ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്റ് പരിസരം മാലിന്യകൂമ്പാരമായി മാറുന്നു. ശുചിമുറിയുണ്ടെങ്കിലും അത് ഉപയോഗയോഗ്യമല്ല. സ്റ്റാന്റിന് സമീപമുള്ള അഴുക്കുചാലില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കൊതുകുകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മൂക്കുപൊത്താതെ നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തുതന്നെയാണ് ബസ് സ്റ്റാന്റെങ്കിലും ഈ ശോചനീയാവസ്ഥ അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ഭരണസമിതിയും അനങ്ങുന്നില്ലെന്നാണ് ബസ് ജീവനക്കാരുടെയും ഓട്ടോറിക്ഷക്കാരുടെയും പരാതി. ആരോഗ്യവകുപ്പുകാരും തിരിഞ്ഞുനോക്കുന്നില്ല. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ നിത്യേന ആയിരക്കണക്കിന് യാത്രക്കാരും നൂറുകണക്കിന് വാഹനങ്ങളുമാണ് ഇവിടെ എത്തിച്ചേരുന്നത്. സ്റ്റാന്റിന് സമീപം തന്നെയാണ് പച്ചക്കറി മാര്‍ക്കറ്റും ഹോമിയോആശുപത്രിയും പ്രവര്‍ത്തിക്കുന്നത്.
രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും മൗനം പാലിക്കുകയാണ്. മഴക്കാലമായതോടെ ഡെങ്കിപ്പനിയടക്കുമുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുവാനും സാധ്യത ഏറെയാണ്. പ്രദേശത്തെ മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: