തിരുവനന്തപുരം: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി വനം വകുപ്പ് തയാറാക്കിയ സെന്‍സസ് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷത്തില്‍ 36 കടുവകള്‍ കുറഞ്ഞു. കാട്ടാനാകളുടെ എണ്ണത്തിലും കുറവ്. അതേസമയം വനവിസ്തൃതി കുറഞ്ഞിട്ടില്ല. വനം വകുപ്പ് നടപ്പിലാക്കിയ കടുവ, ആന സെന്‍സസ് റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രകാശനം ചെയ്തു
ഏപ്രില്‍ 10 മുതല്‍ മെയ് 25 വരെ വയനാട്ടിലെ കാടുകളില്‍ നടന്ന കടുവകളുടെ കണക്കെടുപ്പിലെയും മെയ് 17 മുതല്‍ 19 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടത്തിയ കാട്ടാനകളുടെ കണക്കെടുപ്പിലെയും വിവരങ്ങളില്‍ നിന്നാണ് കഴിഞ്ഞ സെന്‍സസില്‍ ഉള്ളതിനേക്കാള്‍ എണ്ണം കുറഞ്ഞതായി കണ്ടെത്തിയത്. ഏപ്രില്‍ 10 മുതല്‍ മെയ് 15 വരെ വയനാട്ടില്‍ 297 സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിച്ചാണ് കടുവകളുടെ കണക്കെടുത്തത്. 84 കടുവകള്‍ ഉണ്ടെന്നാണ് സെന്‍സസില്‍ കണ്ടെത്തിയത്. ഇതില്‍ 69 എണ്ണം വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും എട്ട് എണ്ണം നോര്‍ത്ത് വയനാട് ഡിവിഷനില്‍ നിന്നും ഏഴെണ്ണം സൗത്ത് വയനാട് ഡിവിഷനില്‍ നിന്നുമാണ്. 29 ആണ്‍ കടുവകളെയും 47 പെണ്‍കടുവകളെയും കണ്ടെത്തി. 2018ല്‍ നടത്തിയ കണക്കെടുപ്പില്‍ 120 ആയിരുന്നു കടുവകളുടെ എണ്ണം. വയനാട്ടിലെ കാട് കര്‍ണാടക വനാതിര്‍ത്തി പങ്കിടുന്നതിനാല്‍ കണക്കില്‍ മാറ്റം വരുമെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറയുന്നത്.
കാട്ടാനയുടെ കണക്കെടുപ്പിനായി ബ്ലോക്ക് കൗണ്ട്, ഡങ് കൗണ്ട് (ആനപ്പിണ്ടത്തിന്റെ കണക്ക്) എന്നിവയാണ് മെയ് മാസത്തില്‍ നടത്തിയത്. ബ്ലോക്ക് കൗണ്ടില്‍ 1,920 കാട്ടാനകളുടെ കണക്ക് ലഭിച്ചു. എന്നാല്‍ ഡങ്ങ് കൗണ്ടില്‍ ഇത് 2,386 ആനകളായി. രണ്ടു വ്യത്യസ്ത രീതിയിലൂടെ നടന്ന കണക്കെടുപ്പായതിനാല്‍ സംസ്ഥാനത്തെ ആനകളുടെ എണ്ണം 1920 നും 2386 നും ഇടയിലായിരിക്കുമെന്നാണ് ഔദേ്യാഗിക വിശദീകരണം.
2017ല്‍ കണക്കെടുത്തപ്പോള്‍ ബ്ലോക്ക് കൗണ്ട് രീതിയില്‍ 3,322 ഉം ഡങ് കൗണ്ടിങ്ങില്‍ 5,706 ഉം ആനകളെയാണ് കണ്ടെത്തിയത്. കാട്ടാനകളുടെ എണ്ണവും നകുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തികള്‍ കടന്ന് ആനകള്‍ കര്‍ണാടകയില്‍ എത്തിയിരിക്കാനുള്ള സാധ്യതയുള്ളതിനാല്‍ കൃത്യമായ എണ്ണം ലഭിക്കുക പ്രയാസമാണ്.
മൃഗങ്ങളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് വന വിസ്തൃതി കുറഞ്ഞിട്ടില്ല. 100 ശതമാനം കൃത്യതയുള്ള റിപ്പോര്‍ട്ട് ഒരിക്കലും കിട്ടില്ല. മൃഗവേട്ടയില്‍ വനംവകുപ്പ് എടുക്കുന്നത് ശക്തമായ നടപടിയാണ്. ആനവേട്ട നടക്കുന്നില്ലെന്ന് പറയാനാകില്ല. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് പിന്നില്‍ വന്യ
മൃഗങ്ങളുടെ എണ്ണം വര്‍ധിച്ചതു കൊണ്ടാണെന്നും ഇതിനാലാണ് വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്നതെന്നുമുള്ള ചിലരുടെ വാദം, സെന്‍സസ് കണക്കുകള്‍ പ്രകാരം പൊരുത്തപ്പെടുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു.
മുട്ടില്‍ മരംമുറി: ഡിഎന്‍എ പരിശോധന നടത്തി
തിരുവനന്തപുരം: മുട്ടില്‍ മരംമുറിയില്‍ അന്വേഷണം കാര്യക്ഷമമായി മുന്നോപോകുന്നുവെന്ന് വനം മന്ത്രി പറഞ്ഞു. ഏറെ മൂല്യമുള്ള മരങ്ങളാണ് മുറിച്ചുമാറ്റിയത്. ഇവയുടെ മൂല്യം കണക്കാക്കിയിട്ടുണ്ട്. മുറിച്ച മരങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തി മരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: