പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടോട്ടല്‍ 350 കടന്നു. രണ്ടാം ദിനം രാവിലെ തന്നെ സെഞ്ച്വറിയടിച്ച മുന്‍ നായകന് വിരാട് കോഹ്ലി 121 റണ്‍സുമായി പുറത്തായി. രാവിലത്തെ സെഷന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 360 റണ്‍സിലെത്തി.
തലേന്ന് കോഹ്ലിക്കൊപ്പം ചേര്‍ന്ന രവീന്ദ്ര ജഡേജ അര്‍ദ്ധസെഞ്ച്വറി പ്രകനത്തോടെ പുറത്തായി. 61 റണ്‍സാണ് താരത്തിന്റെ വിലപ്പെട്ട സംഭാവന. ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് ഇഷാന് കിഷനും(12) ആര്. അശ്വിനും(രണ്ട്) ആണ് ക്രീസില്‍.
ആദ്യദിവസം രോഹിത്ത് ശര്‍മ്മയും യശസ്വി ജയ്സ്വാളും നല്കിയ മികച്ച തുടക്കവും വിരാട് കോഹ്ലിയുടെ ഫോമും കണ്ടപ്പോള്‍ ടീം വന്‍ ടോട്ടല്‍ നേടുമെന്ന് തോന്നിച്ചു. എന്നാല്‍ ശുഭ്മാന്‍ ഗില്ലും അജിങ്ക്യ രഹാനെയും പെട്ടെന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുകയായിരുന്നു.
വിന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് രണ്ട് വിക്കറ്റ് നേടി. ഷന്നന് ഗബ്രിയേല്‍, ജോമെല്‍ വാരിക്കാന്‍, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വിതം നേടിയിട്ടുണ്ട്.
കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ച്വറി തികച്ച കോഹ്ലി ഇന്നലെ മറ്റൊരു അപൂര്‍വ്വ റെക്കോഡ് കൂടി താണ്ടി. നാലാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങി സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി മാറി. നാലാം നമ്പറില്‍ 44 സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കറാണ് ഇക്കാര്യത്തില്‍ മുന്നില്‍. നാലാം നമ്പറില്‍ 25-ാം സെഞ്ച്വറിയാണ് കോഹ്ലി ഇന്നലെ നേടിയത്. ഇക്കാര്യത്തില്‍ മറ്റൊരു ഇതിഹാസ താരം ബ്രയാന്‍ ലാറയെ കോഹ്ലി മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: