തൃപ്രയാര്‍: തളിക്കുളം ഗ്രാമപഞ്ചായത്ത് അങ്കണവാടി വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ സെലക്ഷന് കമ്മറ്റി സിപിഎം അട്ടിമറിച്ചു. പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച ആറ് പേരാണ് സെലക്ഷന് കമ്മറ്റിക്ക് നിയമപരമായി അര്‍ഹതയുളളത്. എന്നാല്‍ ഈ തീരുമാനം അട്ടിമറിച്ചാണ് സിപിഎം മറ്റു പേരുകള്‍ തിരുകി കയറ്റിയത്.
ജനാധിപത്യ വ്യവസ്ഥിതിയെ പൂര്‍ണമായും അവഹേളിക്കുന്ന രീതിയിലുള്ള പിന്‍വാതില്‍ നിയമനമാണ് തളിക്കുളം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. ശിശു വികസന പദ്ധതി ഓഫീസറുടെ നിര്‍ദേശപ്രകാരം 2022 ലെ ഭരണസമിതിയുടെ യോഗത്തില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തെരഞ്ഞെടുപ്പിനുള്ള സെലക്ഷന് കമ്മറ്റി രൂപീകരിക്കുന്നതിനായി തീരുമാനിക്കുകയും തുടര്‍ നടപടിയായി ബ്ലോക്ക് പഞ്ചായത്ത് നമ്പിക്കടവ് ഡിവിഷന് മെമ്പര്‍ ലിന്റ സുഭാഷ് ചന്ദ്രനടക്കം സാമൂഹ്യപ്രവര്‍ത്തകരായ 5 പേരെയും പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുത്തിരുന്നു. പോസ്റ്റ് ഓഫീസ് കുറി തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ബ്ലോക്ക് മെമ്പര്‍ അയോഗ്യത നേരിടുകയും തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാലും മുന്‍ നിശ്ചയിച്ചിരുന്ന യോഗം സെലക്ഷന് കമ്മറ്റി ഉദ്യോഗസ്ഥരുടെ അസൗകര്യം മൂലം മാറ്റിവെച്ചിരുന്നു. അന്ന് നിശ്ചയിച്ചിരുന്ന യോഗത്തിലേക്ക് സമിതി തെരഞ്ഞെടുത്ത മുഴുവന്‍ അംഗങ്ങളെയും വിളിച്ചിരുന്നു. എന്നാല്‍, ഇന്നലെ കൂടിയ യോഗത്തില്‍ പുതിയ മെമ്പറെ തെരഞ്ഞെടുത്തു കൊണ്ടാണ് സെലക്ഷന് കമ്മിറ്റി യോഗം കൂടിയത്. പ്രൊജക്ട് ഓഫീസര്‍ക്ക് നല്കി അനുമതി വാങ്ങിയ സെലക്ഷന് കമ്മിറ്റിയെ അവഗണിച്ച് തീര്‍ത്തും പിന്‍വാതില്‍ നിയമനമാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ചെയ്തത്. ഈ അട്ടിമറിക്കും ജനാധിപത്യ ധ്വംസനത്തിനുമെതിരെ പ്രതിപക്ഷ മെമ്പര്‍മാര്‍ ഒരുമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
അട്ടിമറിക്ക് വേണ്ടി പ്രവര്‍ത്തിച്ച പഞ്ചായത്ത് പ്രസിഡണ്ടിനും ഐസിഡിഎസ് പ്രൊജക്ട് ഓഫീസര്‍ക്കുമെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പരാതി നല്കി. സിപിഎമ്മിന്റെ ഉപജാപക സമിതിയായി അങ്കണവാടി പ്രവര്‍ത്തകരെ മാറ്റുന്നതിനുള്ള കുല്സിത ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി പ്രവര്‍ത്തകരെ രാഷ്ട്രീയപരമായി വേര്‍തിരിച്ച് അര്‍ഹതയുള്ളവരെ ഒഴിവാക്കുന്നതിനുള്ള സിപിഎമ്മിന്റെ ധിക്കാര നടപടികള്‍ക്കെതിരെ ശക്തമായ സമര പരിപാടികള്‍ പഞ്ചായത്തിനകത്തും പുറത്തും ഉണ്ടാകുമെന്ന് പഞ്ചായത്ത് മെമ്പര്‍മാര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: