ദുബായ്: അറബ് ലോകത്തെ പ്രവാസി ഇന്ത്യക്കാരുടെ ജനസംഖ്യ ഒമ്പത് ദശലക്ഷത്തിലെത്തിയതായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ന്യൂദൽഹിയിൽ വെച്ച് നടക്കുന്ന ആറാമത് ഇന്ത്യ-അറബ് പാർട്ണർഷിപ്പ് കോൺഫറൻസ് ഉദ്‌ഘാടനം ചെയ്തു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തലമുറകളായി, അറബ് ലോകത്തെ ഇന്ത്യയിലെ വലിയ പ്രവാസി സമൂഹം ആ രാജ്യങ്ങളുടെ സമൃദ്ധിക്ക് സംഭാവന നൽകിയിട്ടുണ്ടെന്ന് വി. മുരളീധരൻ പറഞ്ഞു. ഇവരുടെ പ്രാധാന്യം വിലമതിക്കാനാവാത്തതാണ്. “സംരംഭകത്വം, ശാസ്ത്ര സാങ്കേതിക സഹകരണം, പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യ-ഊർജ്ജ സുരക്ഷ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ നമ്മുടെ സാമ്പത്തിക ഇടപെടലിന് ഇപ്പോൾ ഒരു പുതിയ ഊന്നൽ നൽകുന്നുണ്ട്. ഇതിനു പുറമെ അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരം 240 ബില്യൺ ഡോളർ കടന്നതായും അദ്ദേഹം അറിയിച്ചു.
അറബ് ഇന്ത്യൻ കോഓപ്പറേഷൻ ഫോറത്തിന് രൂപം നൽകിക്കൊണ്ട് 2008 ഡിസംബറിൽ അറബ് ലീഗ്, ഇന്ത്യ എന്നിവർ ഒപ്പ് വെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ- അറബ് കോൺഫറൻസ് നടക്കുന്നത്. ഇന്ത്യയിലും, അറബ് രാജ്യങ്ങളിലും മാറി മാറി നടത്തുന്ന രീതിയിലാണ് ഈ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയിൽ നിന്നും, അറബ് രാജ്യങ്ങളിൽ നിന്നുമുള്ള മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യാപാരികൾ മുതലായവർ ഈ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. ‘നിക്ഷേപം, വ്യാപാരം, സേവനങ്ങൾ എന്നിവയിലെ പുത്തൻ ചക്രവാളങ്ങൾ’ എന്ന ആശയത്തിൽ ഊന്നിയാണ് ഇത്തവണത്തെ ഇന്ത്യ-അറബ് പാർട്ണർഷിപ്പ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
കോൺഫറൻസിൽ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കൂടുതൽ മെച്ചപ്പെട്ടതായി അറബ് രാജ്യമായ ഖത്തർ വ്യക്തമാക്കിയിരുന്നു. 2021-22 വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ ഏകദേശം 33% വർധനവുണ്ടായെന്നും വ്യാപാര തോത് 17.2 ബില്യൺ ഡോളറായി ഉയർന്നുവെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സാലിഹ് ബിൻ മജീദ് അൽ ഖുലൈഫി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: