീണ്ടുമൊരു നൊമ്പരക്കാഴ്ച. ആരും തിരിഞ്ഞുനോക്കാനില്ലാതെ കാന്‍സര്‍ ബാധിതയായ ഒരമ്മയും ബുദ്ധിമാന്ദ്യം ബാധിച്ച മകളും നരകയാതന അനുഭവിക്കുന്നു.
കുന്നംകുളം നഗരസഭ ഒന്നാം വാര്‍ഡില്‍ വടുതല വട്ടംപാടം സെന്ററില്‍ 76 വയസുള്ള കാളിയും 42 കാരിയായ മകള്‍ കാര്‍ത്യായനിയുമാണ് അത്യന്തം അനാരോഗ്യകരമായ സാഹചര്യത്തില്‍ മലമൂത്ര വിസര്‍ജനങ്ങള്‍ക്കിടയില്‍ ദുരിതജീവിതം തള്ളിനീക്കുന്നത്.
ഒരു സംഘടന പണിതുകൊടുത്ത കൊച്ചുവീട്ടിലാണ് ഇരുവരുടെയും താമസം. തീരെ കിടപ്പിലായ മകളെ വീട്ടുപണികള്‍ ചെയ്താണ് അമ്മ കാളി നോക്കിയിരുന്നത്. എന്നാല്‍ ഗര്‍ഭാശയത്തില്‍ അര്‍ബുദം പിടിപെട്ടതോടെ മാസങ്ങളായി കാളി ജോലിക്ക് പോകുന്നില്ല. വരുമാനം നിലച്ചതോടെ ചികിത്സയും പാതിവഴിയില്‍ അവസാനിച്ചു. അര്‍ബുദം വളര്‍ന്ന് പൊട്ടി രക്തവും വെള്ളവുമൊലിച്ച് വേദന കൊണ്ട് പുളയുകയാണ് ഇന്ന് ഈ അമ്മ. മകളെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ മലമൂത്ര വിസര്‍ജനമെല്ലാം കിടക്കുന്ന മുറിയില്‍ തന്നെ നിര്‍വഹിക്കുന്നു ഇരുവരും. ദുര്‍ഗന്ധം വമിക്കുന്ന മുറിയില്‍ മകളെയും കെട്ടിപ്പിടിച്ച് കരയുന്ന അമ്മയുടെ കാഴ്ച കരളലിയിക്കുന്നതാണ്.
തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു മകള്‍ വല്ലപ്പോഴുമെത്തി മുറി വൃത്തിയാക്കുമെന്ന് പറയുന്നു. കേള്‍വിശക്തിയില്ലാത്ത ഇവരും കുടുംബം പോറ്റാനുള്ള നെട്ടോട്ടത്തിലാണ്. ചില ദിവസങ്ങളില്‍ വൃദ്ധമാതാവും മകളും പട്ടിണിയിലാണെന്നും പരിസരവാസികള്‍ ചൂണ്ടിക്കാട്ടുന്നു. കാളിയുടെയും മകളുടെയും ദുരിതജീവിതം പലവട്ടം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും എല്ലാം ശരിയാക്കാമെന്ന ഉറപ്പല്ലാതെ ഒന്നും ശരിയായില്ലെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: