കൊച്ചി: ഭീകരസംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനത്തിനു ഫണ്ട് ശേഖരണം നടത്തിയ കേസില്‍ പിടിയിലായവര്‍ കേരളത്തിലും ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. ആരാധനാലയങ്ങള്‍, ചില സമുദായ നേതാക്കള്‍ എന്നിവര്‍ക്കെതിരെ ഭീകരാക്രമണം നടത്താന്‍ ഈ ഐഎസ് മൊഡ്യൂള്‍ ഗൂഢാലോചന നടത്തിയതായി എന്‍ഐഎ കണ്ടെത്തി.
ഇതിനു വേണ്ട രഹസ്യ നീക്കങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്‌തെന്നും കണ്ടെത്തി.’പെറ്റ് ലവേഴ്സ്’ എന്ന ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി അതിലൂടെയാണ് ഇവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്തത്. ബാങ്ക് കൊള്ള, ജ്വല്ലറി മോഷണം എന്നിവയിലൂടെ ഭീകരപ്രവര്‍ത്തനത്തിനുള്ള പണം കണ്ടെത്താനും പദ്ധതിയിട്ടു. അറസ്റ്റിലായ മുഖ്യപ്രതി തൃശൂര്‍ മതിലകത്ത്കുടിയില്‍ ആഷിഫ് ഉള്‍പ്പെടെ നാലു പേരെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കും.
കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം. തൃശ്ശൂര്‍ കാട്ടൂര്‍ മതിലകം സ്വദേശിയായ ആഷിഫിനെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ സത്യമംഗലം കാട്ടില്‍ നിന്നാണ് കൊച്ചി എന്‍ഐഎ യൂണിറ്റ് പിടികൂടിയത്. ഈയിടെ കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും പ്രതിക്കു പങ്കുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ആഷിഫിനെ ഒരാഴ്ചത്തെ കസ്റ്റഡിയില്‍ വിട്ടു.
പെറ്റ് ലവേഴ്സ് എന്ന ഗ്രൂപ്പിലൂടെ കവര്‍ച്ചാസംഘത്തിലേക്ക് ഇയാള്‍ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. പാലക്കാടു നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വനമേഖലയിലെ വീട്ടിലൊളിച്ചത്. ഈ വനത്തില്‍ നിന്നാണ് എന്‍ഐഎ പ്രതികളെ പിടികൂടിയത്. പാലക്കാട് എടിഎമ്മിലേക്കുള്ള പണം തട്ടിയ സംഭവത്തിലും ഇയാള്‍ക്കു പങ്കുണ്ട്. സംഘത്തിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. സംഘം പൊതുമേഖല, സഹകരണ ബാങ്കുകളിലും ജൂവലറിയിലും കവര്‍ച്ചയ്‌ക്കു പദ്ധതിയിട്ടിരുന്നു.
കവര്‍ച്ചയിലൂടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ആഷിഫ് മൂന്നു മാസമായി എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. സത്യമംഗലം വനമേഖലയിലെ ഭവാനിസാഗര്‍ പ്രദേശത്ത് വീടു വാടകയ്‌ക്കെടുത്ത് താമസിച്ചു വരികയായിരുന്നു. എടിഎം കവര്‍ച്ച, ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് തുടങ്ങി നിരവധി കവര്‍ച്ചകളാണ് പ്രതി ആസൂത്രണം ചെയ്തിരുന്നത്. പാടൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എന്‍ഐഎ നിരവധി പേരെ നിരീക്ഷണത്തിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: