തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആശിഷ് ജെ. ദേശായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച രാവിലെ 11ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസാണ് ആശിഷ് ജെ ദേശായി.
ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്നു എ.ജെ. ദേശായി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന എസ്.വി. ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ച സാഹചര്യത്തിലാണ് എ.ജെ. ദേശായിയെ നിയമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാര്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജിയായ എ ജെ ദേശായി കഴിഞ്ഞ ഫെബ്രുവരി മുതൽ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ച് വരികയായിരുന്നു. 2011ൽ ഗുജറാത്ത് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിയായാണ് ആദ്യനിയമനം. 2006 മുതൽ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ സ്റ്റാൻഡിങ് കോൺസലായും പ്രവർത്തിച്ചു.
ഗുജറാത്ത് ഹൈക്കോടതി മുൻ ജഡ്‌ജി പരേതനായ ജസ്‌റ്റിസ് ജിതേന്ദ്ര പി ദേശായിയുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: