Categories: India

ബെംഗളൂരു സ്‌ഫോടന പദ്ധതി: തടിയന്റവിട നസീറിനെ ചോദ്യംചെയ്യും; നടപടി ജുനൈദ് അടക്കമുള്ള പ്രതികളെ ഭീകര സംഘടനകളുമായി ബന്ധപ്പെടുത്തിയെന്ന് സംശയത്തെ തുടര്‍ന്ന്

Published by

ബെംഗളൂരു: ജുനൈദ് അടക്കമുള്ള പ്രതികളെ ഭീകര സംഘടനകളുമായി ബന്ധപ്പെടുത്തിയെന്ന് സംശയിക്കുന്നതിനാല്‍ 2008ലെ ബെംഗളൂരു സ്ഫോടന പരമ്പരയിലെ പ്രതി തടിയന്റവിട നസീറിനെ ചോദ്യം ചെയ്യും. അറസ്റ്റിലായ യുവാക്കള്‍ക്ക് നഗരത്തില്‍ സ്‌ഫോടന പരമ്പര നടത്താന്‍ പിന്തുണ നല്‍കിയത് നസീര്‍ ആണെന്ന് സിറ്റി ക്രൈം ബ്രാഞ്ച് നേരത്തേ കണ്ടെത്തിയിരുന്നു.

അസര്‍ബൈജാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നസീറിന്റെ നിര്‍ദേശപ്രകാരമാണ് ജുനൈദ് തീവ്രവാദപ്രവര്‍ത്തനം നടത്തിയതെന്നാണ് സിസിബിയുടെ കണ്ടെത്തല്‍. ജുനൈദിനും മറ്റ് പ്രതികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നസീര്‍ ജയിലില്‍ നിന്നും നല്കിയിരുന്നു. എന്നാല്‍ ഇതെങ്ങനെ പ്രാവര്‍ത്തികമായെന്നത് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.

ജുനൈദ് അടക്കമുള്ള പ്രതികള്‍ 2017-19 ലാണ് നസീറുമായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വെച്ച് ബന്ധം സ്ഥാപിക്കുന്നത്. പ്രതികളെല്ലാവരും 2017ല്‍ ഒരു കൊലക്കേസില്‍ അറസ്റ്റിലായി 18 മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കന്നുകാലി കച്ചവടക്കാരനായിരുന്ന ജുനൈദിനെ 2017-ല്‍ നൂര്‍ മുഹമ്മദ് എന്നയാള്‍ അര്‍ധനഗ്‌നനാക്കി മര്‍ദിച്ചിരുന്നു.

ഇതിന് പ്രതികാരമായി 2017 സപ്തംബറില്‍ ജുനൈദും കൂട്ടാളികളും നൂര്‍ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയി കൊന്നു. തുടര്‍ന്ന് 2019ല്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ നസീറിന്റെ നിര്‍ദേശപ്രകാരം ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ജുനൈദിനെ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ നസീര്‍ സഹായിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നസീറിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നും കൂടുതല്‍ അറസ്റ്റുകള്‍ നടന്നേക്കാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക