ഈശ്വരനെ ആരും കണ്ടിട്ടില്ല. ഈശ്വരന് സര്‍വവ്യാപിയും നിരാകാരനും ആകയാല്‍ കാണപ്പെടാവുന്നതുമല്ല. ഈശ്വരന്റെ പ്രതീകമായി പ്രതിമ ഉണ്ടാക്കിയിരിക്കുന്നത്, മനുഷ്യ ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന ഉല്‍കൃഷ്ട ഭാവനയെയും വിശ്വാസത്തെയും ആ മാദ്ധ്യമത്തോടു ചേര്‍ത്ത് പരബ്രഹ്മത്തെ സങ്കല്പിക്കുക സാമാന്യ ജനങ്ങള്‍ക്കു സാധിക്കുവാന്‍ വേണ്ടിയാണ്. രാഷ്ട്ര പതാകയില്‍ രാഷ്ട്രഭക്തിയുടെ ഭാവന ഉള്‍ക്കൊള്ളിച്ചുകൊണ്ട് അതു പാറിക്കുകയും ഉചിതമായ ബഹുമാനം നല്‍കുകയും ചെയ്യുന്നു. ഇതുപോലെ തന്നെ സര്‍വവ്യാപിയും ന്യായസ്വരൂപവുമായ ശക്തിയെ പ്രതിമയില്‍ കല്പിച്ചു മനോതലത്തില്‍ ഭാവശക്തി വികസിപ്പിച്ച് സല്‍പ്രവൃത്തികളുടെ സമുച്ചയമായ പരബ്രഹ്മത്തോടൊപ്പം ചേരാന്‍ അര്‍ഹനാകുന്നു.
ഭഗവദ്ദര്‍ശനത്തിനു വേണ്ടി ഔത്സുക്യം പൂണ്ട അര്ജുനന്, കാകഭുശുണ്ഡി, യശോദ, കൗസല്യ എന്നിവരുടെ ആഗ്രഹം ഒരു വിധത്തിലും അടങ്ങാതെയും സാകാരദര്ശനത്തിനുള്ള അഭിലാഷം അതേ പടി നില്‍ക്കുകയും ചെയ്തപ്പോള്‍ ഭഗവാന് ഈ വിശാലമായ വിശ്വം തന്നെയാണ് വിരാട ബ്രഹ്മത്തിന്റെ പ്രതിമ എന്ന് കാണിച്ചു. ഈ വിരാട സ്വരൂപദര്‍ശനത്തിന്റെ വിവേചനത്തിലൂടെ ഗീതാകര്ത്താവ്, വിശ്വവ്യാപി ആയ ഉല്‍കൃഷ്ടത തന്നെയാണ് ഉപാസനയ്ക്ക് പറ്റിയ ഈശ്വരീയ ശക്തി എന്ന് അലങ്കാരികമായി ബോദ്ധ്യപ്പെടുത്താനാണ് ശ്രമിച്ചിരിക്കുന്നത്. ഇതിനെ ഈ വിശ്വ ബ്രഹ്മാണ്ഡ സഞ്ചാലകനും നിയന്താവുമായും ധരിക്കാം. ഇതിനെ ശാസ്ത്രീയമായി അനുശാസനം, സന്തുലനം, ആസൂത്രണം എന്നിങ്ങനെയും മനസ്സിലാക്കാം. ഇതിന്റെ അനുഭൂതി ഭാവഭക്തിയിലൂടെ മാത്രമേ സാധ്യമാകൂ. തന്മയവും തദ്രൂപവും ആയെങ്കില്‍ മാത്രമേ അതിനെ പ്രാപിക്കാനാവൂ.
അഗ്നിയുമായി ഏകാത്മത്വം പ്രാപിക്കാന്‍ വേണ്ടി ഇന്ധനത്തിനു ആത്മസമര്‍പ്പണം ചെയ്യുകയും തന്റെ സ്വതന്ത്രമായ അസ്തിത്വത്തെ ഇല്ലാതാക്കി തദ്രൂപമാകാനുള്ള സാഹസം ആര്‍ജിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഈശ്വരനും ജീവാത്മാവും തമ്മില്‍ ചേരാനുള്ള പ്രക്രിയ ഇതാണ്. അരുവിക്ക് നദിയില്‍ വിലയം ചെയ്യേണ്ടി വരുന്നു. ജലത്തിന് പാലില്‍ ലയിക്കുകയും അതിന്റെ സ്വാദും ഗുണവും ഗ്രഹിക്കുകയും ചെയ്യേണ്ടി വരുന്നു. ഭാര്യയും ഭര്‍ത്താവും ഇതേ സമര്‍പ്പണ മനോഭാവം സ്വീകരിച്ചു ദൈ്വതത്തില്‍ അദൈ്വതം എന്ന സ്ഥിതിയിലെത്തുന്നു. മനുഷ്യനില്‍ ദേവത്വം ഉയരുമ്പോള്‍ അവന് ദേവനാകുകയും അവനില്‍ പരമാത്മാവിനെപ്പോലുള്ള വിശാലത ഉയരുമ്പോള്‍ ആത്മാവിന്റെ നില പരമാത്മാവിനെപ്പോലെ ആകുകയും ചെയ്യുന്നു. ഒട്ടേറെ മാറ്റങ്ങള്‍ വരുത്താനുള്ള അലൗകികമായ കഴിവു അവനില്‍ സംസൃഷ്ടമാകുന്നു. ഋഷിമാരെയും സിദ്ധപുരുഷന്മാരെയും ഇതേ കാഴ്ചപ്പാടിലൂടെയാണ് കാണുകയും പരീക്ഷിക്കുകയും ചെയ്യുന്നത്. അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതും ഇതേ അടിസ്ഥാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: