കോട്ടയം: ജനലക്ഷങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയിലെ തറവാട്ടുവീട്ടില്‍ നിന്ന് വിളിപ്പാടകലെയുള്ള വലിയ പള്ളിയില്‍ അന്ത്യനിദ്ര. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്നലെ രാത്രി സംസ്‌കരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കാര്‍മികത്വം വഹിച്ചു. ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കിയിരുന്നു.
സമയക്രമമെല്ലാം തെറ്റിച്ച് വിലാപയാത്ര ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കോട്ടയം ജില്ല അതിര്‍ത്തിയായ ളായിക്കാട്ടെത്തിയത്. ആറു മണിയോടെ പെരുന്നയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ചങ്ങനാശ്ശേരി ടൗണ്‍, എസ്ബി കോളജ്, കുറിച്ചി, ചിങ്ങവനം വഴി കോട്ടയം തിരുനക്കരയിലേക്ക്.
28 മണിക്കൂര്‍ കൊണ്ട് 150 കിലോമീറ്റര്‍ താണ്ടി ഇന്നലെ രാവിലെ പത്തരയോടെ കോട്ടയം ഡിസിസി ഓഫീസില്‍ വിലാപയാത്രയെത്തി. 11.10ന് പൊതുദര്‍ശനം നിശ്ചയിച്ചിരുന്ന തിരുനക്കര മൈതാനത്ത് ഭൗതികശരീരമെത്തിച്ചതോടെ ജനപ്രവാഹമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തിരുനക്കരയിലെത്തിയത്.
2.30ന് പൊതുദര്‍ശനം അവസാനിപ്പിച്ച് പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്കു യാത്ര തുടര്‍ന്നു. വൈകിട്ട് 6.20ന് കുടുംബ വീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടില്‍ മൃതദേഹമെത്തിച്ചു. തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് പ്രത്യേക പ്രാര്‍ഥനകള്‍. പിന്നീട് പുതുപ്പള്ളിക്കവലയില്‍ പുതിയ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെയും പൊതുദര്‍ശനത്തിനു വച്ച ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
തിരുനക്കരയിലും പുതുപ്പള്ളി പള്ളിയിലുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ദിലീപ്, ബിജെപി നേതാക്കളായ സുരേഷ് ഗോപി, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ലിജിന്‍ ലാല്‍ എന്നിവരും തോമസ് ചാഴിക്കാടന്‍, ജോസ് കെ. മാണി, ഇ.പി. ജയരാജന്‍, വൈക്കം വിശ്വന്‍, എം.എ. ബേബി, പി.സി. ജോര്‍ജ്, സിഎസ്ഐ സഭാ ബിഷപ് റവ. ഡോ. മലയില്‍ ബാബു കോശി ചെറിയാന്‍, മര്‍ത്തോമ്മ സഭ സഫര്‍ഗന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്‍ണബാസ് തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: