പത്തനംതിട്ട: നഗരത്തില്‍ വാഹന പാര്‍ക്കിങിന് ഇടമില്ല. ഉള്ള സ്ഥലങ്ങള്‍ വഴിയോര കച്ചവടക്കാര്‍ കയ്യടക്കി. ടി.കെ റോഡ്, കെ.എസ്.ആര്.ടി.സി റോഡ്, പൊലീസ് സ്റ്റേഷന് റോഡ് എന്നിവിടങ്ങളില്‍ എല്ലാം വഴിയോര കച്ചവടക്കാരെകൊണ്ട് നിറഞ്ഞിട്ടുണ്ട്. ഇനി ഓണസീസണ് അടുത്തു വരുന്നതോടെ കൂടുതല്‍ കച്ചവടക്കാര്‍ നഗരത്തില്‍ എത്തും. കാല്‍നടയാത്ര പോലും പറ്റാത്ത അവസ്ഥയില്‍ നടപ്പാതകളും കയ്യേറി കച്ചവടമുണ്ട്.
അബാന്‍ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നു റോഡിന്റെ വളരെക്കുറച്ച് ഭാഗം മാത്രമാണ് ഗതാഗതത്തിനായി ഉപയോഗിക്കുന്നത്. ഇവിടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍കഴിയില്ല. നഗരത്തില്‍ വാഹനം നിര്‍ത്തിയിടാന്‍ സ്ഥലമില്ലായ്മ വാഹന യാത്രക്കാരെ എറെ ബുദ്ധിമുട്ടിക്കുന്നു. നോപാര്‍ക്കിംഗ് എരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഉടന്‍ പൊലീസ് എത്തി പെറ്റിയടിക്കുന്നു.
പത്തനംതിട്ട കെ.എസ്.ആര്.ടി.സി-സ്വകാര്യ ബസ് സ്റ്റാന്റുകള്ക്കിടയിലായുള്ള പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്കഴിയാത്ത വിധം കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. പലയിടത്തും നോ പാര്‍ക്കിങ് സൂചികാ ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് കാണാനും കഴിയാത്ത വിധത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. പൈപ്പിടല്‍ പണികള്‍ തുടങ്ങി റോഡ് തുടര്‍ന്നതോടെ ഒരിടത്തും വാഹനം പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥയുമാണ്. അത്യാവശ്യ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് കിലോമീറ്ററുകള്‍ അകലെ എവിടെയെങ്കിലും വാഹനം പാര്‍ക്ക് ചെയ്യേണ്ടിവരുന്നു. പഴയ ബസ് സ്റ്റാന്‍ഡില്‍ പണം നല്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും ഇതിന് കഴിയാറില്ല.
ജനറല്‍ ആശുപത്രിയില്‍ കെട്ടിടം പണി നടക്കുന്നതിനാല്‍ രോഗികളുമായി എത്തുന്നവര്‍ക്ക് വാഹനം നിര്‍ത്തിയിടാന്‍ സ്ഥലമില്ല. ഇക്കാരണത്താല്‍ ആളുകള്‍ വഴിയോരത്ത് വാഹനം നിര്‍ത്തിയിട്ടു പോകുന്നതും പതിവാണ്.ഇങ്ങനെയുള്ള വാഹനങ്ങള്‍ക്കും പിഴ ചുമത്തുന്നുണ്ട്. രോഗികളുമായി എത്തുന്നവരുടെ ബുദ്ധിമുട്ട് ട്രാഫിക് പൊലീസ് മനസ്സിലാക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. ടി.കെ റോഡിലും സെന്‍ട്രല്‍ ജംഗ്ഷന് ഭാഗത്തും ഗതാഗത കുരുക്ക് അതിരൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: