പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലദുരന്തത്തിന് ഇന്ന് ആറരപ്പതിറ്റാണ്ട്. കേരളത്തില്‍ ബോട്ടപകടങ്ങള്‍ തുടര്‍ച്ചയായി നടക്കുമ്പോഴും അധികൃതര്‍ മൗനത്തിലാണ്. അപകടങ്ങള്‍ വരുമ്പോഴാണ് മാത്രമാണ് കര്‍ശന നിയന്ത്രണങ്ങള്‍. അതുകഴിഞ്ഞാല്‍ എല്ലാം മുറപോലെ. 1958 ജൂലൈ 21 തിങ്കളാഴ്ച പാലക്കാട് നിവാസികള്‍ക്ക് മറക്കാന്‍ പറ്റാത്തൊരു ദിവസം. അന്ന് മലമ്പുഴ അണക്കെട്ടിലുണ്ടായ ജലദുരന്തത്തില്‍ പൊലിഞ്ഞത് 35 ജീവന്. അപകടത്തില്‍ രക്ഷപ്പെട്ട് ജീവിച്ചിരിക്കുന്നവരില്‍ ഒരാള്‍ ഇന്നുമുണ്ട്. മലമ്പുഴ ഏലാക്ക് സ്വദേശി ബാലന്. 92 വയസായ അദ്ദേഹത്തിന് അപകടം നടക്കുമ്പോള്‍ 27 വയസായിരുന്നു. ഇപ്പോള്‍ കാഞ്ഞിരപ്പുഴയില്‍ മകളോടൊപ്പമാണ് താമസം.
മോട്ടോര്‍ ഘടിപ്പിച്ച ബോട്ടിനു പിന്നില്‍ കയറുപയോഗിച്ച് കെട്ടിവലിച്ചുകൊണ്ടുപോയ തോണിയാണ് അന്ന് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളുള്‍പ്പടെ 52 പേരാണ് തോണിയിലുണ്ടായിരുന്നത്. ഇതില്‍ 17 പേരെ രക്ഷപ്പെടുത്തിയതായാണ് ജലസേചന വകുപ്പിന്റെ രേഖകളില്‍ പറയുന്നുണ്ട്.
മലമ്പുഴയില്‍നിന്നും അകമലവാരത്തേക്കെത്തുവാനുള്ള ഏക മാര്‍ഗം തോണിയായിരുന്നു. ജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി അന്ന് മോട്ടോര്‍ ഘടിപ്പിച്ച ബോട്ടും തോണിയുമാണ് സര്‍വീസ് നടത്തിയിരുന്നത്. 12 പേര്‍ക്ക് ഇരിക്കാനാണ് ബോട്ടില്‍ അനുമതിയെങ്കിലും കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ തോണിയിറക്കിയാണ് പ്രശ്നം പരിഹരിച്ചിരുന്നത്. അന്നുണ്ടായിരുന്ന 2 തോണികളില്‍ ഒന്ന് എലാക്കാ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ദുരന്തം നടന്ന ജൂലൈ 21ന് വൈകിട്ട് നേരിയ ചാറ്റല്‍മഴയുണ്ടായിരുന്നു. പ്രവൃത്തി ദിനമാകയാല്‍ എസ്റ്റേറ്റിലെ സ്ത്രീകളുള്‍പ്പടെയുള്ള കൂടുതല്‍ തൊഴിലാളികള്‍ക്കും മലമ്പുഴയിലെത്തുന്നതിനായാണ് അമ്പതോളം പേര് തോണിയില്‍ കയറിയത്. അക്കരെയെത്താന്‍ 3 മണിക്കൂറാണ് സമയം. എന്നാല്‍ ശക്തമായ മഴക്കുമുമ്പില് ലക്ഷ്യസ്ഥാനത്തെത്താന്‍ ബോട്ടിനു പിന്നില്‍ കയര്‍ കെട്ടി വലിക്കുക എന്ന ആശയമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. ആനക്കല്‍ സ്വദേശിയായ അവറാച്ചനായിരുന്നു ഡ്രൈവര്‍. ബോട്ട് അണക്കെട്ടിനു നടുവിലെത്തിയതോടെ മഴ കനക്കുകയും ശക്തമായ കാറ്റ് വീശുകയും ചെയ്തു. അതോടെ ബോട്ടും തോണിയും ഉലഞ്ഞു. വന്‍ ഓളങ്ങള്‍ തോണിയിലേക്ക് ഇരച്ചുകയറിയതോടെ പലരുടെയും നിലവിളിയാണുയര്ന്നത്.
തോണിയുടെ കയര്‍ ബോട്ടില്‍ നിന്നും വേര്‍പെടുത്തിയാല്‍ ബോട്ടുമുങ്ങില്ലെന്ന യാത്രക്കാരുടെ ബുദ്ധി ജലദുരന്തത്തിലവസാനിച്ചു. വേഗത്തില്‍ പോയ മോട്ടോര്‍ ബോട്ടില്‍ നിന്നും കയര്‍ വേര്‍പെട്ടതോടെ നിയന്ത്രണം വിട്ട തോണി വെള്ളത്തിലേക്ക് മറിഞ്ഞു. മഴയുടെയും കാറ്റിന്റെയും ശക്തി കൂടിയതിനാ
ല്‍ നീന്തലറിയാവുന്നവര്‍ക്കു പോലും രക്ഷപ്പെടാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന ബാലനുള്‍പ്പടെ പലരും പ്രാണ രക്ഷാര്‍ത്ഥം നീന്തി ചെറിയ ഇടക്കാടുകളില്‍ അഭയം തേടുകയായിരുന്നു. പിറ്റേ ദിവസം തോണിയിലെത്തിയവരാണ് ഇടക്കാടിനുള്ളില് നിന്നും രക്ഷപ്പെട്ടവരെ കൊണ്ടുപോയതെങ്കിലും ഒപ്പമുണ്ടായിരുന്ന പലരും മരിച്ചെന്നറിയുന്നത് ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരുന്നു.
ദുരന്തത്തില്‍ 35 പേര് മരിച്ചെങ്കിലും നാലോ അഞ്ചോ പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായില്ലെന്നതും വേദനാജനകമാണ്. ഇന്നുമത് മറക്കാന്‍ കഴിയില്ല. ഏറ്റവുമൊടുവിലായി ഇക്കഴിഞ്ഞ മെയ് ഏഴിന് താനൂരില്‍ ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 22 പേരാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജലാശയങ്ങളിലുമെല്ലാം പ്രതിവര്‍ഷം ജലദുരന്തങ്ങളില്‍ പൊലിയുന്നത് നുറുക്കണക്കിന് ജീവനുകളാണ്. സംസ്ഥാനത്ത് ഓരോവര്‍ഷവും ആയിരത്തിലധികം പേരാണ് മുങ്ങിമരിക്കുന്നത്. മിക്ക ജലാശയങ്ങളിലും ബോട്ട് സര്‍വീസ് നടത്തുന്നതിന് യാതൊരു നിയമവുമില്ല. ജലദുരന്തങ്ങള്‍ കഴിയുമ്പോള്‍ അത് ഓര്‍മകളായി മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: