ഡോ.അഭിലാഷ്.ജി.രമേഷ്
സാമാജികത്വം എന്നത് കേവലം അലങ്കാരമല്ല, അവനവനെത്തന്നെ ആര്‍ത്തരുടെ ദീനതകളിലേക്കും കഷ്ടതകളിലേക്കും സ്വയം സമര്‍പ്പിച്ചുകൊണ്ട് സര്‍ക്കാര്‍ എന്ന സംവിധാനത്തെ അവരുടെ ക്ഷേമത്തിനായി ഉപയോഗിക്കാനുള്ള ഉപാധിയാണ്. ഒരു രാജ്യസഭാംഗം എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഭാരം പേറേണ്ടവരല്ല, പക്ഷെ ഇവിടെയാണ് ഡോ.പി.ടി. ഉഷ എന്ന ഭാരതത്തിന്റെ അഭിമാനമായ കായികതാരം തന്റെ എംപി എന്ന ഉത്തരവാദിത്വത്തെ ആത്മസമര്‍പ്പണത്തോടെയും ഉത്തരവാദിത്വത്തോടെയും പാവപ്പെട്ടവരുടെ പക്ഷത്തു നിന്ന് നിര്‍വ്വഹിക്കുന്നത്. വികസനത്തിന്റെ വലിയ കണക്കുകള്‍ മാത്രമല്ല പലപ്പോഴും ചെറിയ സഹായങ്ങള്‍ പോലും രാഷ്‌ട്രനിര്‍മ്മാണത്തിനു മുതല്‍ക്കൂട്ടും, ജനങ്ങള്‍ക്ക് മറ്റെന്തിലും വലുതായ സഹായഹസ്തവുമായി മാറുന്നു എന്നത് പി.ടി. ഉഷ എംപിയുടെ സേവനപന്ഥാവിനെ പ്രകാശ പൂരിതമാക്കുന്ന അനുഭവമാക്കി മാറ്റുന്നു.
കഴിഞ്ഞ വര്‍ഷം (2022) ജൂലൈ ഇരുപതിന് രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഡോ പി.ടി. ഉഷ തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യത്തോടെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതിന്റെ ഉദാഹരണങ്ങളാണ് ചുരുങ്ങിയ നാളുകളില്‍ത്തന്നെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ എംപി എന്ന നിലയില്‍ അവര്‍ നടത്തിയ സക്രിയപ്രവര്‍ത്തനങ്ങള്‍. തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വത്തിന്റെ അങ്ങേത്തലക്കല്‍ ഒട്ടനവധി പാവങ്ങള്‍ പ്രതീക്ഷയുമായി കാത്തിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ആ സാമാജിക ജീവിതം ആരംഭിക്കുന്നത്. പാര്‍ലമെന്റ് സമ്മേനങ്ങളില്‍ വളരെ കൃത്യതയോടെ പങ്കെടുത്തുകൊണ്ട് തന്റെ സാമാജിക ജീവിതം ആരംഭിച്ച ഡോ.പി.ടി. ഉഷ മറ്റ് ഏത് രാജ്യ സഭാംഗത്തിനും തുല്യം നില്‍ക്കുന്ന പ്രകടനമാണ് ഹാജര്‍ നിലയിലും സഭയിലെ നടപടിക്രമങ്ങളില്‍ പങ്കാളിയാകുന്നതിലും കാട്ടിയത്. തുടര്‍ന്ന് തന്റെ സാമാജിക കര്‍മ്മപഥത്തിലെ പ്രവര്‍ത്തനങ്ങള്‍, അവയുടെ മുന്‍ഗണനകള്‍ എന്താകണം എന്ന് തീരുമാനിക്കുകയും സമൂഹത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍, അരികുവല്‍ക്കരിക്കപ്പെട്ടവര്‍, സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍ എന്നിങ്ങനെയുള്ള സാമൂഹ്യ വിഭാഗങ്ങളുടെ ക്ഷേമം തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വത്തിലേക്ക് ചേര്‍ത്തുവെക്കുകയാണ് ഉണ്ടായത്. ഈ വിഭാഗങ്ങള്‍ക്ക് തന്നാല്‍ സാധ്യമായ എന്ത് സഹായവും ചെയ്യാന്‍ വേണ്ട കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കപ്പെട്ടു. എംപി ആയി കേവലം 365 ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തല്‍ 69 ലക്ഷം രൂപയുടെ സഹായമാണ് നല്‍കപ്പെട്ടത്, ഇതില്‍ കഠിനമായ രോഗം ബാധിച്ച കുട്ടികള്‍ മുതല്‍, വയോധികര്‍ വരെ, കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഗുണഭോക്താക്കള്‍ ഉള്‍പ്പെടുന്നു. വൃക്കരോഗം മുതല്‍ കാന്‍സര്‍ വരെയുള്ള അതീവ ഗുരുതരമായ രോഗങ്ങള്‍ കൊണ്ട് വലയുന്ന ആകെ നാല്പതോളം പേരാണ് നാളിതുവരെ ഉഷയിലൂടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായ സാന്ത്വനം സ്വീകരിച്ചത്. ഇന്ന് സഹായം ലഭിച്ച വ്യക്തികള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് തികഞ്ഞ ആഹഌദത്തോടെ നോക്കിക്കാണുന്ന ഒരു മാതൃസമീപനം എംപിയുടെ നിലപാടുകള്‍ക്ക് സവിശേഷമായ കരുണയുടെ തലങ്ങള്‍ നല്‍കുന്നു.
എംപി ലാഡ്സ് അഥവാ എംപി യുടെ പ്രാദേശിക വികസന ഫണ്ട് വഴിയും നാളിതുവരെ രണ്ടരക്കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചു എന്നത് വികസന മേഖലയിലെ പി.ടി.ഉഷ എംപിയുടെ ഇടപെടലിന്റെ നിദാനമാണ്. പട്ടികജാതി, പട്ടിക വര്‍ഗ മേഖലയിലെ അങ്കണവാടികള്‍, വിദ്യാലയങ്ങള്‍, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഊരുകള്‍ നവീകരിച്ചത്, പൊതുവിദ്യാലയങ്ങളുടെ കളിക്കളങ്ങളുടെ സംരക്ഷണം, കളിക്കളങ്ങളുടെ നിര്‍മാണം (കവിയൂര്‍ ഗ്രാമ പഞ്ചായത്ത്, പൊന്നാനി എവി ഹയര്‍സെക്കന്‍ഡറി) കേരളശ്ശേരി ഗ്രാമ പഞ്ചായത്തില്‍ യാത്ര അപ്രാപ്ര്യമായ പട്ടിക വര്‍ഗ കോളനിയില്‍ റോഡ് നിര്‍മാണം, ഉള്‍പ്പെടെ ഒട്ടനവധി പദ്ധതികളാണ് പി.ടി. ഉഷയുടെ വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചു നടത്തിയത് എന്നതും ഈ ചെറിയ കാലയളവിലെ നേട്ടമായി വിലയിരുത്താം. നല്‍കിയ പദ്ധതികളില്‍ എണ്‍പത് ശതമാനത്തിനും ട്രാക്കിലെ പയ്യോളി എക്സ്പ്രസ്സിന്റെ സമ്മാനമായ വേഗതയിലാണ് കുതിച്ചത്. അതിനാല്‍ ചുരുങ്ങിയ കാലയളവില്‍ത്തന്നെ ഏകദേശം പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കിയത് എന്നത് എംപിയുടെ നിരന്തരമായ ശ്രദ്ധയുടെ ഫലമാണ്.
താഴെപ്പറയുന്ന വിശദാംശങ്ങള്‍ ഈ മേഖലകളിലെ ഇടപെടലുകളുടെ വ്യക്തമായ ചിത്രം നമുക്ക് നല്‍കും:
റോഡുകള്‍ക്ക്: ആകെ നല്‍കിയ തുക 1,55,50,000.
അങ്കണവാടികള്‍ക്ക്: 44,50,000
കളിക്കളങ്ങള്‍, കളിക്കളസംരക്ഷണം: 50,0000
ഒരു സാമാജിക എന്ന നിലയില്‍, ഒരു കായിക താരം എന്ന നിലയില്‍, രാജ്യത്തെ ഒളിമ്പിക്സ് അസോസിയേഷന്റെ അധ്യക്ഷ എന്ന നിലയിലും രാജ്യസഭയുടെ നിയന്ത്രണം വഹിക്കുന്ന വൈസ് ചെയര്‍പേഴ്‌സണ്‍ പാനല്‍ അംഗം എന്ന നിലയിലും മികച്ച സേവനം അനുഷ്ഠിച്ചു വരുന്ന ഡോ പി.ടി.ഉഷ എംപി തന്റെ പൊതുപ്രവര്‍ത്തനത്തിന്റെ വഴിത്താരയില്‍ നടന്നു തുടങ്ങുമ്പോഴും വികസന പ്രവര്‍ത്തനങ്ങളില്‍, അശരണര്‍ക്ക് സഹായമേകുന്നതില്‍ , ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ എല്ലാം തന്നെ കൃത്യതയോടെ, കരുണയോടെ കണിശതയോടെ മുന്നേറുന്നു.
(ലേഖകന്‍ പൊളിറ്റിക്സ് അസിസ്റ്റന്റ് പ്രൊഫസറാണ്, രാഷ്‌ട്രീയ-പാര്‍ലിമെന്ററി നിരീക്ഷകനാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: